മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആരാധകനാണ്. ഇന്ത്യ സന്ദര്‍ശിക്കുന്ന സമയങ്ങളിലെല്ലാം ഇന്ത്യയുടെ പ്രാദേശിക രുചികള്‍ പരീക്ഷിക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഇത്തവണയും ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രാദേശിക ഭക്ഷണം രുചിക്കുന്നതിലും പുതിയ ആളുകളെ പരിചയപ്പെടുന്നതിലുമായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ ശ്രദ്ധ. 

To advertise here,

ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമൊത്ത് മഹാരാഷ്ട്രയിലെ പ്രാദേശിക വിഭവമായ വടാ പാവ് ആസ്വദിച്ച് കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ജോലിക്കിടയില്‍ ഒരു ലഘുഭക്ഷണ ഇടവേള എന്ന അടിക്കുറിപ്പോടെയാണ് ബില്‍ ഗേറ്റ്‌സ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോയില്‍, ബില്‍ഗേറ്റ്‌സും സച്ചിനും ഒരു ബെഞ്ചിലിരുന്ന് ഒരുമിച്ച് വടാ പാവ് കഴിക്കുന്ന ദൃശ്യങ്ങളാണുള്ളത്. 

ലോകത്തിലെ ഏറ്റവും കഠിനമായ പല പ്രശ്നങ്ങളും ക്രിയേറ്റീവായി കൈകാര്യം ചെയ്യുന്ന ബുദ്ധിമാന്‍മാര്‍ ഇന്ത്യയിലുണ്ടെന്നും അതുകൊണ്ട് ചില പുതിയ ആശയങ്ങള്‍ ലഭിച്ചു എന്നും ഇന്ത്യ സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയ ഒരു ബ്ലോഗില്‍ അദ്ദേഹം കുറിച്ചിരുന്നു. വലിയ ആശയങ്ങള്‍ ഉപയോഗിച്ച് രാജ്യം വലിയ വെല്ലുവിളികളെ എങ്ങനെ നേരിടുന്നുവെന്ന് കാണാന്‍ ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണ് എന്ന് ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റിലും ബില്‍ ഗേറ്റ്‌സ് കുറിച്ചിരുന്നു.

അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ 1997-ല്‍ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. ഇന്ത്യയില്‍നിന്ന് തങ്ങള്‍ ജോലിക്കെടുത്ത ആളുകള്‍ അദ്ഭുതകരമായാണ് പ്രവര്‍ത്തിക്കുന്നത്. അന്നേ ഈ രാജ്യം ഒരു സൂപ്പര്‍ പവറാകുമെന്ന് കരുതിയിരുന്നതായും എന്നാല്‍ ഇന്ത്യയ്ക്ക് ഇത്ര പെട്ടെന്ന് അത് നേടാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.