മുംബൈ: ഇറാൻ-ഇസ്രയേൽ-യു.എസ്. സംഘർഷത്തെത്തുടർന്ന് പാചകവാതകം അടക്കമുള്ള ഇന്ധനവിപണിയിലുണ്ടായ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിന്റെ ജനകീയ ഭക്ഷണമായ വടാപാവും വിലക്കയറ്റത്തിന്റെ ഭീഷണിയിൽ. പാചകവാതകത്തിന്റെ ദൗർലഭ്യംമൂലം അടച്ചിട്ടിരുന്ന വടാപാവ് സ്റ്റാളുകളും വഴിയോര തട്ടുകടകളും ഒരിടവേളയ്ക്കുശേഷം വീണ്ടുംതുറന്നു പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ നിലനില്പിനെ ചോദ്യംചെയ്യുന്ന ഇത്തരമൊരു സാഹചര്യത്തിൽ വടാപാവിന്റെ വിലയിൽ ഗണ്യമായ വർധനയോടെയാണ് പലയിടങ്ങളിലെയും സ്റ്റാളുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്.

To advertise here,

സമീപകാലത്തുണ്ടായ പാചകവാതക ദൗർലഭ്യത്തിനു മുൻപുവരെ നഗരത്തിൽ വിവിധയിടങ്ങളിൽ 15 മുതൽ 18 രൂപയ്ക്കും അതുപോലെ മറ്റിടങ്ങളിൽ 12 മുതൽ 15 രൂപയ്ക്കും ഗ്രാമീണഭാഗങ്ങളിൽ പത്തുമുതൽ 12 രൂപയ്ക്കുമാണ് വടാപാവ് വിൽപ്പന നടത്തിയിരുന്നത്. ഇപ്പോഴും പാചകവാതക സിലിൻഡറുകളുടെ ലഭ്യത പ്രതിസന്ധിയിൽ തന്നെ തുടരുന്നതോടൊപ്പം വടാപാവിനുവേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളായ പാമോയിൽ, കടലമാവ്, ഉരുളക്കിഴങ്ങ്, മസാലകൾ, പാവ് (ലോഫ്) എന്നിവയുടെ വിലകളിലുണ്ടായ വർധനയും കച്ചവടത്തെ പ്രതിസന്ധയിലാക്കുകയാണെന്ന് മുംബൈ സി.എസ്.എം.ടി.യിലെ സെയ്ന്റ് ജോർജ് ഹോസ്പിറ്റൽ റോഡിൽ വടാപാവ് കച്ചവടം നടത്തുന്ന അമീൻ ഷെയ്ക്ക് പറഞ്ഞു.

ഇതിനുമുമ്പ് 22 രൂപക്ക് വിറ്റിരുന്ന വടാപാവ് 30 രൂപയ്ക്കാണ് വിൽക്കുന്നത്. ദാദർ പരിസരങ്ങളിൽ ഇപ്പോൾ വടാപാവിന് 30 മുതൽ 35 രൂപയാണ് വില. മുമ്പ് ഈ പരിസരത്ത് 25-നും 30-നും ഇടയിലാണ് വടാപാവ് ലഭിച്ചിരുന്നത്. വിക്രോളി, ഘാട്ട്‌കോപ്പർ സ്റ്റേഷൻ പരിസരങ്ങളിൽ 25 രൂപയാണ് വടാപാവിന്റെ ഇപ്പോഴത്തെ വില. മുമ്പിവിടെ 18 മുതൽ 20 രൂപക്കുവരെ വടാപാവ് ലഭിക്കുമായിരുന്നു. മുളുണ്ട് പരിസരങ്ങളിൽ ഇപ്പോൾ 30 മുതൽ 35 രൂപക്ക് വടാപാവ് ലഭിക്കുന്ന ഇടങ്ങളുണ്ട്. താനെയിൽ സാധാരണ വടാപാവ് 15 മുതൽ 20 രൂപക്കുവരെ വിൽക്കുമ്പോൾ പലതരം അലങ്കാരങ്ങളോടെ 40 രൂപ വിലയുള്ള വടാപാവും ചിലയിടങ്ങളിൽ ലഭ്യമാണ്. കല്യാൺ -ഡോംബിവ്ലി പരിസരങ്ങളിൽ 12 മുതൽ 15 രൂപവരെ വിലയുണ്ടായിരുന്ന വടാപാവിന്റെ വില ഇപ്പോൾ 15 മുതൽ 20 രൂപവരെയായിട്ടുണ്ട്.

ഇന്ത്യൻ ബർഗർ എന്നും ഇന്ത്യൻ സാൻഡ്വിച്ച് എന്നും വിദേശികൾ വിളിക്കുന്ന വടാപാവിന് കഴിഞ്ഞ കൊല്ലം മാർച്ചിൽ ലോകത്തിലെ ഏറ്റവും മികച്ച അൻപത് സാൻഡ്വിച്ച് ഇനങ്ങളിൽ പതിമൂന്നാംസ്ഥാനം ലഭിച്ചിരുന്നു.

വടാപാവ് ഇല്ലാത്ത മുംബൈ നഗരത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയില്ലെന്നുള്ളത് ഒരു വാസ്തവംതന്നെ. അതിനാൽതന്നെയാണ് വടാപാവ് മുംബൈ നഗരത്തിന്റെ ജനകീയഭക്ഷണമായിത്തീരുന്നത്. ഏറ്റവും കുറഞ്ഞവിലയ്ക്ക് നഗരത്തിന്റെ ഏതൊരു മുക്കിലും മൂലയിലുമുള്ള തട്ടുകടകളിൽ ലഭിക്കുന്ന വടാപാവ് സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിലുള്ളവർ മുതൽ എല്ലാതരം ആൾക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിശിഷ്ടഭോജ്യമാണിന്ന്. വടാപാവിന്റെ ഇന്നത്തെ വില 30 രൂപയിൽ എത്തിനിൽക്കുമ്പോൾ അത് വടാപാവിന്റെ സ്ഥിരം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു വലിയ വർധനതന്നെയാണെന്ന് ഉല്ലാസ്നഗറിൽ വടാപാവ് കച്ചവടം നടത്തുന്ന നരേന്ദ്ര ചോയ്താരാമാനി പറയുന്നു.