ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരുപാട് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അതുപോലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

To advertise here,

ബെംഗളൂരു സ്വദേശിയായ പങ്കജ് ഹുരിയ എന്ന യുവാവാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള തന്റെ യാത്രാദുരിതത്തെ കുറിച്ചാണ് യുവാവ് വീഡിയോയിൽ പറയുന്നത്. 6.5 കിലോമീറ്റർ ദൂരമാണ് വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ളതെന്നും ഒരു മണിക്കൂറാണ് ഇതിന് ചെലവഴിച്ചതെന്നും പങ്കജ് പറയുന്നു.

'രാവിലെ 9.15-നാണ് വീട്ടിൽ നിന്നിറങ്ങിയത്. വെറും 6.5 കിലോമീറ്റർ ദൂരമാണ് ഓഫീസിലേക്കുള്ളത്. അര മണിക്കൂറിലധികം റോഡിൽ ചെലവഴിച്ചിട്ടും ഓഫീസിലേക്ക് എത്താനായില്ല. അവിടെ എത്താൻ 10.16 ആകുമെന്നാണ് ഗൂഗിൾ മാപ്പ് കാണിക്കുന്നത്. ഇനിയും 4.4 കിലോമീറ്റർ ദൂരം ബാക്കിയുണ്ട്.'-തന്റെ കാറിലെ ഗൂഗിൾ മാപ്പ് കാണിച്ചുകൊണ്ട് പങ്കജ് പറയുന്നു.

'ഇതാണ് ബെംഗളൂരുവിലെ യാഥാർഥ്യം' എന്ന് വീഡിയോയിൽ യുവാവ് കുറിച്ചിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒട്ടേറെപ്പേരാണ് ഇതിന് താഴെ കമന്റ് ചെയ്തത്. ഡൽഹിയിലും സമാനമായ അവസ്ഥയാണെന്നും ഇത്രയും ദൂരത്തിന് 45 മിനിറ്റിൽ അധികം എടുക്കാറുണ്ടെന്നും ചിലർ കുറിച്ചു. കാറിന് പകരം ബൈക്കോ സ്‌കൂട്ടറോ ഉപയോഗിക്കുന്നതാണ് നല്ലതെന്നും കമന്റുകളുണ്ട്.