
മെട്രോ യാത്രകൾ തിരക്കേറിയതോ സാധനങ്ങൾ കളവുപോകുന്നതോ മോശം പെരുമാറ്റങ്ങളുണ്ടാകുന്നതോ ആയ ഒന്നല്ലെന്ന് ഓർമിപ്പിക്കുന്ന ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ബെംഗുളൂരുവിലെ മെട്രോ യാത്രയ്ക്കിടെ യുവതിക്കുണ്ടായ അനുഭവം റിതു ജൂൺ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്.
മെട്രോയിൽ യാത്ര ചെയ്യവെ തന്റെ സമീപമിരുന്ന ഒരു പെൺകുട്ടി അണിഞ്ഞിരുന്ന സ്വർണനിറമുള്ള വള യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. വളയുടെ ഡിസൈൻ അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ അതുപോലെയൊന്ന് നിർമിക്കാനായി അതിന്റെ ചിത്രം പകർത്തട്ടെ എന്ന് ചോദിച്ചപ്പോൾ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളയൂരി പെൺകുട്ടി യുവതിക്ക് നൽകി.
അത് സ്വർണമാണെന്ന് തെറ്റിദ്ധരിച്ച യുവതി, പെൺകുട്ടിയുടെ ഊഷ്മളവും അപ്രതീക്ഷിതമായ പ്രവൃത്തിയിൽ ഞെട്ടിപ്പോയി. അത് സ്വർണമല്ലെന്ന് പെൺകുട്ടി യുവതിയോട് പറഞ്ഞു. എല്ലാ മെട്രോ യാത്രകളും മോശമല്ല എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
“ഒരു ദിവസം മെട്രോയിൽ യാത്ര ചെയ്യുമ്പോൾ, സമീപമിരുന്ന പെൺകുട്ടി അണിഞ്ഞിരുന്ന സ്വർണ വള എന്റെ ശ്രദ്ധയിൽപ്പെട്ടു. ആ വള ഇഷ്ടപ്പെട്ടതിനാൽ അതുപോലൊന്ന് നിർമിക്കാൻ സ്വർണപ്പണിക്കാരനെ കാണിക്കാനായി ഒരു ചിത്രം എടുത്തോട്ടേ എന്ന് ഞാനവരോട് ചോദിച്ചു.
എന്നാൽ ചിത്രമെടുക്കാൻ അനുവദിക്കുന്നതിന് പകരം സ്വർണപ്പണിക്കാരന് വളയുടെ ഡിസൈൻ നന്നായി മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് ആ വളയൂരി പെൺകുട്ടി എനിക്ക് തന്നു. അപ്രതീക്ഷിതമായ ഈ പ്രവൃത്തി കണ്ട് ഞാൻ ഞെട്ടിപ്പോയി. അപ്പോൾ അത് സ്വർണവളയല്ലെന്ന് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ ദയാവായ്‌പോടെയുള്ള പ്രവൃത്തിയുടെ ഓർമയ്ക്കായി ഞാൻ ആ വള കൈയിൽത്തന്നെ സൂക്ഷിച്ചു. എല്ലാ മെട്രോ കഥകളും മോശമായവയല്ല, ചിലതെല്ലാം വളരെ മനോഹരമാണ്.”
ആ നിമിഷം തന്നെ എത്രത്തോളം അത്ഭുതപ്പെടുത്തിയെന്നും പെൺകുട്ടിയുടെ ലാളിത്യവും സത്യസന്ധതയും ഊഷ്മളതയും തന്റെ ഹൃദയത്തെ എങ്ങനെ സ്പർശിച്ചു എന്നും യുവതി എക്‌സിൽ കുറിച്ചു.
കുറിപ്പ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയതോടെ ഒട്ടേറെപ്പേരാണ് കമന്റുകളുമായെത്തിയത്. ഒരുപാടുപേർ പെൺകുട്ടിയുടെ പ്രവൃത്തിയെ പ്രശംസിച്ചു. 'ഈ പോസ്റ്റ് മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചുവെന്നും ആ പെൺകുട്ടി വളരെ ദയയുള്ള വ്യക്തിയാണെന്നുമെല്ലാം കമന്റുകളുണ്ട്.
Content Highlights: A heartwarming Bengaluru Metro journey where a girl`s unexpected trust and a thoughtful gesture with a bangle touched many online. Discover this story of kindness.
Published: 16 Jan 2026, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented