ബെംഗളൂരുവിലെ ഒരു ഐടി കമ്പനി നൽകിയ ജോലി വാഗ്ദാനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. വെറും ഒരു വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥന് നൽകുന്ന വമ്പിച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ചർച്ചകൾക്കു പിന്നിൽ. 

To advertise here,

25 ലക്ഷം രൂപ വാർഷിക ശമ്പളവും മറ്റ് ഒട്ടേറെ ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏത് കമ്പനിയാണെന്നത് മറച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ശമ്പളത്തിന് പുറമെ 20 ലക്ഷം രൂപയുടെ ഇസോപ്പുകൾ (എംപ്ലോയി സ്റ്റോക് ഓൺർഷിപ്പ് പ്ലാൻ), താമസസൗകര്യം മാറുന്നതിനും ജോലിയിൽ പ്രവേശിക്കുന്നതിനുമുള്ള ആനുകൂല്യങ്ങൾ, ജിം മെമ്പർഷിപ്പ്, വൈഫൈ-ഫോൺ ബില്ലുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി 21,000 രൂപയുടെ അലവൻസും മൂന്ന് വർഷത്തിലൊരിക്കൽ പുതിയ സ്മാർട്ട്ഫോണും ദിവസേന 600 രൂപയുടെ സൊമാറ്റോ ക്രെഡിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ വർഷം ഏകദേശം 35 ലക്ഷം രൂപയോളം ആകെ വരുമാനം ലഭിക്കുന്ന ഈ ഓഫർ ലെറ്റർ എൻജിനൈർഡ് എന്ന എക്സ് ഉപഭോക്താവാണ് പങ്കുവെച്ചത്.

 

ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുമ്പോൾ തന്നെ തുടക്കക്കാർക്ക് ഇത്രയും ഉയർന്ന ശമ്പളം നൽകുന്നതിലെ വൈരുദ്ധ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. കമ്പനിയിൽ അഞ്ച് മുതൽ എട്ട് വർഷം വരെ പരിചയമുള്ള മുതിർന്ന ജീവനക്കാർക്ക് ലഭിക്കുന്നതിനേക്കാൾ വലിയ തുകയാണ് പുതിയ ഉദ്യോഗസ്ഥന് ലഭിക്കുന്നതെന്നും ഇത് ഐടി മേഖലയിലെ ശമ്പള ഘടന തകർന്നതിന്റെ സൂചനയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.