കണ്ണ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലെത്തിയ ദമ്പതികൾക്കുണ്ടായത് വിചിത്രമായ അനുഭവം. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴുള്ള അനുഭവമാണ് 'r/bangalore' എന്ന റെഡ്ഡിറ്റ് കമ്യൂണിറ്റിയില് യുവാവ് പങ്കുവെച്ചത്. ലളിതമായ ഒരു കണ്ണ് പരിശോധന എങ്ങനെയാണ് അരോചകവും അനാവശ്യവുമായ സംഭാഷണമായി മാറിയത് എന്നതാണ് യുവാവ് കുറിച്ചത്.
എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഒഫ്താല്മിക് ടെക്നീഷ്യന് പരിശോധന തുടങ്ങിയതെന്ന് യുവാവ് പറയുന്നു. സ്ക്രീന് ടൈം കാരണം തനിക്ക് ഐടി ജോലി തുടരാന് കഴിയില്ലെന്ന് അയാള് പറഞ്ഞു. തന്റെ ജീവന്തന്നെ അപകടത്തിലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അയാള് സംസാരിച്ചതെന്നും യുവാവ് കുറിപ്പില് പറയുന്നു. 'ഞാന് ദിവസവും ജോലിയുടെ ഭാഗമായി 10 മണിക്കൂര് സ്ക്രീനില് ചെലവഴിക്കുന്ന വ്യക്തിയാണ്. അയാള് അടിസ്ഥാനമില്ലാത്ത രീതിയില് ഭീതി പരത്തുകയാണെന്നാണ് എനിക്ക് തോന്നിയത്.'-യുവാവ് കുറിച്ചു.
എന്നാല് അതിനുശേഷം ടെക്നീഷ്യന് തങ്ങളുടെ വ്യക്തിജീവിതത്തെ പരാമര്ശിക്കുന്ന തരത്തില് സംസാരിച്ചുവെന്നും അത് സ്ഥിതി കൂടുതല് വഷളാക്കിയെന്നും യുവാവ് കൂട്ടിച്ചേര്ക്കുന്നു. 'ഭാര്യയുടെ പരിശോധനയ്ക്കിടെ അയാള് എന്നെ മുറിയിലേക്ക് വിളിച്ചു. 'വിവാഹം കഴിക്കാന് താരുമാനിക്കുന്നതിന് മുമ്പ് ആരേയും സമീപിച്ചിരുന്നില്ലേ എന്നും ഹ്രസ്വദൃഷ്ടിയുള്ള രണ്ട് പേര് വിവാഹം കഴിക്കാന് പാടില്ലെന്നും അയാള് പറഞ്ഞു. ഞങ്ങള്ക്കുണ്ടാകുന്ന കുട്ടികള്ക്ക് പ്രശ്നങ്ങളുണ്ടാകുമെന്നും ഗര്ഭം ധരിക്കുന്നതിന് മുമ്പ് ആലോചിച്ച് ഒരു ഡോക്ടറേ കാണൂ എന്നും അയാള് ഉപദേശിച്ചു.'-യുവാവ് റെഡ്ഡിറ്റില് കുറിച്ചു.
തങ്ങള് ഒരു സാധാരണയായുള്ള ആരോഗ്യ പരിശോധനയ്ക്കാണ് പോയതെന്നും ഒരു ഡോക്ടറും വിവാഹം കഴിക്കുന്നതിനെ കുറിച്ചോ കുട്ടികളുണ്ടാകുന്നതിനെ കുറിച്ചോ കുറ്റബോധം തോന്നുന്ന രീതിയില് സംസാരിക്കരുതെന്നും യുവാവ് കുറിച്ചു. ആശുപത്രികള് ഇക്കാര്യങ്ങളില് കൂടുതല് ശ്രദ്ധിക്കണമെന്നും രോഗികളോട് ഇത്തരത്തില് പെരുമാറാന് പാടില്ലെന്നും യുവാവ് പോസ്റ്റില് പറയുന്നുണ്ട്. ഇത് ചര്ച്ചയായതോടെ ആശുപത്രി അധികൃതര് യുവാവിനെ ബന്ധപ്പെടുകയും ക്ഷമ ചോദിക്കുകയും പോസ്റ്റ് കളയാന് അപേക്ഷിക്കുകയും ചെയ്തുവെന്നും യുവാവ് പറയുന്നു.
Content Highlights: bengaluru couple stunned as eye doctor links myopia to marriage and children
Published: 13 Jul 2025, 08:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented