മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. സ്ക്രീൻ അഡിക്ഷൻ പല രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നീ പ്രശ്നങ്ങൾക്ക് ഒരുതരത്തിൽ സ്ക്രീൻ കാരണമായേക്കാമെന്ന് നേരത്തെ കണ്ടെത്തലുകളുണ്ട്. ഇപ്പോഴിതാ, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യമായ നടപടികളുണ്ടായിട്ടില്ലെങ്കിൽ 2050-ഓടെ ഇന്ത്യയിലെ കുട്ടികളിൽ 50 ശതമാനം പേർക്ക് വരെ ഹ്രസ്വദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര നാഗ്പുരിൽ നടന്ന ഒരു ബോധവത്ക്കരണ പരിപാടിക്കിടെ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റി ഒഫ്താൽമോളജിസ്റ്റ്സ് ഓഫ് ഇന്ത്യയിലെ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതശൈലി രോഗങ്ങൾ കാരണം ഇത്തരം കേസുകളിൽ വലിയതോതിൽ വർധനവുണ്ടെന്നാണ് നേത്രരോഗവിദഗ്ദ്ധർ പറയുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ ഏകദേശം 23 ശതമാനം പേർക്ക് ഹ്രസ്വദൃഷ്ടിയുണ്ട്. ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ണുകളുടെ സ്വാഭാവിക വളർച്ചാപ്രക്രിയയെ തടസ്സപ്പെടുത്തുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഐ ബോളിന്റെ നീളം കൂടുന്നതിനും പ്രകാശം റെറ്റിനയിൽ നേരിട്ട് പതിക്കുന്നതിന് പകരം അതിന് മുന്നിൽ കേന്ദ്രീകരിക്കാനും ഇടയാക്കുന്നു. ഇതോടെ, ദൂരക്കാഴ്ച മങ്ങുന്നതിനുള്ള സാധ്യത വർധിക്കും.
കുട്ടികൾ ദീർഘനേരം സ്ക്രീനിനുമുന്നിലിരിക്കുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്
- ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പഠനം പോലെയുള്ള അത്യാവശ്യ കാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തുക. വിനോദത്തിനായി മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കുട്ടികൾ പുറത്ത് കളിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- വായന, പഠനം എന്നിങ്ങനെ കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾക്ക് അത് ഒഴിവാക്കുന്നതിന് മതിയായ വെളിച്ചം ഉറപ്പുവരുത്തുക.
- കാഴ്ചയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തുക.
- ആവശ്യത്തിന് ഉറക്കം, പോഷകസമ്പന്നമായ ഭക്ഷണരീതി എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക.
Content Highlights: Screen Time & Kids` Eyesight: A Growing Concern
Published: 03 May 2025, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented