ഗ്രാന്‍ഡ്സ്ലാമുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വിജയിയാണ് (പുരുഷ വിഭാഗം) രോഹന്‍ ബൊപ്പണ്ണ. കഴിഞ്ഞ ദിവസം തന്റെ 43-ാം വയസ്സില്‍ ബൊപ്പണ്ണ ഓസട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു. ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടം കൂടിയാണിത്.

To advertise here,

റോഡ് ലാവെര്‍ അറീനയില്‍ നടന്ന ഫൈനലിന് ശേഷം തന്റെ ഭാര്യ സുപ്രിയ അണ്ണയ്യയ്ക്കാണ് വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ബൊപ്പണ്ണ നല്‍കിയത്. 'എനിക്ക് എല്ലാവിധ പിന്തുണയും സ്‌നേഹവും നല്‍കിയതിന് ഭാര്യ സുപ്രിയയോടും മകള്‍ ത്രിദ്ദയോടും നന്ദി പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സുപ്രിയയ്ക്ക് ഒരു വീഡിയോ മെസ്സേജ് അയച്ചിരുന്നു. ഞാന്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണെന്ന് പറഞ്ഞ് അയച്ചതായിരുന്നു ആ മെസ്സേജ്. ഞാന്‍ ഒരു മത്സരവും ആ സമയത്ത് വിജയിക്കാറില്ലായിരുന്നു. അഞ്ച് മാസത്തിനിടയ്ക്ക് ഒരൊറ്റ വിജയം പോലുമുണ്ടായിട്ടില്ല. എന്റെ കരിയറിന്റെ അവസനമാണ് അതെന്ന് ഞാന്‍ കരുതി. നിരാശയുടെ മാത്രം കാലമായിരുന്നു അത്. എന്റെയുള്ളിലെ സ്ഥിരോത്സാഹം എന്നെ മുന്നോട്ടുനയിച്ചു. എന്റെ ജീവിതപങ്കാളി എനിക്ക് പ്രചോദനം നല്‍കി. കുറേ കാര്യങ്ങളും ചിന്തകളും മാറ്റി.'- ബൊപ്പണ്ണ പറയുന്നു.

നേരത്തെ ഇഎസ്പിഎന്നിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സുപ്രിയ നല്‍കിയ പ്രചോദനത്തെ കുറിച്ച് ബൊപ്പണ്ണ മനസ് തുറക്കുന്നുണ്ട്. 'പരിമിതികള്‍ അവസരങ്ങളാക്കി മാറ്റുമ്പോള്‍ എല്ലാ കാര്യങ്ങളും മാറുന്നുവെന്ന് ഒരിക്കല്‍ ഭാര്യ എന്നോട് പറഞ്ഞു. 25-ാം വയസില്‍ ഇത് സംഭവിക്കണം, 30-ാം വയസില്‍ ഇത് സംഭവിക്കണം, 40-ാം വയസില്‍ ഇത് സംഭവിക്കണം എന്നെല്ലാം ഞങ്ങള്‍ പറയാറുണ്ടായിരുന്നു. അത് സ്‌പോര്‍ട്‌സ് ആയാലും ജീവിതമായാലും, വിവാഹമായാലും കുട്ടികളായാലും, എന്തുമാകട്ടെ നമ്മളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അവസരങ്ങളുണ്ടാക്കിയെടുക്കുമ്പോള്‍ പരിമിതികളെല്ലാം ഇല്ലാതാകും'- ബൊപ്പണ്ണ പറയുന്നു.