താമരശ്ശേരി: സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ജോലിക്കു വേണ്ടിയുള്ള കാത്തിരിപ്പ് വര്‍ഷങ്ങള്‍ നീണ്ടതോടെ ഏഷ്യന്‍ പാരാഗെയിംസില്‍ നേടിയ വെള്ളിമെഡല്‍ ഒരുഘട്ടത്തില്‍ വില്‍ക്കാന്‍വരെ തയ്യാറായ കാഴ്ചപരിമിതനായ ചെസ് താരത്തിന് ഒടുവില്‍ സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം. ജന്മനാ കാഴ്ചയില്ലാതിരുന്നിട്ടും ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളി നേടിയ പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ വീട്ടില്‍ പി.കെ. മുഹമ്മദ് സാലിഹ് (40) ആണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. മുഹമ്മദ് സാലിഹിന്റെ നീളുന്ന കാത്തിരിപ്പ് സംബന്ധിച്ച് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

To advertise here,

തിങ്കളാഴ്ച തിരുവനന്തപുരം പട്ടത്തെ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ അസിസ്റ്റന്റായായിരുന്നു സര്‍വീസ് പ്രവേശനം. ശാരീരിക പരിമിതി ശ്രദ്ധയില്‍പ്പെടുത്തി അപേക്ഷിച്ചതോടെ നിയമനം ജന്മനാട്ടിലേക്കുതന്നെ മാറ്റികിട്ടി. കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസില്‍ അസിസ്റ്റന്റായാണ് ട്രാന്‍സ്ഫര്‍. വ്യാഴാഴ്ച രാവിലെ ജില്ലാ പി.എസ്.സി. ഓഫീസര്‍ മുന്‍പാകെ ഹാജരായി മുഹമ്മദ് സാലിഹ് ചുമതലയേല്‍ക്കും.

കാഴ്ചയുള്ളവരോട് മത്സരിച്ച് ക്ലാസിക്കല്‍ ആന്‍ഡ് റാപ്പിഡ് ചെസില്‍ ഫിഡെ റേറ്റിങ് നേടിയ കാഴ്ചശക്തി തീരെയില്ലാത്ത പ്രഥമ മലയാളി താരമാണ് മുഹമ്മദ് സാലിഹ്. കേരള ബ്ലൈന്‍ഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ മൂന്നുതവണ ചാമ്പ്യനായ ഈ ഇംഗ്ലീഷ് ബിരുദധാരിയായിരുന്നു 2009ല്‍ ദേശീയ ബ്ലൈന്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പായപ്പോള്‍ ടീം ക്യാപ്റ്റന്‍. 

2018 ഒക്ടോബറില്‍ ഇന്‍ഡോനീഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ പാര ഗെയിംസില്‍ കാഴ്ചശക്തിയില്ലാത്ത പുരുഷന്‍മാരുടെ ടീം റാപ്പിഡ് ബി വണ്‍ ചെസില്‍ ഒഡിഷതാരം പ്രചുര്യ പ്രധാനൊപ്പം സാലിഹ് വെള്ളിമെഡല്‍ പങ്കിടുകയായിരുന്നു. ഏഷ്യന്‍ പാരാഗെയിംസിലെ ഉജ്ജ്വല നേട്ടത്തെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍ സമ്മാനിച്ച 15 ലക്ഷം രൂപവീതം കാഷ് പ്രൈസ് കൊണ്ടാണ് കൊട്ടാരക്കോത്ത് സ്ഥലംവാങ്ങിയതും അതുവരെയുണ്ടായിരുന്ന ബാധ്യതകളെല്ലാം വീട്ടിയതും. പിന്നീട് സുമനസ്സുകളും സംഘടനകളുമാണ് അടച്ചുറപ്പുള്ളൊരു വീടൊരുക്കി നല്‍കിയത്.