രാധകനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പ്രമുഖ ബ്രിട്ടീഷ്-അമേരിക്കൻ സംഗീതജ്ഞയും സിത്താർ വാദകയുമായ അനൗഷ്‌കാ ശങ്കർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനൗഷ്‌ക ഇക്കാര്യം പറഞ്ഞത്. സംഗീതപരിപാടി കഴിഞ്ഞ് ആരാധകർക്കരികിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായ സംഭവമുണ്ടായതെന്ന് അവർ പറഞ്ഞു.

To advertise here,

'കഴിഞ്ഞ വാരാന്ത്യത്തിൽ ഒരാൾ എന്റെ അനുവാദമില്ലാതെ എന്നെ എടുത്തുയർത്തി. അയാൾ എന്നോട് അനുവാദം ചോദിച്ചു, പക്ഷേ എന്റെ മറുപടി കേൾക്കാൻ കാത്തുനിൽക്കാതെ അയാൾ എന്നെ ഉയർത്തുകയായിരുന്നു. ഒരു അപരിചിതന്റെ 'കരടിയുടേത് പോലുള്ള' ആലിംഗനമായിരുന്നു അത്. എന്റെ കാലുകൾ വായുവിൽ തൂങ്ങിനിൽക്കുകയായിരുന്നു. അന്നത്തെ ഷോയ്ക്ക് ശേഷം ആരാധകരെ കാണാനെത്തിയതായിരുന്നു ഞാൻ. വളരെ പെട്ടെന്നാണ് ഇതെല്ലാം നടന്നത്. ഞാൻ ചിരിച്ചുകൊണ്ടുതന്നെ അയാളോട് എന്നെ താഴെ നിർത്താൻ ആവശ്യപ്പെട്ടു. അയാൾ കൊണ്ടുവന്ന പോസ്റ്ററിൽ ഞാൻ ഓട്ടോഗ്രാഫ് നൽകുകയും പുഞ്ചിരിക്കുകയും കൈവീശുകയും ചെയ്തു.' -അനൗഷ്‌കാ ശങ്കർ പറഞ്ഞു.

'പിന്നീട് ഈ സംഭവം മറ്റുള്ളവരോട് പങ്കുവെച്ചപ്പോൾ, അയാൾക്ക് ദുരുദ്ദേശമൊന്നുമില്ലായിരുന്നുവെന്നും അമിതാവേശത്താൽ ഒന്നും ആലോചിക്കാതെ ചെയ്തതാണെന്നും ഞാൻ പറഞ്ഞു. അത് സത്യമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എന്റെ അനുഭവം കേട്ട് എന്നേക്കാൾ മറ്റുള്ളവരാണ് നടുങ്ങിയതും അസ്വസ്ഥരായതും. ഇത് എന്നെ അതിശയിപ്പിച്ചു.' -അനൗഷ്‌ക പറഞ്ഞു. എന്നാൽ, പിന്നീട് ആ അനുഭവം തന്നെ വൈകാരികമായി ബാധിച്ചുതുടങ്ങിയെന്നും താരം പറഞ്ഞു.

'ദിവസങ്ങൾക്ക് ശേഷം ഞാൻ യാഥാർഥ്യം തിരിച്ചറിഞ്ഞു. എന്റെ വ്യക്തിപരമായ അതിരുകൾ ഭേദിക്കുന്ന ഒരാളോട് ആ സമയം ശരിയായി എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന് ഞാൻ മനസിലാക്കി. അയാൾ മോശം ഉദ്ദേശത്തോടെയല്ല അത് ചെയ്തത് എന്ന് കരുതി എനിക്കുണ്ടായ അസ്വസ്ഥതയെ ഞാൻ അവഗണിച്ചു.'

'ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ നാണക്കേടും നിരാശയുമുണ്ടാകാം. ഒരിക്കലും അവസാനിക്കാത്ത ഇത്തരം ചെറുതും സങ്കീർണവുമായ പ്രശ്‌നങ്ങളുമായി എങ്ങനെയാണ് എനിക്ക് പോരാടാൻ കഴിയുക? അതുണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഒരുപരിധിവരെ പുറത്തുവരാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഏതെങ്കിലും ഒരു നിമിഷം മതി, എനിക്കുള്ളിൽ മറഞ്ഞിരിക്കുന്ന മുറിവുകൾ പുറത്തുവരാൻ. അതിനൊപ്പം കുട്ടിക്കാലത്തെ ഒരുകൂട്ടം ഓർമകൾ കൂടി ഉയർന്നുവരികയും മാഞ്ഞ് പോകുകയും ചെയ്യുന്നു.'

'ഇനി പറയുന്ന കാര്യങ്ങൾ പറയാനാണ് ഞാൻ ഇതെല്ലാം പങ്കുവെച്ചത്: എന്നെ പോലെ നിങ്ങളും ഇത്തരം അനുഭവങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ദയവായി സാവധാനം മുന്നോട്ട് പോകുക (സ്വയം ഉൾക്കൊള്ളുന്നതിനേക്കാൾ മറ്റുള്ളവരോട് ഇത് ഉപദേശിക്കുന്നതാണ് എളുപ്പമെന്ന് എനിക്കറിയാം). ഇത്തരം മുറിവുകളിൽ നിന്നുള്ള മോചനത്തിലേക്ക് ഒരിക്കലും എളുപ്പവഴിയില്ല. ഒരുനിമിഷം നിങ്ങൾക്ക് നിങ്ങളുടെ ശബ്ദം നഷ്ടമായെന്ന് തോന്നുകയാണെങ്കിൽ അത് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ടെന്ന് ഓർക്കുക. നമ്മുടെ ശരീരം, വികാരങ്ങൾ, ഇവയെ നമ്മുടെ മനസ് എങ്ങനെ വായിച്ചെടുക്കുന്നു എന്നിവയ്ക്കിടയിലൊരു വിടവുണ്ട്. നമ്മൾ ഭൂതകാലത്തിൽ നിന്ന് മുന്നോട്ട് പോകുന്ന ഓരോ നിമിഷത്തിലും ആ അകലം കുറയുകയാണ്.' -അനൗഷ്‌കാ ശങ്കർ കുറിപ്പ് അവസാനിപ്പിച്ചു.