മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് അതിഥികള്‍ക്കായി ഒരുക്കിയത് വെജിറ്റേറിയന്‍ ഭക്ഷണം. ഒരു നില മുഴുവനായി ഭക്ഷണപ്പന്തല്‍ കെട്ടിയ അംബാനി കുടുംബം വിളമ്പിയത് 2500 വിഭവങ്ങളാണ്. 

To advertise here,

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷണങ്ങളാണ് ഓരോ സ്റ്റാളിലും ഒരുക്കിയിരുന്നത്. 'കേളി ടെയ്ല്‍സ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിവാഹ വേദിയെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും വിശദമായി പറയുന്നത്.  

ഒരു സ്റ്റാളില്‍ ബനാറസ് ഛാട്ട് വിഭവങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ടമാട്ടാര്‍ ഛാട്ട്, പാലക് പട്ടാ ഛാട്ട്, ടിക്കി ചോലെ എന്നിവയെല്ലാം ഈ സ്റ്റാളില്‍ നിന്ന് ലഭിക്കും. ബനാറസി പാനിനായും ഒരു പ്രത്യേക സ്റ്റാളുണ്ടായിരുന്നു.

വേദിയിലേക്ക് പ്രവേശിക്കാന്‍ വ്യത്യസ്ത ഭാഗങ്ങളിലാണ് 20 ഗെയ്റ്റുകള്‍ ക്രമീകരിച്ചിരുന്നു. ഇതില്‍ 11-ാം നമ്പര്‍ ഗേറ്റ് സെലിബ്രിറ്റികള്‍ക്ക് മാത്രമായാണ് ഒരുക്കിയിരുന്നത്. ഫോട്ടോ സെഷന് ശേഷം വേദിയിലെത്താന്‍ അതിഥികള്‍ക്കായി ഗോള്‍ഫ് കാര്‍ട്ടും തയ്യാറാക്കിയിരുന്നു. 

'കേളി ടെയ്ല്‍സി'ന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഗുജറാത്തികളായതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് വിവാഹത്തിന് നല്‍കുകയെന്നും അതിനാലാണ് നോണ്‍ വെജ് വിളമ്പാത്തതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. നോണ്‍ വെജ് ഇല്ലാത്ത വിവാഹത്തിന് പോയിട്ട് എന്തു കാര്യം എന്നാണ് മറ്റൊരു കമന്റ്. വെജിറ്റേറിയന്‍കാര്‍ എന്ത് കഴിക്കുമെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ രണ്ടായിരത്തില്‍ അധികം വിഭവമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

അംബാനി കുടുംബാംഗങ്ങളെല്ലാം വെജിറ്റേറിയന്‍ ആണെന്ന് നേരത്ത ഒരു അഭിമുഖത്തില്‍ മുകേഷ് അംബാനി പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ വിദേശയാത്രക്കിടയില്‍ മുട്ട കഴിക്കേണ്ടി വന്നിട്ടുണ്ടെന്നും ആകെ കഴിച്ച നോണ്‍ വെജ് ആഹാരം അതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.