ബോളിവുഡിലും കോളിവുഡിലുമെല്ലാം അഭിനയിച്ച് ഏറെ ആരാധകരെ നേടിയ താരമാണ് ജെനീലിയ ഡിസൂസ. തന്റെ ജീവിതത്തെ രൂപപ്പെടുത്തുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് താരം പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്.

To advertise here,

ഇപ്പോഴിതാ താൻ പൂർണമായും സസ്യാഹാരി(Vegen) ആയി മാറിയതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് നടി. സോഹ അലി ഖാനുമായി അടുത്തിടെ നടത്തിയ പോഡ്കാസ്റ്റിലാണ് തന്റെ ഭക്ഷണരീതികളെ സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ച് നടി തുറന്നുപറഞ്ഞത്.

2017-ൽ താൻ മാംസാഹാരം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നെന്നും പിന്നീട് കോവിഡ് മഹാമാരിയുടെ സമയത്ത് സസ്യാഹാരിയായി മാറിയെന്നും നടി വ്യക്തമാക്കി.

‘2017-ലാണ് ഞാൻ മാംസാഹാരം ഉപേക്ഷിച്ചത്. എങ്കിലും പാൽ, ചീസ്, മുട്ട എന്നിവ കഴിക്കുന്നത് തുടർന്നു. വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയതിന് പിന്നിൽ വ്യക്തിപരവും ആരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമായ കാരണങ്ങളാണ്’, ജെനീലിയ പറഞ്ഞു.

'നിങ്ങൾ ഒരു ആത്മീയ തലത്തിലെത്തും എന്നാണ് ആളുകൾ പറയുന്നത്, അതാണ് തുടക്കത്തിൽ എനിക്കും സംഭവിച്ചത്. സസ്യാഹാരിയായി മാറാനുള്ള ആദ്യ ശ്രമം എന്റെ മാത്രം ഇഷ്ടപ്രകാരമായിരുന്നു. കാരണം ഇങ്ങനെയുള്ള ജീവിതം എന്റെ ആരോഗ്യത്തിന് നല്ലതായിരിക്കുമെന്ന് ഞാൻ കരുതി,' അവർ പറഞ്ഞു.

താൻ മാംസാഹാരം കഴിക്കുന്ന കുടുംബത്തിലാണ് വളർന്നതെന്നും വെജിറ്റേറിയൻ ഭക്ഷണത്തെക്കുറിച്ച് വളരെ പരിമിതമായ അറിവാണ് ഉണ്ടായിരുന്നതെന്നും നടി വെളിപ്പെടുത്തി.

'ഞാൻ നോൺവെജിറ്ററിയൻ കുടുംബത്തിൽ ജനിച്ചതുകൊണ്ട് സസ്യാഹാരത്തെക്കുറിച്ച് അധികം അറിയില്ലായിരുന്നു. എനിക്ക്, സസ്യാഹാരം എന്നാൽ പയർ, ഉരുളക്കിഴങ്ങ്, പനീർ എന്നിവ മാത്രമായിരുന്നു. ക്രമേണ മാംസാഹാരം കുറച്ചപ്പോൾ, കൂടുതൽ വെജിറ്റേറിയൻ ഓപ്ഷനുകൾ കണ്ടെത്തുകയും ഭക്ഷണശേഷം ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഈ മാറ്റം എന്റെ ജീവിതത്തിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരികയും കൂടുതൽ ബോധത്തോടെ ജീവിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മാതൃത്വവും മൃഗങ്ങളോടുള്ള അനുകമ്പയും തന്റെ ഭക്ഷണരീതികളെ കൂടുതൽ രൂപപ്പെടുത്തിയെടുത്തുവെന്നും നടി പറഞ്ഞു. 'ഞാൻ മൃഗങ്ങളെ സ്‌നേഹിക്കുന്ന വ്യക്തിയാണ്, പക്ഷേ മാംസാഹാരവും ഞാൻ ആസ്വദിച്ചിരുന്നു. സസ്യാഹാരിയായി മാറുന്നതിനിടയിൽ, ഇത് അനേകം കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു.

2020-ൽ കോവിഡ്-19 മഹാമാരിയുടെ സമയത്താണ് താൻ പൂർണമായും സസ്യാഹാരിയായി മാറിയതെന്നും ജെനീലിയ വെളിപ്പെടുത്തി. ഈ തീരുമാനത്തെ സ്വാധീനിച്ചതിന് ഭർത്താവ് റിതേഷ് ദേശ്മുഖിനെ അവർ പ്രശംസിച്ചു. റിതേഷ് 2016-ൽ തന്നെ മാംസാഹാരം ഉപേക്ഷിച്ചിരുന്നു. ജെനീലിയ 2017 ജനുവരി 1-ന് മാംസാഹാരം നിർത്തിയെങ്കിലും, മഹാമാരി സമയത്ത് മുട്ടയും പാലും കഴിക്കുന്നത് തുടർന്നു.

'കോവിഡ് വന്നപ്പോൾ എല്ലാവരും ഭയന്നു, മാംസം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കാൻ റിതേഷ് നിർദേശിച്ചു. വീട്ടിലിരുന്ന് ഈ മാറ്റം പരീക്ഷിച്ചു. വളരെ കുറഞ്ഞ അളവിലാണെങ്കിലും പാൽ, വെണ്ണ എന്നിവ പോലും കഴിച്ചാൽ ഭാരം തോന്നുന്നതായി ശ്രദ്ധിച്ചിരുന്നു. ഇത് ദിവസവും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു, ജെലീനിയ പറഞ്ഞു.

ആരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തീരുമാനമെടുത്തത് സാവധാനം പാരിസ്ഥിതിക പ്രശ്‌നങ്ങളും മൃഗക്ഷേമവും ശ്രദ്ധിക്കുന്നതിലേക്ക് നയിച്ചു. തന്റെ യാത്ര അത്ര മികച്ചതായിരുന്നില്ലെന്നും താൻ ഇപ്പോഴും പഠിക്കുകയും വളരുകയും ചെയ്യുകയാണെന്നും ജെനീലിയ കൂട്ടിച്ചേർത്തു.

'ആദ്യ വർഷം ഞാൻ എല്ലാം ശരിയായി ചെയ്തില്ല, ഇപ്പോഴും ഞാൻ പെർഫക്ട് ആയ ആളല്ല. പക്ഷേ ഞാൻ എല്ലാ ദിവസവും പഠിക്കാൻ ശ്രമിക്കുന്നു,' അവർ പറഞ്ഞു, ഈ മാറ്റം കൂടുതൽ അവബോധത്തോടെ ജീവിതം നയിക്കാൻ സഹായിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.