അഞ്ചര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രതിഭയാണ് അമിതാഭ് ബച്ചൻ. എന്നാൽ 83-ാം വയസ്സിലും ജോലിസംബന്ധമായ സമ്മർദ്ദങ്ങൾ തന്നെ ഉറക്കമില്ലാതെ അലട്ടാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ബ്ലോഗ് കുറിപ്പിലൂടെയാണ് വിശ്രമമില്ലാത്ത ഷെഡ്യൂളുകളെക്കുറിച്ചും മനസ്സിനെ അലട്ടുന്ന ചിന്തകളെക്കുറിച്ചും ബിഗ് ബി മനസ്സ് തുറന്നത്.
വെള്ളിയാഴ്ച പുലർച്ചെ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം തന്റെ ദിനചര്യകളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
"ജോലിക്കിടയിലുള്ള സമയമാണിത്. അത് പൂർത്തിയാക്കിയപ്പോൾ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നി. അനുവാദം ലഭിച്ചപ്പോൾ ഞാൻ അത് വീണ്ടും ചെയ്തു. ഇപ്പോൾ അത് മികച്ചതാണോ അല്ലയോ എന്ന് എനിക്കറിയില്ല. കാണുന്നവർക്ക് മാത്രമേ അത് പറയാൻ സാധിക്കൂ. ഈ ചിന്തകൾ കാരണം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, നോക്കുമ്പോൾ നേരം പുലർന്നിരിക്കുന്നു. എന്റെ എക്സ്റ്റെൻഡഡ് ഫാമിലിക്ക് എല്ലാ ആശംസകളും സ്നേഹവും’- കുറിപ്പിൽ പറയുന്നു.
തുടർച്ചയായ പ്രൊജക്ടുകളുടെ തിരക്കിലാണ് ബച്ചൻ ഇപ്പോൾ. നിലവിലെ 24 മണിക്കൂർ സമയം ഒന്നിനും തികയുന്നില്ലെന്നും ഒരു ദിവസത്തിന് 36 മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിയിച്ചു പോവുകയാണെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
"ചെയ്യേണ്ട കാര്യങ്ങൾ ഏറെയാണ്, എന്നാൽ 24 മണിക്കൂർ എന്നത് വളരെ കുറഞ്ഞ സമയവും. ഒരു ദിവസം 36 മണിക്കൂറായി നീട്ടേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ സമയം 48 മണിക്കൂറാക്കാൻ നമ്മൾ ആവശ്യപ്പെടുമെന്നാണ് ജീവിത തത്ത്വശാസ്ത്രം പറയുന്നത്. എങ്കിലും ചെയ്യാനും പഠിക്കാനും നടപ്പിലാക്കാനും ഒരുപാടുണ്ട്. സമയത്തിന്റെ ചക്രം നിരന്തരം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു..’- ബച്ചൻ കുറിച്ചു.
കൽക്കി 2 കാത്തിരിപ്പിൽ ആരാധകർ
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന, ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അശ്വത്ഥാമാവ് എന്ന ശക്തമായ കഥാപാത്രമായി ബച്ചൻ വീണ്ടും സ്ക്രീനിലെത്തും. പ്രഭാസ്, കമൽ ഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സായ് പല്ലവിയും ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അണിയറപ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചിത്രം 2027 ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.
Content Highlights: Indian cinema legend Amitabh Bachchan revealed in his latest blog post that even at the age of 83, work-related stress and a demanding schedule often leave him sleepless, wishing for a 36-hour day to complete his projects.
Published: 20 Jun 2026, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented