ജീവിതകാലം മുഴുവൻ തൊഴിലിനായി സമർപ്പിച്ചതിനു ശേഷം താൻ കുടുംബത്തിനായി എന്തുചെയ്തു എന്ന ചോദ്യം സ്വയം ചോദിക്കാത്ത മധ്യവയസ്‌ക്കർ വിരളമാണ്. തന്റെ 56-ാം വയസ്സിലുണ്ടായ തിരിച്ചറിവുകൾ എങ്ങനെ വ്യക്തിജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കി എന്ന് തുറന്നു സംസാരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. റിയ ചക്രബർത്തിയുടെ chapter 2 എന്ന പോഡ്കാസ്റ്റിലാണ് ആമിർ അഥിതിയായി എത്തിയത്.
മാതാപിതാക്കളുമായുള്ള ബന്ധം, വിവാഹം, വ്യക്തി ബന്ധങ്ങൾ, മക്കളുമായുള്ള ബന്ധം, ഭാവി പദ്ധതികൾ, പരാജയങ്ങൾ, തെറാപ്പിയിലൂടെയുണ്ടായ മാറ്റം അങ്ങനെ നിരവധി വിഷയങ്ങളെ പറ്റി ആമിർ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മകൾ ഇറായെക്കുറിച്ചും മകൻ ജുനൈദിനെക്കുറിച്ചുമുള്ള റിയയുടെ ചോദ്യത്തിന് ആമിർ വൈകാരികമായാണ് മറുപടി നൽകിയത്.
കുറ്റബോധങ്ങളെ പറ്റിയും തിരിച്ചറിവുകളെയും പറ്റിയും പറയുമ്പോഴാണ് ആമിർ വികാരഭരിതനാകുന്നത്. കോവിഡ് കാലഘട്ടത്തിലെ ലോക്ഡൗൺ സമയത്താണ് തന്റെ 30 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. താൻ 24 മണിക്കൂറും ജോലി ചെയ്തിരുന്നു. സിനിമയുടെ ലോകത്തിൽ ജീവിച്ചിരുന്ന 30 വർഷവും വീട്ടിലുള്ളവരുടെ കൂടെ ഒട്ടും സമയം ചെലവഴിച്ചിരുന്നില്ല. അമ്മയുടെ കൂടെ വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കാൻ സാധിച്ചുള്ളു. വീടിന്റെ തൊട്ടു മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന അമ്മയെ കാണാൻ എന്തുകൊണ്ട് സമയം കിട്ടുന്നില്ല എന്ന് കിരൺ ചോദിക്കുമായിരുന്നു, ആമിർ പറയുന്നു.
'വിഷാദത്തിലൂടെ കടന്ന് പോയിരുന്ന സമയത്ത് ഇറയ്ക്ക് എന്റെ സാനിധ്യം വളരെ അത്യാവശ്യമായിരുന്നു. കരിയർ ആരംഭിക്കുന്ന സമയത്ത് ജുനൈദിന് എന്നെ ആവശ്യമായിരുന്നു. അന്നും ഞാൻ ഉണ്ടായിരുന്നില്ല. ഒമ്പതു വയസ്സുകാരനായ ഇളയ മകൻ ആസാദ് അവന്റെ ബാല്യകാലത്തിന്റെ അവസാന പാദത്തിലൂടെ കടന്നു പോകുകയാണ്.
സെറ്റിലെ ഓരോരുത്തർക്കും എന്താണ് വേണ്ടതെന്നും അവരുടെ ഇഷ്ടങ്ങളെന്തായിരുന്നെന്ന് അറിയാമായിരുന്ന എനിക്ക് മക്കളുടെ ബാല്യകാലത്തിൽ അവർക്ക് വേണ്ടിയിരുന്നത് എന്തായിരുന്നെന്ന് അറിയില്ലായിരുന്നു. അവരുടെ മനസ്സിൽ എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.
മക്കളുടെ ബാല്യകാലം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന തിരിച്ചറിവ് വേദനിപ്പിച്ചു.' മൂന്ന് വർഷം മുമ്പ് ഈ തിരിച്ചറിവുണ്ടായപ്പോൾ ഇനിയൊരിക്കലും സിനിമയിലേക്ക് ഇല്ലെന്ന് കരുതിയെന്നും ആമിർ പറയുന്നു. മകന്റെയും മകളുടേയും ഭാവിയെ അച്ഛനെന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യത്തിനും ആമിർ മറുപടി നൽകുന്നുണ്ട്.
'അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പം ശേഷവും മകന് വന്ന മാറ്റങ്ങൾ വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. നാടകം പഠിക്കാനായിരുന്നു മകന് ആദ്യം താത്പര്യം. അത് എന്നോട് ആദ്യം പറയുമ്പോൾ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നോ എന്നാണ് ആദ്യം ചോദിച്ചത്. കാരണം അച്ഛൻ സിനിമ മേഖലയിൽ ഉള്ളതുകൊണ്ടുതന്നെ മകന്റെ അഭിനയത്തെ എന്നും താരതമ്യപ്പെടുത്തുന്നത് ആമിർ ഖാനെന്ന നടനുമായി ആയിരിക്കുമെന്ന് ഞാൻ അവനെ ഓർമപ്പെടുത്തി. അവൻ മികച്ച നടനാകുമെന്ന് എനിക്കും ഉറപ്പില്ലായിരുന്നു. എന്റെ തുടക്കകാലത്തെ എന്നപ്പോലെ വളരെ ഉൾവലിഞ്ഞ കുട്ടിയായിരുന്നു അവനും. അച്ഛനെന്ന നിലയിൽ അവന്റെ തീരുമാനം തെറ്റുമോ എന്ന ഭയം എനിക്കുമുണ്ടായിരുന്നു.
മകന്റെ അഭിനയത്തിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടു തന്നെ അവന്റെ പടങ്ങൾ നിർമിക്കാൻ താൻ മുതിരില്ല എന്ന മുന്നറിയിപ്പും നൽകിയിരുന്നു. അച്ഛനെ എനിക്കറിയാമെന്നും ഞാൻ അത് പ്രതീക്ഷിക്കുന്നില്ല എന്നുമായിരുന്നു ജുനൈദിന്റെ മറുപടി. അവൻ എന്റെ മകനാണെന്ന് ആർക്കും അറിയില്ലായിരുന്നു. അമേരിക്കയിലെ അഭിനയ പഠനത്തിനു ശേഷം തിരിച്ചെത്തിയ ജുനൈദ് മുംബൈയിൽ നിരവധി ഒഡീഷനുകളിൽ പങ്കെടുത്തു. ആദ്യം എല്ലായിടത്തു നിന്നും തിരസ്കാരമായിരുന്നു. അവൻ വിജയിച്ച ആദ്യ ഒഡീഷൻ മഹാരാജയുടേതാണ്. ജുനൈദ് സ്വന്തമായി നേടിയ ആർജവത്തിൽ ഇവിടം വരെയെത്തി എന്നതിൽ അതിയായ സന്തോഷമുണ്ട്. എന്റെ ഒരു സഹായവും തേടാതെയാണ് അവൻ ഇതുവരെ എത്തിയത്'.
വിഷാദത്തിലൂടെ കടന്നുപോകുമ്പോഴും മാനസിക ആരോഗ്യവുമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കണം എന്നതാണ് ഇറയുടെ ജീവിത ലക്ഷ്യം. ബന്ധങ്ങളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും ഒരോ സാഹചര്യങ്ങളും എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും തന്നെത്തന്നെ സ്വയം മനസ്സിലാക്കാനായതുമൊക്കെ സാധിച്ചത് തെറാപ്പിയിലൂടെയാണെന്നും ആമിർ പറയുന്നു.
വിവാഹം കഴിക്കുന്നതിൽ ഉപദേശം തേടിയ അവതാരകയോട് രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ട തന്നെപ്പോലൊരാളോട് ഈ വിഷയത്തെ കുറിച്ച് ചോദിക്കുന്നത് അനുചിതമാണെന്നായിരുന്നു ആമിറിന്റെ മറുപടി. എങ്കിലും ഒറ്റയ്ക്കുള്ള ജീവിതം മടുപ്പിക്കുന്നതാണെന്നും ജീവിതത്തിൽ ഒരു പങ്കാളിയെ താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. തന്റെ മുൻഭാര്യമാരായ കിരൺറാവു, റീന ദത്ത എന്നിവരുമായി ഇപ്പോഴും അടുത്തബന്ധം സൂക്ഷിക്കുന്നതായും ആമിർ കൂട്ടിച്ചേർത്തു.
Content Highlights: Amir Khan Opens Up: Life Lessons, Fatherhood, & Mental Health
Published: 28 Aug 2024, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented