ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി സൗമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. മുടി മുറിച്ചതുകൊണ്ട് കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ കേള്‍ക്കുന്ന പരിഹാസങ്ങളെ കുറിച്ചാണ് സൗമ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

To advertise here,

 

തന്റെ മുഖത്തിന് ഷോര്‍ട്ട് ഹെയര്‍ ചേരുന്നതുകൊണ്ടാണ് മുടി നീട്ടാത്തതെന്നും താന്‍ പെണ്‍കുട്ടിയാണെന്ന് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും സൗമ്യ പറയുന്നു. തന്നോട് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആരും ‘മുടി വളര്‍ന്നല്ലോ വെട്ടാന്‍ ആയി’ എന്നല്ലാതെ മുടി വളര്‍ത്തണം എന്ന് പറഞ്ഞിട്ടില്ലെന്നും സൗമ്യ കുറിച്ചു.

 

'മുടി വെട്ടി ആണ്‍കുട്ടികളെ പോലെ നടക്കുന്നു, ട്രാന്‍സ്‌ജെന്‍ഡര്‍, ലെസ്ബിയന്‍, ഷീമെയ്ല്‍… അങ്ങനെ ആറ് വര്‍ഷത്തോളമായിട്ട് ഞാന്‍ കേള്‍ക്കുന്ന പേരുകള്‍ ഒരുപാട് ആണ്. പറയുന്നവരെ ഒന്നും ഞാന്‍ തിരുത്താനും നില്‍ക്കുന്നില്ല. കാരണം ഷോര്‍ട്ട് ഹെയര്‍ ആയത് കൊണ്ട് തന്നെ ആദ്യം കാണുമ്പോള്‍ ആണ്‍കുട്ടി ആയിട്ടും പിന്നെ സൂക്ഷിച്ചു നോക്കുമ്പോള്‍ പെണ്‍കുട്ടിയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്നൊക്കെ നിങ്ങളില്‍ പലര്‍ക്കും തോന്നാറുള്ളപോലുള്ള സംശയം എനിക്ക് ഇല്ലാത്തകൊണ്ട്, ഞാന്‍ പെണ്‍കുട്ടിയാടോ എന്നു പറഞ്ഞു എല്ലാവരെയും ബോധിപ്പിക്കണം എന്നു എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

 

നിങ്ങള്‍ക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ. ഇതൊക്കെ ഒരു രസല്ലേ ആശേ...എന്തിനു മുടി ഒക്കെ വെട്ടി ഇങ്ങനെ നടക്കുന്നു

എന്നതിന്റെ ഉത്തരം എന്റെ മുഖത്തിന് കൂടുതല്‍ ചേരുന്നത് ഇങ്ങനെ ഷോര്‍ട്ട് ഹെയര്‍ ആണ് എന്ന തിരിച്ചറിവ് വരുന്നതിന് മുന്‍പേ എനിക്ക് ലോങ് ഹെയര്‍ ഇഷ്ട്ടമില്ല എന്നുള്ള തിരിച്ചറിവ് വന്നതും, അന്ന് സ്‌പോര്‍ട്‌സ് ചെയ്തു നടന്നതുകൊണ്ട് ആ സമയത്ത് മുടിയില്ലായ്മ ഒരു ട്രെന്റും കൂടി ആയിരുന്നു എന്നതുമാണ്.

 

ഫസ്റ്റ് ടൈം മുടി മുറിച്ച് ഈ രൂപത്തിലേക് ആയപ്പോള്‍ കിട്ടിയ ഒരു കംഫര്‍ട്ടബ്ള്‍ പിന്നീട് അത് ഇല്ലാണ്ട് ആക്കാന്‍ ഉള്ള മനസ്സു വന്നില്ല എന്നു മാത്രം അല്ല എന്നോട് എന്റെ പാരെന്റ്‌സ് അടക്കം ആരും മുടി വളര്‍ന്നല്ലോ വെട്ടാന്‍ ആയി എന്നല്ലാതെ വളര്‍ത്തണം എന്നു പറഞ്ഞിട്ട് ഇല്ല എന്നുള്ളത് കൂടി ആണ്. ഇത്രയും വര്‍ഷമായിട്ട് ഒരേ ഹെയര്‍സ്റ്റൈല്‍ ആയത് കൊണ്ട് ഇനി മുടി വളര്‍ന്നാല്‍ എങ്ങനെ ഉണ്ടാകും എന്നെ കാണാന്‍ എന്ന ഒരു ക്യൂരിയോസിറ്റി ഇടയ്ക്ക് കേറി വരാറുണ്ടെങ്കിലും മുടി വളര്‍ന്നു കഴിഞ്ഞുള്ള കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ ആ ക്യൂരിയോസിറ്റി തന്നെ അങ്ങ് മാറും.'- സൗമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട സൗമ്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്. കോഴിക്കോട് ആനക്കാംപൊയില്‍ സ്വദേശിയാണ്. കായികതാരം കൂടിയായ സൗമ്യ പോള്‍വാള്‍ട്ടില്‍ ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.