
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും സിനിമാ നിർമാതാവുമായ സി.ജെ റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് യുട്യൂബിൽ വീഡിയോ പങ്കുവെച്ച് നടി ഡിംപിൾ റോസ്. സി.ജെ റോയ്‌യുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് താനെന്നും അടുത്തിടെ ഫ്‌ളാറ്റ് എടുത്തത് കോൺഫിഡന്റ് ഗൂപ്പിന്റേതാണെന്നും ഡിംപിൾ പറയുന്നു. സി.ജെ റോയ് ആദ്യമായി നിർമിച്ച 'കാസനോവ' എന്ന ചിത്രത്തിലും ഡിംപിൾ അഭിനയിച്ചിരുന്നു.
'റോയ് സാറിന്റേത് പെട്ടെന്നുള്ള മരണമാണ്. അദ്ദേഹത്തിന്റെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫാമിലി മെമ്പറാണ് ഞാനും. എന്റെ കരിയറിൽ ഹൈപ്പ് തന്ന 'കാസനോവ' സിനിമയുടെ നിർമാതാവ് അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട്.
അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും ചെയ്തിട്ടുണ്ട്. ഡൗൺ ടു എർത്ത് ആയിട്ടുള്ള ആളാണ്. ഇത്രയും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിട്ടും നമുക്കൊപ്പം ചേരുന്ന ആളായിരുന്നു അദ്ദേഹവും കുടുംബവും. അതുപോലെ ഞാൻ അടുത്തിടെ എടുത്ത ഫ്‌ളാറ്റും കോൺഫിഡന്റ് ഗ്രൂപ്പിന്റേതാണ്. എപ്പോഴും അങ്ങനെ വിളിക്കാറില്ലെങ്കിലും മാനസികമായ ഒരു അടുപ്പം അദ്ദേഹവുമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ആരോ ആണ് റോയ് സർ എന്നൊരു ഫീലിങ് എനിക്കുണ്ടായിരുന്നു. മരണവാർത്ത കേട്ടപ്പോൾ ഉൾക്കൊള്ളാനായില്ല. എന്റെ വീട്ടിൽ ആരോ മരിച്ചുപോയത് പോലൊരു ഫീലിങ് ആയിരുന്നു. അത്രയും വിഷമം വന്നു.
പിന്നെ മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ഭയം എനിക്കുണ്ടായിരുന്നു. ഒരു രൂപ ആശങ്കയിൽ കിടന്നാൽപോലും എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് എനിക്കുമുണ്ടായിരുന്നു.
എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യൻ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന തോന്നലാണ് എന്റെ ഉള്ളിലുണ്ടായത്. മൂന്ന്, നാല് ദിവസം എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. അത് എന്താണെന്ന് ചോദിച്ചാൽ ഉത്തരമില്ല. റോയ് സാറുമായി സംസാരിച്ച ഓർമകളും ഞങ്ങളുടെ സ്വപ്‌നഭവനത്തിന്റെ കാര്യം മുന്നോട്ടുപോകുന്നത് കോൺഫിഡന്റ് ഗ്രൂപ്പ് വഴിയാണെന്നതുമെല്ലാം മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. എങ്ങനെ അത് എക്‌സ്പ്രസ് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു.
അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകളും പുറത്തുവന്നു. പക്ഷേ അതൊന്നും അവർ ഔദ്യോഗികമായി പറഞ്ഞതല്ല.എല്ലാവരുടേയും സ്വപ്‌നമാണ് ഒരു വീട്. വീടിന്റെ കാര്യത്തിൽ എല്ലാ ഉത്തരവാദിത്തവും അവർ ഏറ്റെടുക്കും എന്നു തന്നെയാണ് വിശ്വാസം. ദയവുചെയ്ത് സത്യമായ കാര്യങ്ങൾ മാത്രം പുറത്തുവിടുക. ഇല്ലാത്ത വാർത്തകളുണ്ടാക്കുന്ന യുട്യൂബ് ചാനലുകളുണ്ട്. ഒരാളെ കൊന്നു തിന്നിട്ടാകരുത് മറ്റൊരാളുടെ കുടുംബം രക്ഷിക്കാൻ. ഒരു കമന്റ് കൊണ്ടാണ്ടെങ്കിൽപോലും മറ്റൊരാളുടെ കുടുംബത്തിലെ കരടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക'-ഡിംപിൾ റോസ് പറയുന്നു.
Content Highlights: actress dimple rose talks about confident group owner cj roy
Published: 05 Feb 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented