സ്വന്തം സര്‍ഗാത്മകതയില്‍ പിറന്ന കവിതയെ കവി മറക്കുമോ? എന്തുകൊണ്ട് മറന്നുകൂടാ? മനുഷ്യന്റെ മറവിക്ക് ചാലകശക്തിയാകുന്ന കാലത്തിന്റെ കുത്തൊഴുക്കില്‍ അത് സംഭവിക്കാം. അങ്ങനെ സ്വന്തം സൃഷ്ടിയെ മറന്നുപോയ കവിയെ അതോര്‍മ്മിപ്പിച്ച രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ഇര്‍ഷാദ് അലി.
അരിക് എന്ന ചിത്രത്തിന്റെ റിലീസ് ദിവസം അത് കാണാനെത്തിയ കവി വി.എം. ഗിരിജയെ കണ്ടുമുട്ടിയതിനെ കുറിച്ചാണ് ഇര്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തന്റെ നഷ്ടപ്രണയത്തിന്റെ വിരഹം വാക്കുകളാല്‍ വരച്ചുകൊണ്ടാണ് ഇര്‍ഷാദ് കുറിപ്പെഴുതിയത്. നഷ്ടപ്രണയത്തിന്റെ അവശേഷിക്കുന്ന ഓര്‍മ്മയായ കവിതയിലെ വരികള്‍ ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ ഇതി തന്റേതല്ലെന്ന് ഗിരിജ പറഞ്ഞതും ഒടുവില്‍ ഈ വരികള്‍ താന്‍ തന്നെ കുറിച്ചതാണെന്ന് സമ്മതിച്ചതുമെല്ലാം ഇര്‍ഷാദ് രസകരമായി തന്നെ പങ്കുവെച്ചു. 'കവി മറന്നു പോയാലും ചില കവിതകള്‍ വായനക്കാരുടെ മനസ്സില്‍ പതിഞ്ഞു കിടക്കുമല്ലോ! ഓര്‍മകളുടെ കാല്‍പാടുകള്‍ അവശേഷിപ്പിച്ച്...' എന്നുപറഞ്ഞുകൊണ്ടാണ് ഇര്‍ഷാദ് കുറിപ്പ് അവസാനിപ്പിച്ചത്.
ഇര്‍ഷാദിന്റെ കുറിപ്പ്
വിവാഹത്തോളം എത്തിയ ഒരു പ്രണയം.
അത്ര പക്വതയൊന്നും ഇല്ലാതിരുന്ന കാലത്ത് എങ്ങനെയാണ് ഞങ്ങള്‍ പക്വമായ ആ തീരുമാനം എടുത്തത്?
അല്ലെങ്കില്‍ പ്രണയിക്കുന്നവര്‍ തമ്മില്‍ അങ്ങനെ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ പാടുണ്ടോ?
കണ്ണില്ല, മൂക്കില്ല എന്നൊക്കെ പറയുന്നത് പോലെ, ലിഖിതമായ ഒന്നുണ്ടോ പ്രണയത്തിന്?
ഉപാധികള്‍ ഇല്ലാതെ സ്‌നേഹിക്കാന്‍ കഴിയുമായിരിക്കും. പ്രണയിക്കാനോ?
അറിയില്ല.
പക്ഷേ, ശരിതെറ്റുകളൊന്നും ചിന്തിക്കാതെ ഞങ്ങള്‍ ഒരു തീരുമാനമെടുത്തിരുന്നു.
ഒന്നിച്ചൊരു ജീവിതം ഉണ്ടാവുകയാണെങ്കില്‍ അത് രണ്ടുപേരുടെയും വീട്ടുകാരുടെ സമ്മതത്തോടെ തന്നെയായിരിക്കുമെന്ന്!
എനിക്കറിയാം, നമ്മള്‍ ഒന്നിക്കരുതെന്ന് ഏറ്റവും ആഗ്രഹിച്ചതും അതിനെ മുടക്കാന്‍ ഏറ്റവും അവസാനം വരെ പൊരുതിയതും ഇന്നും എന്റെ അടുത്ത സുഹൃത്തായ നിന്റെ ബന്ധുവല്ലേ!
ലോകത്തോട് യുദ്ധം ചെയ്യുന്നതില്‍ നിന്നും എന്നെ തടഞ്ഞത്, നീയും ഞാനും ചേര്‍ന്ന് മുന്‍പേ തയ്യാറാക്കിയ ആ കരാര്‍ തന്നെയായിരുന്നല്ലോ!
ഒടുവില്‍,
ആരോടും പരാതികളില്ലാതെ, പരിഭവമില്ലാതെ നമ്മുടെ പ്രണയത്തില്‍ നിന്നും ഞാനിറങ്ങി നടന്നു.
ആ നിമിഷത്തില്‍ മറ്റൊന്നും ആലോചിച്ചില്ല,
എന്നെ കുറിച്ചോ... നിന്നെ കുറിച്ചോ....
'നമ്മളില്ലായ്മ' എന്ന ശൂന്യതയെ കുറിച്ചോ... ഒന്നുമോര്‍ത്തില്ല...
അധികം വൈകാതെയാണ് ഒരു ആശ്വാസമായി അവള്‍ എന്നിലേക്ക് വന്നു ചേര്‍ന്നത്... എനിക്കവള്‍ ഒരു നല്ല കൂട്ടുകാരിയായിരുന്നു, സ്വപ്നങ്ങള്‍ക്ക് പ്രോത്സാഹനമായിരുന്നു, എന്റെ മനസ്സിനെ പങ്കിടാന്‍ നല്ലൊരു കേള്‍വിക്കാരി. എത്രയോ കാലം ഞങ്ങള്‍ ആ സൗഹൃദം പങ്കിട്ടു.
എന്റെ വിവാഹം കഴിഞ്ഞ ഒരു നാളില്‍, ഓര്‍ക്കാപ്പുറത്താണ് അവള്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞത്, അവള്‍ക്കെന്നോട് പ്രണയമായിരുന്നു എന്ന്!
ഒരുകാലത്തും ഞാന്‍ അവളെ പ്രണയിച്ചിരുന്നില്ല.
ഒരിക്കല്‍ പോലും പ്രണയം തോന്നിപ്പിക്കുന്ന തരത്തില്‍ ഞാന്‍ പെരുമാറിയിട്ടില്ല എന്ന് തന്നെയാണ് ഞാനിന്നും വിശ്വസിക്കുന്നത്.
എനിക്ക് വേണ്ടത് ഒരു കൂട്ട് മാത്രമായിരുന്നു. ഓര്‍മ്മകളില്‍ നിന്നും, ഇന്നലെകളില്‍ നിന്നും ഓടി രക്ഷപെടാനുള്ള ഒരു കൂട്ട്.
അല്ലെങ്കിലും, ഒരു പ്രണയത്തില്‍ നിന്നും പുറത്ത് ചാടാന്‍ മറ്റൊന്നിലേക്ക് എന്ന ജാലവിദ്യ എനിക്ക് അറിയില്ല.
എന്താ, ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കാന്‍ എന്നല്ലേ?
അതിനൊരു കാരണമുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 'അരിക്' റിലീസായ ദിവസം.
ആദ്യ പ്രദര്‍ശനം കാണാന്‍ കവി വി എം ഗിരിജ വന്നപ്പോള്‍, അവരെ കണ്ടപ്പോള്‍, ഞാന്‍ അവളെ ഓര്‍ത്തു...
ആദ്യം ഓര്‍ത്തത് അവളെയല്ല, ആ കവിതയാണ്.
ആ ഓര്‍മ്മക്കൊപ്പം അവള്‍ക്ക് വരാതിരിക്കാനാവില്ലല്ലോ!
അവളാണല്ലോ അതെനിക്ക് പകര്‍ന്നു തന്നത്.
അതവളുടെ പ്രണയമാണെന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞില്ല!
വി എം ഗിരിജയെ കണ്ട ആവേശത്തില്‍ ആ വരികള്‍ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു.
വിദൂര ഓര്‍മയില്‍ നിന്നെന്ന പോലെ മനസ്സിലേക്ക് എത്തിയ വരികള്‍ ഓര്‍ത്തെടുത്തു ചൊല്ലിയപ്പോള്‍, പകപ്പോടെ അവര്‍ പറഞ്ഞു: 'അല്ല.. ഇതെന്റെ വരികളല്ലെന്ന്...'
'ഇല്ല അങ്ങനെയാവില്ല... രണ്ടു മിനിറ്റ്,' അവര്‍ക്കു മുന്നില്‍, ഓര്‍മ്മകളെ തിരിച്ചു പിടിക്കാനായി ഞാന്‍ വെപ്രാളപ്പെട്ടു...
തോല്‍ക്കാന്‍ മനസ്സില്ലാതെ ഞാനാ വരികള്‍ ഓര്‍ത്തെടുത്തു, ചൊല്ലി.
'അവിടെ വരും ഞാന്‍
നിശബ്ദതയുടെ നെടുവീര്‍പ്പില്‍
നിന്നോടൊത്തു കിടക്കാനായി.,
ഉടയാടകള്‍ ഊരില്ല
ഉടല്‍ ഉരുകില്ല......'
'വിരല്‍ മാത്രം വിരലില്‍ ചേര്‍ത്ത് കിടക്കാം
രാവിന്‍ മൂകതയെ മൊഴിമാറ്റം ചെയ്യാം'
'മലയേറി ഒരാളില്ലാ കോവിലിലെത്തി
തലചായ്ക്കും പോലെ
അവിടെ വരട്ടെ ഞാന്‍?'
ഒടുവില്‍ വി എം ഗിരിജക്ക് സമ്മതിക്കേണ്ടി വന്നു. ഞാനൊരിക്കല്‍ ഇങ്ങനെ ഒരു കവിത എഴുതിയിട്ടുണ്ടെന്ന്!
അല്ലെങ്കിലും, കവി മറന്നു പോയാലും ചില കവിതകള്‍ വായനക്കാരുടെ മനസ്സില്‍ പതിഞ്ഞു കിടക്കുമല്ലോ! ഓര്‍മകളുടെ കാല്‍പാടുകള്‍ അവശേഷിപ്പിച്ച്...
Content Highlights: Actor Irshad Ali's Facebook post about meeting poet VM Girija
Published: 14 Jun 2025, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented