ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികളായ വിനോദസഞ്ചാരികള്‍ക്കൊപ്പമൊരു ഫോട്ടോയ്ക്ക് നമ്മളില്‍ ചിലരെങ്കിലും ശ്രമിക്കാറുണ്ട്. എല്ലാവര്‍ക്കും ഒപ്പം പോസ് ചെയ്യുക എന്നത് സാധ്യമായൊരു കാര്യവുമല്ല. എന്നാല്‍ ഇതൊരു വരുമാന മാര്‍ഗമാക്കിയിരിക്കുകയാണ് റഷ്യന്‍ ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററായ ആഞ്ചലീന. 

To advertise here,

ഓരോ സെല്‍ഫിക്കും നൂറ് രൂപയാണ് ആഞ്ചലീന ഈടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും  ഇന്‍സ്റ്റാഗ്രാമില്‍ ആഞ്ചലീന പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും  ഒരു ഫോട്ടോ ആവശ്യപ്പെടുവെന്നാണ്
വീഡിയോയില്‍ ആഞ്ചലീന പറയുന്നത്. ഒരു സെല്‍ഫിക്ക് നൂറ് രൂപ എന്ന ബോര്‍ഡുമായി നില്‍ക്കുന്ന ആഞ്ചലീനയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക. 

ബീച്ചിലുള്ള നിരവധിയാളുകള്‍ ആഞ്ചലീനയ്‌ക്കൊപ്പം ചിത്രം പകര്‍ത്തുന്ന ദൃശ്യങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പലരും നൂറ് രൂപ ചെലവാക്കുന്നതില്‍ വേവലാതിപ്പെടുന്നുമില്ല. 

"ഇപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. ഇന്ത്യക്കാര്‍ക്ക് വിദേശിക്കൊപ്പം ഒരു ഫോട്ടോ ആയി. വിദേശികള്‍ക്ക് മടുപ്പ് തോന്നില്ല, കാരണം അവര്‍ക്ക് അതിനുള്ള പണവും ലഭിച്ചു. എങ്ങനെയുണ്ട് ഈ ഐഡിയ?", സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോ പങ്കുവെച്ചുകൊണ്ട് ആഞ്ചലീന ചോദിച്ചു. 

വിദേശ വനിത ഒരു സെല്‍ഫിക്ക് ആയിരം രൂപ ഈടാക്കിയാലും ചെലവാക്കാന്‍ ആളുണ്ടെന്ന് ചിലര്‍ വീഡിയോയക്ക് താഴെയായി കമന്റ് ചെയ്തു. സെല്‍ഫിയെ വരുമാനത്തിനുള്ള ഒരു മാര്‍ഗമാക്കിയ വിദേശ വനിതയുടെ ഐഡിയയെ ചിലര്‍ അഭിനന്ദിക്കുകയും ചെയ്തു. സമ്മിശ്രപ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.