മഴക്കാലമെത്തിക്കഴിഞ്ഞു. ഇനി വീടിനും ചുറ്റുപാടിനും ഇനി പ്രത്യേകശ്രദ്ധ ആവശ്യമാണ്. വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതുകൊണ്ടു മാത്രമായില്ല, വീടും പരിസരവും നിരീക്ഷണത്തിലാക്കിയില്ലെങ്കില്‍ മറ്റ് ചില പ്രശ്നങ്ങള്‍ കൂടി വന്നേക്കാം. അതിലൊന്നാണ് പാമ്പ് ശല്യം. പാമ്പ് വന്ന് ചേരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കലാണ് അതിനുള്ള പ്രധാനവഴി. ഭക്ഷണം, വാസയോഗ്യമായ സ്ഥലം, സൂര്യപ്രകാശം എന്നിവയുള്ള പ്രദേശം പാമ്പുകളെ ആകര്‍ഷിക്കും.
പാമ്പിൻെറ വാസസ്ഥലം
വീടിനുപുറത്തെ വെള്ളക്കെട്ടുകള്‍, കുളം, എന്നിവ പാമ്പുകളെ ആകര്‍ഷിക്കുന്നു. അവിടെയുള്ള ജീവികളെ ഇരപിടിക്കാന്‍കൂടിയാണിത്. പല്ലികള്‍, എലികള്‍, ചെറിയ പക്ഷികള്‍ എന്നിവയുടെയെല്ലാം മണം തിരിച്ചറിയാന്‍ പാമ്പുകള്‍ക്കാകും.
വീട്ടുമുറ്റത്തെ പൂന്തോട്ടം വീടിന് ഭംഗി നല്‍കുമെങ്കിലും അവിടെയെത്തുന്ന പ്രാണികളും ജന്തുക്കളും പാമ്പുകളുടെ ഇരകളാണ്. എലി, തവള, പല്ലി എന്നിവ അതില്‍ പെടുന്നു. ഇവയെയെല്ലാം തുരത്താന്‍ ജൈവരീതിയിലുള്ള മിശ്രിതങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
പാമ്പുകള്‍ക്ക് ഒളിക്കാന്‍ പറ്റിയ ഒരുപാട് സ്ഥലങ്ങള്‍ നമ്മുടെയെല്ലാം വീട്ടുപരിസരത്തുണ്ട്. മരച്ചില്ലകള്‍, വിറക് അടുക്കിവെച്ചയിടങ്ങള്‍, കല്ല് അടുക്കിവെച്ച സ്ഥലം, മതിലിലെ വിള്ളല്‍, മാളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പാമ്പുകള്‍ പതിയിരിക്കും. വലിയ പക്ഷികള്‍, പൂച്ച, തുടങ്ങിയവയില്‍നിന്ന് മാത്രമല്ല മനുഷ്യരില്‍നിന്നും രക്ഷപ്പെടാനാണ് പാമ്പുകള്‍ ഇത്തരം ഇടങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
ഇലകള്‍ക്കിടയില്‍വരെ ഒളിച്ചുകഴിയാന്‍ സാധ്യതയുള്ളതിനാല്‍ പാമ്പുകളെ തുരത്താന്‍ മുറ്റവും പരിസരവും എപ്പോഴും വൃത്തിയാക്കി വെക്കേണ്ടതുണ്ട്. ശരീര താപനില നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ സൂര്യപ്രകാശമടക്കമുള്ള സ്രോതസ്സുകളെയാണ് പാമ്പുകള്‍ ആശ്രയിക്കുന്നത്. ശരീരോഷ്മാവ് അനുസരിച്ച് ഒന്നുകില്‍ തണുത്ത, ഇരുട്ടുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ വെയിലുള്ളയിടത്തോ പാമ്പുകള്‍ കാണപ്പെട്ടേക്കാം.
വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം
വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം അലസമായി ഇടാതെ പെട്ടെന്ന് വൃത്തിയാക്കുക. ഇല്ലെങ്കില്‍ അത് മറ്റ് ജന്തുക്കളെ ആകര്‍ഷിക്കുകയും പാമ്പ് ഇരപിടിക്കാനെത്തുകയും ചെയ്യുന്നു. അരുമകള്‍ക്ക് ഭക്ഷണം നല്‍കിയശേഷം പാത്രങ്ങള്‍ വൃത്തിയാക്കിവെക്കുക, ഭക്ഷണം ശരിയായി അടച്ചുവെക്കാനും ശ്രദ്ധിക്കുക.
പക്ഷിക്കൂടുകള്‍
ചെറിയ പക്ഷികളേയും അവയുടെ മുട്ടയും പാമ്പുകള്‍ ഭക്ഷണമാക്കും. വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളുടെ കൂടിനരികിലേക്ക് പാമ്പ് ആകര്‍ഷിക്കപ്പെടും.
പാമ്പുകള്‍ വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ അത് അപകടങ്ങളിലേക്ക് എത്തിക്കാതെ കഴിയും. വീടിനോട് ചേര്‍ന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുക, പൂന്തോട്ടപരിപാലനത്തിനിടെ ശ്രദ്ധയോടെ ചെടിച്ചട്ടികളും മറ്റും നീക്കുകയോ മാറ്റുകയോ ചെയ്യുക, വീടിനോട് ചേര്‍ന്ന് വിറകോ കല്ലോ മറ്റോ അടുക്കിവെക്കുന്നത് ഒഴിവാക്കുക എന്നിവയെല്ലാം മഴക്കാലത്ത് ചെയ്യേണ്ടതുണ്ട്.
Content Highlights: How to prevent snakes at home and garden
Published: 02 Jun 2025, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented