കടയില്‍നിന്ന് ബാഗോ പഴ്സോ മറ്റ് പുതിയ സാധനങ്ങളോ വാങ്ങുമ്പോള്‍ ഇതിനുള്ളില്‍ സിലിക്ക ജെല്‍ പാക്കറ്റുകള്‍ കണ്ടിട്ടില്ലേ? സാധാരണയായി പലരും അവ എടുത്ത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനി പുതിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവയ്ക്കുള്ളില്‍ സിലിക്ക ജെല്‍ പാക്കറ്റുകള്‍ കണ്ടാല്‍ എടുത്ത് ചവറ്റുകുട്ടയില്‍ ഇടേണ്ട. അവ നമുക്ക് പുനരുപയോഗിക്കാവുന്ന വസ്തുവാണ് എന്നതുതന്നെയാണ് കാരണം.
ഈ പാക്കറ്റുകള്‍ക്കുള്ളിലെ മുത്തുകള്‍ സിലിക്കാ ജെൽ എന്നറിയപ്പെടുന്നു. സോഡിയം സിലിക്കേറ്റ് എന്ന പദാർഥംകൊണ്ടാണ് സിലിക്കാ ജെൽ നിർമിച്ചിരിക്കുന്നത്. ഇതിന് അസാധാരണമായ ആഗിരണശേഷിയുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയും. ഇതിനെ ഡെസിക്കന്റ് എന്നും വിളിക്കുന്നു. ഇത് ഉപയോഗിക്കാനുള്ള എളുപ്പത്തിനാണ് ഒരു ചെറിയ പാക്കറ്റിലാക്കി ഉത്പ്പന്നങ്ങളുടെ പാക്കേജിങ്ങിനുള്ളില്‍ വെക്കുന്നത്.
വീട്ടിലെ സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഉണക്കിയെടുക്കാനും തുടങ്ങി പലതരത്തില്‍ ഇവയെ പ്രയോജനപ്പെടുത്താം. പൂക്കളും ഓര്‍മയ്ക്കായി സൂക്ഷിച്ച വസ്തുക്കളും സംരക്ഷിക്കുന്നത് മുതല്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ പുസ്തകങ്ങളോ ഇലക്ട്രോണിക് ഉപകരണങ്ങളോ വീണ്ടെടുക്കുന്നതിന് വരെ സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഉപയോഗിക്കാം. അതിനാല്‍, സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ബാക്കിയുള്ള പാക്കറ്റുകള്‍ ശേഖരിക്കാന്‍ തുടങ്ങാം. അല്ലെങ്കില്‍ കടകളില്‍നിന്ന് ഇവ വാങ്ങുകയുമാകാം.
വെള്ളത്തില്‍ വീണ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വീണ്ടെടുക്കാം
ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ വെള്ളത്തില്‍ വീണാല്‍ അത് ഉണക്കിയെടുക്കാന്‍ സിലിക്ക ജെല്‍ പാക്കുകള്‍ക്ക് സഹായകമാണ്. അരിയില്‍ വെച്ച് ഉണക്കുന്ന പരമ്പരാഗത രീതി ഫോണ്‍ നിര്‍മാതാക്കള്‍ അത്ര പ്രോത്സാഹിപ്പിക്കാറില്ല.
ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഉടന്‍ തന്നെ അതെടുത്ത് ഫോണ്‍ ഓഫ് ചെയ്യുക. ശേഷം കഴിയുന്നത്ര തുടച്ച് ഉണക്കുക, തുടര്‍ന്ന് പൂര്‍ണമായി ഉണങ്ങാനായി 24-72 മണിക്കൂര്‍ സിലിക്ക ജെല്‍ പാക്കറ്റുകളോടൊപ്പം ഒരു ബാഗിലോ പാത്രത്തിലോ ഇട്ടുവെക്കുക. ഒരുപക്ഷേ കേടുകൂടാതെ ഫോണ്‍ തിരിച്ചുകിട്ടിയേക്കാം.
സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഉപയോഗിച്ച് ഷൂസിലെ ദുര്‍ഗന്ധം അകറ്റാം
വീട്ടിലേക്ക് കയറുമ്പോള്‍ ഷൂ ഊരിവെക്കുന്ന സ്ഥലത്ത്, അതിനുള്ളിലേക്ക് ഇടാനായി സിലിക്ക ജെല്‍ പാക്കറ്റുകള്‍ ബാഗുകള്‍ സൂക്ഷിക്കുക. പലപ്പോഴും ഈര്‍പ്പം മൂലമുണ്ടാകുന്ന ബാക്ടീരിയകളില്‍ നിന്നാണ് ഷൂവിന് ദുര്‍ഗന്ധം വരുന്നത്. അതിനാല്‍ ഈര്‍പ്പം നിയന്ത്രിക്കുന്ന ഈ ചെറിയ പാക്കറ്റുകള്‍ ഷൂവിനെ കൂടുതല്‍ നേരം ഫ്രഷായി നിലനിര്‍ത്തുന്നു. പുതിയ ഷൂ വാങ്ങുമ്പോള്‍ ഷൂബോക്സിനുള്ളില്‍ സിലിക്ക ജെല്‍ പാക്കുകള്‍ കാണാറില്ലേ? കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ഇവ മികച്ചതാണ്.
സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഉപയോഗിച്ച് വിത്തുകള്‍ ഉണക്കാം
നടീല്‍ കാലം കഴിഞ്ഞതിന് ശേഷം ബാക്കിയുള്ളതോ തുറന്നുവെച്ചതോ ആയ വിത്ത് പാക്കറ്റുകള്‍ വായു കടക്കാത്ത പാത്രത്തിലിട്ട് അതിലേക്ക് സിലിക്ക ജെല്‍ പാക്കറ്റ് ഇടുന്നത് വിത്തുകള്‍ ഉണക്കി സൂക്ഷിക്കാനും, ഈര്‍പ്പം മൂലമുണ്ടാകുന്ന പൂപ്പലില്‍ നിന്ന് സംരക്ഷിക്കാനും, അടുത്ത വര്‍ഷം നടുന്നതുവരെ അവയുടെ സംഭരണ കാലാവധി വര്‍ധിപ്പിക്കാനും സഹായിക്കും. കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി വിത്തുകള്‍ ഫ്രീസ് ചെയ്യുന്നതിന് കുറച്ച് ദിവസം മുന്‍പ് അവയെ ഉണക്കിയെടുക്കാനും ഈ ചെറിയ സിലിക്ക പാക്കറ്റുകള്‍ ഉപയോഗിക്കാം.
അലങ്കാര വസ്തുക്കള്‍, ഫോട്ടോകള്‍, രേഖകള്‍ എന്നിവ സൂക്ഷിക്കാന്‍
അലങ്കാര വസ്തുക്കള്‍ പോലുള്ളവ ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചുവെക്കുമ്പോള്‍ ഈര്‍പ്പം മൂലമുണ്ടാകുന്ന പൂപ്പല്‍ അവയെ ബാധിക്കാനിടയുണ്ട്. രേഖകള്‍, റെക്കോര്‍ഡുകള്‍, ഫോട്ടോകള്‍, ഓര്‍മയ്ക്കായി സൂക്ഷിച്ച വസ്തുക്കള്‍ എന്നിവ ഈര്‍പ്പം കാരണം എളുപ്പത്തില്‍ നശിച്ചുപോകാം. അലങ്കാര വസ്തുക്കള്‍ വെക്കുന്ന ബാഗുകളിലും, രേഖകള്‍ സൂക്ഷിക്കുന്ന പെട്ടികളിലും സിലിക്ക ജെല്‍ പാക്കറ്റുകള്‍ വെക്കുന്നത് വസ്തുക്കളെ പൂപ്പല്‍ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.
കരകൗശല വസ്തുക്കള്‍ നിര്‍മിക്കാനായി പൂക്കള്‍ ഉണക്കി സൂക്ഷിക്കാന്‍ ഉപയോഗിക്കാം
കരകൗശല വസ്തുക്കള്‍ക്കോ മറ്റോ വേണ്ടി പൂക്കള്‍ ഉണക്കുമ്പോള്‍ അവയുടെ ആകൃതിയും നിറവും നിലനിര്‍ത്താന്‍ സിലിക്ക ജെല്‍ ഉപയോഗിക്കാം. വായു കടക്കാത്ത ഒരു പാത്രത്തിന്റെ അടിയില്‍ ഒരു നിര സിലിക്ക ജെല്‍ മുത്തുകള്‍ ഇടുക, അതിനു മുകളില്‍ പൂക്കള്‍ വെക്കുക. പൂക്കള്‍ പൂര്‍ണമായി ഉണങ്ങാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും കാത്തിരിക്കുക.
Content Highlights: Ways to reuse silica gel packets
Published: 03 Aug 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented