മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപാര്‍ട്‌മെന്റ് എന്ന് കേള്‍ക്കുമ്പോള്‍ ബോളിവുഡിനെ ആരാധിക്കുന്നവര്‍ക്ക് ആദ്യം ഓര്‍മ്മയിലെത്തുക സല്‍മാന്‍ ഖാനായിരിക്കും. ഈ അടുത്ത് സാമൂഹികമാധ്യമങ്ങളില്‍ സല്‍മാന്‍ ഖാന്റെ വീടിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രണ്ട് കിടപ്പ് മുറിയോട് കൂടിയ താരത്തിന്റെ വീടിന്റെ വീഡിയോ ആണ്‌ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

To advertise here,

അന്‍പത്തിയൊമ്പത് വയസുള്ള സല്‍മാന്‍ ഖാന്‍ മാത്രമല്ല വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കുടുംബവും താമസിക്കുന്നത് ഇവിടെയാണ്. ഗാലക്‌സി അപാര്‍ട്‌മെന്റിന്റെ താഴത്തെ നിലയിലാണ് സല്‍മാന്‍ ഖാന്‍ താമസിക്കുന്നത്. ഇവിടെത്തന്നെ ഒന്നാം നിലയില്‍ അദ്ദേഹത്തിന്റെ കുടുംബവും താമസിക്കുന്നു.

ഇരുപത് വര്‍ഷം മുന്‍പുള്ള താരത്തിന്റെ വീടിന്റെ അപൂര്‍വ്വമായ കാഴ്ച്ചകളാണ്‌ വീഡിയോയില്‍ കാണാന്‍ സാധിക്കുക. വീഡിയോയുടെ തുടക്കത്തില്‍ വീടിന്റെ സ്വീകരണമുറിയിലേക്കാണ് കടക്കുന്നത്. ചെറിയ രീതിയിലുള്ള ഫര്‍ണിച്ചറുകളും മങ്ങിയ വെളിച്ചവും ഇളംനിറത്തിലുള്ള ചുവരുകളും ആഡംബരത്തേക്കാള്‍ ദൈനംദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്ന് മാറി ഒഴിവ് സമയം ആസ്വദിക്കാനുള്ള ഒരിടമാക്കി വീടിനെ മാറ്റുന്നു. വെള്ള നിറത്തിലുള്ള സോഫ സെറ്റിന് അഭിമുഖമായി വെള്ളി നിറത്തിലുള്ള വളഞ്ഞ കസേരകള്‍ വീടിന് ആധുനികതയുടെ സ്പര്‍ശവും നല്‍കുന്നുണ്ട്‌.

മുറിയുടെ അരികില്‍ ഫോട്ടോ ഫ്രെയിമുകളും, മനോഹരമായ പൂച്ചെട്ടികളും കാണാം. സമകാലീന കലയെ അടിസ്ഥാനമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള ക്ലോക്കുകളും വീടിന്റെ പല ഭാഗത്തായി കാണാന്‍ സാധിക്കും.

മുറിയുടെ നടുക്കായി ആറ് പേര്‍ക്ക് ഇരിക്കാവുന്ന തീന്‍മേശയും അതിനോട് ചേര്‍ന്ന് വിന്റേജ് മോഡലിലുള്ള ടെലിവിഷനും സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ വീട്ടിലെ അടുക്കളയുടെ ചെറിയ ഭാഗവും കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴും കുട്ടിക്കാലത്തെ വീട്ടില്‍ താമസമാക്കിയത് എന്ന് 2017-ല്‍ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. വലിയ ആഡംബര ബംഗ്ലാവില്‍ താമസിക്കുന്നതിനേക്കാള്‍ തനിക്ക് ഇഷ്ടം മാതാപിതാക്കള്‍ താമസിക്കുന്ന ബാന്ദ്രയിലെ ഫ്ളാറ്റാണ് എന്നാണ് സല്‍മാന്‍ പറഞ്ഞത്.

അപ്പാര്‍ട്‌മെന്റില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ് താമസിക്കുന്നത്. ചെറുപ്പത്തില്‍ കുട്ടികള്‍ എല്ലാവരും പൂന്തോട്ടത്തില്‍ ഒരുമിച്ച് കളിക്കുകയും ചിലപ്പോള്‍ അവിടെത്തന്നെ ഉറങ്ങുകയും ചെയ്തിരുന്നു. ആരുടെ വീട്ടിലും പോയി ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും അവിടെ ഉണ്ടായിരുന്നു. കുട്ടിക്കാലത്തെ ധാരാളം ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് കാരണമാണ് ഇപ്പോഴും അവിടെത്തന്നെ താമസിക്കുന്നതെന്ന് സല്‍മാന്‍ പറഞ്ഞു.

സല്‍മാന്‍ ഖാനെക്കൂടാതെ ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവരും ബാന്ദ്രയുടെ പടിഞ്ഞാറ് ഭാഗത്താണ് താമസിക്കുന്നത്.