കോടികളാണ് ഇന്ത്യയിലെ പല ക്രിക്കറ്റ് താരങ്ങളുടെയും ആസ്തി. സച്ചിനും മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയുമെല്ലാമാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍. എന്നാല്‍, ഇവരെക്കാളേറെ ധനികനായ മറ്റൊരു ക്രിക്കറ്റ് താരമുണ്ട് ഇന്ത്യയില്‍.

To advertise here,

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെങ്കിലും ഒരുകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു അദ്ദേഹം. മറ്റാരുമല്ല, വഡോദരയിലെ(പഴയ ബറോഡ) ഗെയ്ക്ക് വാദ് രാജകുടുംബത്തില്‍നിന്നുള്ള സമര്‍ജിത് സിൻഹ് രഞ്ജിത് സിൻഹ് ഗെയ്ക്ക് വാദ് ആണ് ആ താരം. അദ്ദേഹം താമസിക്കുന്ന ലക്ഷ്മി വിലാസ് പാലസും ഏറെ പ്രശസ്തമാണ്. 

ബറോഡ ഭരിച്ചിരുന്ന ഗെയ്ക്ക് വാദ് രാജകുടുംബത്തിലെ രഞ്ജിത്സിന്‍ഹ് പ്രതാപസിന്‍ഹിന്റെയും ശുഭാംഗിണിരാജയുടെയും ഏകമകനായി 1967 ഏപ്രിലിലാണ് സമര്‍ജിത് സിന്‍ഹിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭാസകാലത്തേ ക്രിക്കറ്റിലും ഫുട്‌ബോളിലും ടെന്നീസിലും സജീവമായിരുന്ന അദ്ദേഹം സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പിന്നീട് രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കായും കളിച്ചു.

1987-89 സീസണില്‍ ബറോഡയുടെ മുന്‍നിര ബാറ്ററായിരുന്നു സമര്‍ജിത്സിന്‍ഹ്. പിന്നീട് ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അദ്ദേഹം താമസിക്കുന്ന ലക്ഷ്മി വിലാസ് കൊട്ടാരത്തിന് മാത്രം നിലവില്‍ 25,000 കോടിയോളം രൂപ മൂല്യംവരുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 

ലക്ഷ്മി വിലാസ് പാലസ്...
1890-ലാണ് ഗെയ്ക്ക് വാദ് കുടുംബം വഡോദരയിലെ പ്രശസ്തമായ ലക്ഷ്മി വിലാസ് പാലസ് നിര്‍മിച്ചത്. അന്ന് 27 ലക്ഷത്തോളം രൂപയായിരുന്നു നിര്‍മാണച്ചെലവ്. ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടരത്തെക്കാള്‍ നാലിരട്ടി വലിപ്പത്തിലാണ് വഡോദരയിലെ ലക്ഷ്മി വിലാസ് പാലസ് പണികഴിപ്പിച്ചിരുന്നത്. 700 ഏക്കറോളം വരുന്ന സ്ഥലത്താണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. 

ആകെ 170 മുറികളുള്ള കൊട്ടാരത്തിലെ ഇന്റീരിയര്‍ വര്‍ക്കുകളും ഏറെ ശ്രദ്ധേയമാണ്. പ്രേംരോഗ്,സര്‍ദാര്‍ ഗബ്ബാര്‍ സിങ്, ഗ്രാന്റ് മസ്തി തുടങ്ങിയ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

കൊട്ടാരത്തില്‍നിന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ ചെറിയ റെയില്‍പാതയും നിര്‍മിച്ചിരുന്നു. കൊട്ടാരത്തില്‍നിന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനായാണ് രാജാവ് പണ്ട് റെയില്‍പാത നിര്‍മിച്ചത്. സമര്‍ജിത്സിന്‍ഹ് ഗെയ്ക്ക് വാദും ഭാര്യ രാധികരാജെ ഗെയ്ക്ക് വാദും കുടുംബാംഗങ്ങളുമാണ് നിലവില്‍ കൊട്ടാരത്തില്‍ താമസിക്കുന്നത്.