മുംബൈ: ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ ഭവനവിലയില്‍ 3.1 ശതമാനത്തിന്റെ ശരാശരി വാര്‍ഷികവര്‍ധനയുണ്ടായതായി റിസര്‍വ് ബാങ്ക്.

To advertise here,

2023-24 സാമ്പത്തികവര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ചുള്ള വര്‍ധനയാണിത്. അതേസമയം, ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ അപേക്ഷിച്ച് വര്‍ധന 0.90 ശതമാനമാണ്.

പത്തു പ്രധാന നഗരങ്ങളിലെ ഭവനവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കിയാണ് ഓരോ മൂന്നുമാസം കൂടുമ്പോഴും റിസര്‍വ് ബാങ്ക് ഭവനവില സൂചിക തയ്യാറാക്കുന്നത്. വിവിധ രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍നിന്നുള്ള കണക്കുകളാണ് ഇതിന് ആധാരമാക്കുന്നത്. 2010-11 സാമ്പത്തികവര്‍ഷത്തെ അടിസ്ഥാനവില 100 ആയി എടുത്ത് ജനസംഖ്യാനുപാതികമായാണ് സൂചിക തയ്യാറാക്കുക. അതേസമയം, ചെന്നൈ ഉള്‍പ്പെടെ ചില നഗരങ്ങളില്‍ വാണിജ്യകെട്ടിടങ്ങളുടെ വിലയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി-മാര്‍ച്ച് കാലത്ത് കൊല്‍ക്കത്തയിലാണ് ഭവനവിലയില്‍ കൂടുതല്‍ വര്‍ധനയുണ്ടായതെന്ന് സൂചിക പറയുന്നു; 8.8 ശതമാനം.

7.65 ശതമാനവുമായി ജയ്പുര്‍ രണ്ടാമതും 7.2 ശതമാനവുമായി ചെന്നൈ മൂന്നാമതുമാണ്. ബെംഗളൂരു 5.56 ശതമാനം, അഹമ്മദാബാദ് 3.86 ശതമാനം, മുംബൈ 2.35 ശതമാനം, ലഖ്‌നൗ 0.21 ശതമാനം എന്നിങ്ങനെ വരുന്നു. അതേസമയം കൊച്ചി, കാന്‍പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ വിലകുറഞ്ഞതായി സൂചിക വിലയിരുത്തുന്നു.

കൊച്ചിയില്‍ കുറവ്
കൊച്ചിയില്‍ 2.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയി രിക്കുന്നത്. സൂചികയില്‍ ഓരോ പാദത്തിലും വിലയില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്. കൊച്ചിയിലെ ഭവനവിലയില്‍ 2022-28 സാമ്പത്തികവര്‍ഷം ആദ്യ പാദത്തിനുശേഷം ഏറ്റക്കുറച്ചിലുകള്‍ കുറഞ്ഞു. 2024-25 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 345.48 പോയിന്റാണ് ഉയര്‍ന്ന നില.