ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്റെ ബാന്ദ്ര ബംഗ്ലാവ് നിലനിന്നിരുന്ന കെട്ടിടസമുച്ചയത്തിലെ മൂന്ന് നിലകളുള്ള ഭാഗം 155 കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 9,527.21 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഈ മൂന്നുനിലകളിലായി ഉള്ളത്. ആപ്കോ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബ്ലാക്ക്റോക്കിന്റെ പക്കല്‍ നിന്ന് ഇത്രയും വില നല്‍കി ഈ ട്രിപ്‌ളെക്‌സ് സ്വന്തമാക്കിയത്. 

To advertise here,

റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യ ഡോട് കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 9, 10, 11 നിലകളാണ് ദിലീപ് കുമാറിന്റെ വസതിയായിരുന്നത്. ചതുരശ്ര അടിയ്ക്ക് 1.62 ലക്ഷം രൂപയോളമാണ് വില. 9.30 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അപ്പാര്‍ട്ട്മെന്റിന്റെ രജിസ്ട്രേഷന്‍ ഫീയായി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

ഇതിഹാസതാരത്തിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്ന പാലി ഹില്‍ പ്ലോട്ടില്‍ ഒരു ആഡംബര ഭവന പദ്ധതി വികസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ദിലീപ് കുമാറിന്റെ കുടുംബം റിയല്‍റ്റി ഡെവലപര്‍ അഷര്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയത്. 

റെസിഡന്‍ഷ്യല്‍ പ്രോജക്ടിന് പുറമേ ദിലീപ് കുമാറിന്റെ ജീവിതവും സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന ഒരു മ്യൂസിയവും സ്ഥാപിക്കും. ദിലീപ് കുമാറിന്റെ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം ടവറിന്റെ താഴത്തെ നിലയിലാണ് സ്ഥാപിക്കുക. ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പ്രത്യേക പ്രവേശന കവാടം സജ്ജീകരിക്കും.