സ്വന്തമായി വീട് വാങ്ങണോ അതോ വാടക വീടോ എന്ന സംശയം ഒരു സാർവത്രിക പ്രതിഭാസമാണ്. സാമ്പത്തിക ഉപദേശകരും വീട്ടുടമകളും തമ്മിൽ ഈ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകളെ പരിശോധിക്കുന്നതാണ് പേഴ്സണൽ ഫിനാൻസ് സ്ഥാപനമായ വൺ ഫിനാൻസ് പുറത്തുവിട്ട പഠനം.

To advertise here,

വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നഗരമാണ് വിപണിയിലെ ലാഭനഷ്ട സാധ്യതകൾ തീരുമാനിക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളിൽ വീട് സ്വന്തമാക്കുന്നവർക്ക് മൂന്ന് മുതൽ എട്ട് വർഷത്തിനുള്ളിൽ മുടക്കിയ പണത്തിനുള്ള ലാഭം നേടുമെന്നാണ് പഠനത്തിൽ വിലയിരുത്തുന്നത്. വീട് വാങ്ങുമ്പോൾ നൽകേണ്ടിവരുന്ന തുക താരതമ്യേന കുറവായതാണ് ഇതിന് ഒരു കാരണമായി പറയുന്നത്. എന്നാൽ ഇതിനു നേർവിപരീതമായി മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ സ്വന്തമായി വീട് സ്വന്തമാക്കിയതിന്റെ ലാഭം ലഭിക്കണമെങ്കിൽ 30 വർഷം വേണ്ടിവന്നേക്കാം.

രണ്ടും മൂന്നും മുറികളുള്ള പാർപ്പിടങ്ങൾ കേന്ദ്രീകരിച്ചാണ് വാടക വീടുകളുടെയും സ്വന്തമായി വീട് സ്വന്തമാക്കുന്നതിന്റെയും ലാഭം കണക്കാക്കിയിരിക്കുന്നത്.

വീട് വാങ്ങുമ്പോൾ നൽകേണ്ടിവരുന്ന ഡൗൺ പേയ്മെന്റ്, സ്റ്റാമ്പ് ഡ്യൂട്ടി, ലോൺ, ഇഎംഐ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാടക വീടുകൾക്ക് നൽകേണ്ടിവരുന്ന വാടക, ഡെപ്പോസിറ്റ്, മെയിന്റനൻസ് ചെലവ് എന്നിവയും പരിഗണിച്ചിട്ടുണ്ട്. ചെലവഴിക്കുന്ന തുക നിക്ഷേപിക്കുകയാണെങ്കിൽ ഉള്ള റിട്ടേൺ സാധ്യതയും ലാഭ സാധ്യതയും താരതമ്യം ചെയ്തിട്ടുണ്ട്.

ബെംഗളൂരു നഗരത്തിൽ രണ്ട് മുറികളുള്ള വീട് സ്വന്തമാക്കാൻ ഒരു കോടി രൂപ വരെ വേണ്ടിവരും. ഇതേ വീടുകൾക്ക് വാടകയായി 40,000 മുതൽ 50,000 രൂപ വരെയാണ് മാസവാടക. ഒരു കുടുംബം ഈ വീടുകളിൽ 3-4 വർഷം വരെ താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വാടകയേക്കാൾ വീട് സ്വന്തമാക്കുന്നതാണ് ഉചിതമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മുംബൈ നഗരത്തിൽ രണ്ട് മുറി വീടുകൾക്ക് 2.4 കോടി രൂപ വരെയാണ് റിയൽ എസ്റ്റേറ്റ് മൂല്യം. ഇതേ വീടുകൾക്ക് 55,000 മുതൽ 85,000 രൂപ വരെയാണ് വാടക. ഇതിൽനിന്ന് സാമ്പത്തിക നേട്ടം കൊയ്യാൻ 30 വർഷം വരെ കാത്തിരിക്കേണ്ടിവരും. വാടക വീട്ടിൽ കഴിയുന്നതുവഴി ലാഭിക്കുന്ന പണം ഇൻവെസ്റ്റ് ചെയ്താൽ ഉള്ള ഗുണവും പഠനത്തിൽ വിവരിക്കുന്നുണ്ട്. വാടക വീടോ സ്വന്തമായി ഒരു വീടോ എന്ന തീരുമാനത്തിൽ എത്തുംമുമ്പ് കൃത്യമായ കണക്കുകൂട്ടലുകൾ അനിവാര്യമാണെന്നും പറയുന്നുണ്ട്.