ബോളിവുഡ് താരങ്ങളുടെ വീടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ജോലിയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇടവേളകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് വീടുകള്‍ ഒരുക്കുക. വീടിന്റെ ഭാഗമായുള്ള പൂന്തോട്ടങ്ങളും ചര്‍ച്ചയില്‍ ഇടം പിടിക്കാറുണ്ട്‌. വിശാലമായ പുല്‍ത്തകിടി മുതല്‍ വൈകുന്നേരങ്ങള്‍ ആസ്വാദ്യകരമാക്കുന്ന ഇടങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ മനോഹരമായ പൂന്തോട്ടങ്ങളുള്ള അഞ്ച് താരഗൃഹങ്ങള്‍ കാണാം.

To advertise here,

ഷാഹിദ് കപൂര്‍, മീര രാജ്പുത്

വീടിന്റെ ടെറസില്‍ ഒരുക്കിയ മനോഹരമായ പൂന്തോട്ടമാണ് ഷാഹിദിന്റെയും മീരയുടേയും വീട്ടില്‍ കാണാന്‍ സാധിക്കുക. ആഡംബര റിസോര്‍ട്ടില്‍ താമസിക്കുന്ന അനുഭവം നല്‍കുന്ന മരത്തിന്റെ നിലവും, താഴ്ന്ന സോഫകളും ഇവിടെയുണ്ട്. സൂര്യാസ്തമയവും രാത്രിയില്‍ തിളങ്ങുന്ന അലങ്കാര വിളക്കുകളും പൂന്തോട്ടത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിന് അനുയോജ്യമായ ഇടമാണിത്.

സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍

ഹരിയാണയിലെ പട്ടൗഡിയിലുള്ള സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റയും കൊട്ടാരമാണ് അടുത്തത്. കൊട്ടാരത്തിന് ചുറ്റുമായി വ്യാപിച്ച് കിടക്കുന്ന പച്ചപ്പ് ആഘോഷങ്ങളുടെ ഭംഗി വര്‍ധിപ്പിക്കുന്നു. വൈവിധ്യമായ ചെടികള്‍ ഇവിടെ കാണാന്‍ സാധിക്കും. ഉയരമുള്ള മരങ്ങള്‍ മുതല്‍ വൃത്തിയില്‍ ഒതുക്കി വെട്ടിയ കുറ്റിച്ചെികളും പൂന്തോട്ടത്തിലുണ്ട്. കല്ലുകളില്‍ തീര്‍ത്ത ക്ലാസിക് ജലധാരകള്‍ ഇതിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നു.

ശില്‍പ ഷെട്ടി, രാജ് കുന്ദ്ര

യോഗ ഇഷ്ടപ്പെടുന്ന ശില്‍പ ഷെട്ടി തന്റെ വീട്ടില്‍ സ്വപ്‌ന തുല്യമായ ഒരു മരുപ്പച്ച ഒരുക്കിയിട്ടുണ്ട്. യോഗ, വ്യായാമം, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലമായിട്ടാണ് ശില്‍പ പൂന്തോട്ടത്തിനെ കാണുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി സമാധാനമായ അന്തരീക്ഷമാണ് ഇവിടെ. വെര്‍ട്ടിക്കലായി ഒരുക്കിയ പൂന്തോട്ടത്തില്‍ കല്ലില്‍ കൊത്തിയ ബുദ്ധന്റെ പ്രതിമയുമുണ്ട്. പുറകിലായി കല്ലുകള്‍ നിരത്തിയ ചുവരിന്റെ മുന്നിലുള്ള മസ്റ്റഡ് മഞ്ഞ നിറത്തിലുള്ള ഇരിപ്പിടമാണ് ശില്പയുടെ പ്രിയപ്പെട്ട സ്ഥലം.

അക്ഷയ് കുമാര്‍, ട്വിങ്കിള്‍ ഖന്ന

അറബിക്കടലിന് അഭിമുഖമായിട്ടുള്ള അക്ഷയ് കുമാറിന്റെയും ട്വിങ്കിള്‍ ഖന്നയുടേയും വീട്ടില്‍ വിശാലമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഇതിന് ചുറ്റിലുമുള്ള കിടങ്ങ് പോലുള്ള കുളവും, ചെമ്പകത്തിന്റെ മരങ്ങളും സ്ഥലത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. പുറത്തൊരുക്കിയ തീന്‍മേശയും ആകര്‍ഷകമായ ശില്പങ്ങളും ഒത്തുകൂടലുകള്‍ക്ക് യോജിച്ച സ്ഥലമാണ്.

സബ്യസാചി മുഖര്‍ജി

ഇന്ത്യയിലെ പ്രമുഖ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ വാഴ, നാരകങ്ങള്‍ എന്നിവയ്‌ക്കൊപ്പം വൈവിധ്യമായ പൂക്കളും കാണാം. പച്ചപ്പ് വിരിച്ച പുല്‍ത്തകിടിയില്‍ കൊഴിഞ്ഞവീണ പൂക്കള്‍ക്കിടയിലിരുന്ന് വൈകുന്നേരങ്ങള്‍ ആസ്വദിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണ്. പക്ഷികള്‍ക്ക് വേണ്ടി മാര്‍ബിളില്‍ ഒരുക്കിയ ഭക്ഷണ സ്ഥലവും, മനോഹരമായ വിളക്കുകകളും ഇവിടെയുണ്ട്. ഇടയ്ക്ക് പരിപാടികള്‍ നടത്തുവാന്‍ വേണ്ടി സബ്യസാചി പൂന്തോട്ടം വര്‍ണ്ണാഭമായ പരവതാനി വിരിച്ചും, കുഷ്യനുകള്‍ നിരത്തിയും സന്ദര്‍ഭത്തിനനുസരിച്ച് ഒരുക്കുന്നു.

വ്യക്തികള്‍ക്കുമനുസരിച്ച് വീടുകളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും മാറുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ പൂന്തോട്ടങ്ങള്‍. ഇതിലൂടെ പ്രകൃതിക്കും ആഡംബരത്തിനും മനോഹരമായി ഒന്നിക്കാന്‍ കഴിയും എന്ന് തെളിയിക്കുന്നു.