ചെമ്പരത്തി, ചെണ്ടുമല്ലി, റോസ്, മുല്ല... ലിന്റമോളുടെ പൂന്തോട്ടത്തിൽ ഇല്ലാത്ത ചെടികളില്ല. പൂന്തോട്ടത്തിലെ ചെടികളായ ചെടികളെല്ലാം പൂവിടുമ്പോൾ എന്തു രസമാണെന്നോ! പൂമ്പാറ്റകളും വണ്ടത്താൻമാരും തേൻ
കുരുവികളും പൂക്കൾക്കു ചുറ്റും പാറി നടക്കും. ആ കാഴ്ചകാണാൻ ലിന്റക്കുട്ടിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാണ്. ലിന്റക്കുട്ടിയുടെ പൂന്തോട്ടത്തിൽ വീണ്ടും പൂക്കാലം എത്തി.
'പൂന്തോട്ടത്തിൽപൂക്കാലം
ചേലേറുന്നൊരു പൂക്കാലം
കുരുവിക്കൂട്ടം വന്നെത്തീ
പൂമ്പാറ്റകളും എത്തിപ്പോയ്!'

അപ്പോൾ അവൾക്കൊരു സൂത്രം തോന്നി. 'ഈ പൂക്കളായ പൂക്കളെല്ലാം മുറിക്കുള്ളിലായിരുന്നെങ്കിൽ പൂമ്പാറ്റകളും വണ്ടത്താൻമാരും തേൻകുരുവികളുമൊക്കെ അവിടെ വരുമല്ലോ. അപ്പോൾ അവരോടൊപ്പം
മുറിക്കുള്ളിലിരുന്ന് കളിക്കാം. ഹായ്, എന്തു രസമായിരിക്കും!' അങ്ങനെ നമ്മുടെ ലിന്റക്കുട്ടി പൂക്കളോരോന്നായി നുള്ളിയെടുത്ത് മുറിയിൽ നിരത്തിയിട്ടു. എന്നിട്ട് ജനാലയും തുറന്നിട്ട് പൂമ്പാറ്റകളും വണ്ടത്താൻമാരും തേൻകുരുവികളും വരുന്നതും കാത്തിരിപ്പായി.

To advertise here,

പക്ഷേ, ആരാരും വന്നില്ല. അപ്പോഴേക്കും പൂക്കളെല്ലാം വാടിപ്പോയിരുന്നു. അതോടെ ലിന്റക്കുട്ടിക്ക് സങ്കടമായി. അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു.
'അയ്യോ പൂവേ പുന്നാരേ
ഉണർന്നുപുഞ്ചിരി തൂകീടൂ
വണ്ടേ കുരുവീ പൂമ്പാറ്റേ
വേഗം ഈ വഴി വന്നീടൂ!'
 
ലിന്റക്കുട്ടിയുടെ അപ്പൂപ്പന് കാര്യം മനസ്സിലായി. അപ്പൂപ്പൻ ഓടിച്ചെന്ന് ലിന്റക്കുട്ടിയെ വാരിയെടുത്തു. ''ലിന്റമോളേ പൂവുകൾ ചെടികളിൽ നിൽക്കുമ്പോഴേ അവയ്ക്കു ജീവനുള്ളൂ. അങ്ങനെയുള്ള പൂവുകൾ തേടിയാണ് പൂമ്പാറ്റകളും വണ്ടുകളും കുരുവികളുമൊക്കെ വരുന്നത്!'',അപ്പൂപ്പൻ പറഞ്ഞതു കേട്ടപ്പോഴാണ് ലിന്റക്കുട്ടിക്ക് കാര്യം മനസ്സിലായത്. 'അങ്ങനെയാണെങ്കിൽ ഇനി ഞാൻ പൂവുകളൊന്നും നുള്ളില്ല!' ലിന്റക്കു
ട്ടി മനസ്സിൽ ഉറപ്പിച്ചു. അവൾ വീണ്ടുമൊരു പൂക്കാലം വരുന്നതും കാത്തുകാത്തിരുന്നു.