''കൂടെയുള്ള വിവേകിനും നിരഞ്ജനും കണികയ്ക്കും ഗുരു സന്യാസദീക്ഷ  നല്‍കി. ഞാന്‍ മാത്രം ബാക്കിയായി. അദ്ദേഹം പറഞ്ഞു, എനിക്ക് നിന്റെ വിഷമം മനസിലായി. പക്ഷേ, നീ ഈ ലോകത്തില്‍ തന്നെ തുടരുക. യോഗ പഠിപ്പിക്കേണ്ടവനാണ് നീ..'' കൊച്ചിയിലെ ഹോട്ടല്‍ മുറിയിലിരിക്കെ ഡോ. ഭരത് ഠാക്കൂര്‍ വഴിത്തിരിവിന്റെ ദിവസം ഓര്‍ത്തെടുത്തു.

To advertise here,

ഒരു യോഗഗുരുവിന്റെ രൂപമല്ല ഭരത് ഠാക്കൂറിന്. പ്രവര്‍ത്തനമണ്ഡലങ്ങളും പലതാണ്. കവി, ചിത്രകാരന്‍, കര്‍ഷകന്‍, ഹോട്ടല്‍ വ്യവസായി, നടന്‍, സിനിമാ നിര്‍മാതാവ്.. പതിവുമട്ടില്‍ ചിന്തിച്ചു നോക്കിയാല്‍ വിചിത്രമായ ഒരു ചേരുവ.

ടൈം മാഗസിന്‍ ഉള്‍പ്പടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ഭരത് ഠാക്കൂറിന്റെ ആര്‍ട്ടിസ്റ്റിക് യോഗ ഇടംനേടി യുഎഇയിലെ സ്വാധീനശേഷിയുള്ള 100 വ്യക്തികളുടെ ഫോബ്‌സ് പട്ടികയില്‍ ഭരത് പല തവണ ഉള്‍പ്പെട്ടിട്ടുണ്ട്.

placeholder
ഭരത് ഠാക്കൂർ സൽമാൻ ഖാനും നാഗാർജുനും ഒപ്പം

ഗോമുഖിലെ കൊടുംതണുപ്പില്‍ പുലര്‍ച്ചെ ധ്യാനിച്ചിരുന്ന ഗുഹയും സല്‍മാന്‍ഖാനും കരീന കപൂറും ധ്യാനപാഠങ്ങള്‍ പരിശീലിച്ച മുംബൈയിലെ സ്റ്റുഡിയോയും പുതിന്റെ മോസ്‌കോയിലെ യോഗ മുറിയും എല്ലാം ജീവിതത്തിലെ പല താളുകളാണ്. അനാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ് ധ്യാനമെന്ന് ഭരത് പറയും. ഇസ്രയേലില്‍ പോയി ഡ്രിപ് ഇറിഗേഷന്‍ പഠിച്ച് വന്ന് മ്യാന്‍മറില്‍ തോട്ടങ്ങളിലേക്കിറങ്ങി കൃഷി ചെയ്ത കഥ പറയും. മുംബൈയിലെ യോഗ സ്റ്റുഡിയോയില്‍ വിദ്യാര്‍ഥിനിയായി എത്തിയപ്പോഴുണ്ടായ പ്രണയത്തിനൊടുവിലാണ് ഭ്രമരം സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഭൂമിക ചൗള ഭരതിന്റെ ഭാര്യയായത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ അനുരാധ നാലപ്പാടും അനൂപ് കമ്മത്തും ക്യൂറേറ്റ് ചെയ്ത ഗ്രൂപ്പ് ചിത്രപ്രദര്‍ശനത്തില്‍ ഭരതിന്റെ ചിത്രവുമുണ്ടായിരുന്നു.അതിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ ഭരത് ഠാക്കൂര്‍ 'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖം.

ജാര്‍ഖണ്ഡ് ധന്‍ബാദാണ് സ്വദേശം. എനിക്ക് നാലാം വയസിലാണ് അച്ഛനമ്മമാരെ നഷ്ടപ്പെട്ടത്.  കുടുംബവുമായി ബന്ധമുള്ള യോഗിയായ സുഖ്‌ദേവ് ബ്രഹ്മചാരി തുടര്‍ന്ന് 17 വയസുവരെ വളര്‍ത്തി. അഘോര സമ്പ്രദായത്തിലെ പ്രശസ്തനായ തോത്താപുരി ബാബയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ഹിമാലയത്തില്‍ ആയിരുന്നു ബാല്യ കൗമാരങ്ങള്‍. യോഗയും വേദാന്തവും ജൈനിസവും സൂഫിസവും ബുദ്ധിസവും മറ്റും മനസ്സിലാക്കി. വേദിക് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, സംസ്‌കൃതം എല്ലാം ഗുരുകുലസമ്പ്രദായത്തില്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം കല്‍ക്കട്ടയില്‍ ആയിരുന്നു.

പിന്നീട് ഗുരു തന്നെ ഔപചാരികവിദ്യാഭ്യാസത്തിനയച്ചു. ഗ്വാളിയോര്‍ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനില്‍ നിന്ന് യോഗയില്‍ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം നേടി. വിവിധ സമ്പ്രദായങ്ങളിലെ യോഗികളുടെ ജീവിതരീതി, കപാലഭാതിയും ഹൃദയാരോഗ്യവും എന്നിവയായിരുന്നു ഡോക്ടറേറ്റിന് വിഷയം.

placeholder
ഭരത് ഠാക്കൂർ ബോറിസ് ബെക്കർക്കൊപ്പം

മഞ്ഞു കൊണ്ടുള്ള പ്രതിമകള്‍

ഹിമാലയത്തിലെ ഗോമുഖിലായിരുന്നപ്പോള്‍ എല്ലാ ദിവസവും മഞ്ഞു കൊണ്ട് ഞാനൊരു ശില്‍പമുണ്ടാക്കുമായിരുന്നു. ഒരുനാള്‍ കൊണ്ട് അലിഞ്ഞുപോകുന്നവ. അതായിരുന്നു കലയിലെ തുടക്കം.''

തന്ത്രശാസ്ത്രവും യോഗയുമായി ബന്ധപ്പെട്ട് വരച്ച പെയിന്റിങ്ങുകളാണ് ഭരത് താക്കൂറിന്റെ സവിശേഷത. മിസ്റ്റിക്കല്‍ പൈതൃകം, ആത്മീയതയുടെ ഭൗതിക പ്രതീകങ്ങള്‍ എന്നിവയെല്ലാം പെയിന്റിങ്ങുകളിലുണ്ട്. അഘോര, ദശ മഹാവിദ്യ, അരൂപ തുടങ്ങിയ പെയിന്റിങ് പരമ്പരകളില്‍ ഇത് കാണാം. ജീവിതത്തില്‍ പലകാലങ്ങളില്‍ കണ്ടതും പരിചയപ്പെട്ടതുമായ സന്യാസികളുടെ രൂപങ്ങളും ഏറെ വരച്ചു. യോഗാസനങ്ങളെ ആസ്പദമാക്കി ബ്രോണ്‍സ് ശില്പങ്ങള്‍ മെനഞ്ഞു. ടോക്കിയോവിലും ദുബായിലും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ഷോ നടത്തി. ലോകത്ത് പലയിടത്തും കളക്ടര്‍മാരുടെ ശേഖരത്തില്‍ രചനകളുണ്ട്. ഇന്‍ഡോ മലേഷ്യന്‍ അവാര്‍ഡ് ഓഫ് എക്‌സലന്‍സ്, ടോക്കിയോ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെയറില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ പുരസ്‌കാരങ്ങളും നേടി.

മേദസ് പോകണം, മനസ്സിലും ഉടലിലും

നിങ്ങള്‍ വിശ്വാസിയോ അവിശ്വാസിയോ ആയിരിക്കാം അതൊരു വിഷയമല്ല. ഒരു ശക്തി ലോകത്തിന് ചലിപ്പിച്ചു കൊണ്ടിരിക്കുന്നു അതൊരു സത്യമാണ്. പണമുണ്ടാക്കാനല്ല യോഗ. അതിന് എനിക്ക് മറ്റു ജോലികളുണ്ടല്ലോ. യോഗ എന്റെ ഹൃദയവികാരമാണ്. ലോകത്ത് എല്ലായിടത്തും യോഗയുടെ പ്രസക്തി അറിയണം. യോഗയെ കുറിച്ച് ഏഴു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആധുനിക മനുഷ്യനെ വലയ്ക്കുന്ന പൊണ്ണത്തടിയും പുറംവേദനയും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഉള്ളടക്കം.

placeholder
ഭരത് ഠാക്കൂർ ക്രിക്കറ്റ് താരം ഷെയ്ൻ വോണിനൊപ്പം

എല്ലാം നിയന്ത്രിക്കുന്ന ശ്വാസഗതി

പ്രാണനും ആരോഗ്യവുമായി അഭേദ്യമായ ബന്ധമുണ്ട്. ശ്വസനരീതിയിലെ മാറ്റങ്ങള്‍ നമ്മെ സ്വാധീനിക്കും. മനുഷ്യന്റെ സമ്പൂര്‍ണമാറ്റമാണ് യോഗയിലൂടെ ഉദ്ദേശിക്കുന്നത്.. കേവലം എക്‌സര്‍സൈസ് സ്‌ട്രെച്ചിങ്ങോ മാത്രമല്ല അത്. നല്ല ഉറക്കം, നല്ല ഉണര്‍വ്.. അളവില്ലാത്ത ഊര്‍ജവും ഉള്ളില്‍ നിറയുന്നതായി നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും. വൈവിധ്യമുള്ള ഈ ജോലികളെല്ലാം ചെയ്യാന്‍ എനിക്ക് കഴിയുന്നത് എങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്. ഇതാണ് അതിന്റെ ഉത്തരം.

യോഗയ്ക്ക് മതമില്ല

യോഗയിലും അതേക്കുറിച്ചുള്ള പുസ്തകങ്ങളിലും ഒന്നും മതത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവരെ ചാര്‍വാകര്‍ എന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്. അവരെയും  പരിഗണിക്കണമെന്നാണ് ഗുരു പഠിപ്പിച്ചത്. മനുഷ്യന്റെ സമ്പൂര്‍ണമാറ്റമാണ് യോഗയിലൂടെ ഉദ്ദേശിക്കുന്നത്.. കേവലം എക്‌സര്‍സൈസ് സ്‌ട്രെച്ചിങ്ങോ മാത്രമല്ല അത്. നല്ല ഉറക്കം, നല്ല ഉണര്‍വ്.. അളവില്ലാത്ത ഊര്‍ജവും ഉള്ളില്‍ നിറയുന്നതായി നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും. വൈവിധ്യമുള്ള ഈ ജോലികളെല്ലാം ചെയ്യാന്‍ എനിക്ക് കഴിയുന്നത് എങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്. ഇതാണ് അതിന്റെ ഉത്തരം.

placeholder
ഭരത് ഠാക്കൂറിന്റെ പെയിന്റിങ്ങുകൾ

ആര്‍ട്ടിസ്റ്റിക്ക് യോഗ

2000ലാണ് ആര്‍ട്ടിസ്റ്റിക് യോഗ ആരംഭിച്ചത്. പതഞ്ജലി യോഗ പുതിയ കാലത്തിന് അനുഗുണമായി ചിട്ടപ്പെടുത്തിയതാണത്. ഇന്ന് വിവിധ രാജ്യങ്ങളിലായി ശാഖകളുണ്ട്. റഷ്യ, ഇംഗ്ലണ്ട്, അസര്‍ബൈജാന്‍, ഇറ്റലി, സ്‌പെയിന്‍, നേപ്പാള്‍... ലോകമാകെ ആര്‍ട്ടിസ്റ്റിക്ക് യോഗയ്ക്ക് 3000 അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നു. ഹരിദ്വാറിലും മോസ്‌കോയിലുമുള്ള കേന്ദ്രങ്ങളില്‍ യോഗാധ്യാപകര്‍ക്കായി പരിശീലന പരിപാടി നടക്കുന്നുണ്ട്. 2004 ലാണ് ദുബായില്‍ യോഗകേന്ദ്രം തുടങ്ങിയത്. ഇപ്പോള്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ മാത്രം ഒരു ലക്ഷത്തിലേറെ ശിഷ്യരുണ്ട്.

പ്രകൃതിയോട് ഇണങ്ങുക

ദൈവത്തിന്റെ നാട് എന്ന കേരളം എത്രമാത്രം അനുഗ്രഹീതമാണ്! പ്രകൃതിയെ അനുഗുണമായി ജീവിക്കുന്ന ജീവജാലങ്ങള്‍ക്ക് പൊതുവേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല.