വളുടെ ഓരോ ചുവടിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു. സൗത്ത് ഇന്ത്യയുടെ സൗന്ദര്യറാണി പട്ടമണിയുമ്പോള്‍  തിരുവനന്തപുരം പുല്ലുവിള സ്വദേശി ത്രേസ്യ ലൂയിസിന് പറയാനുള്ളത് പിന്നിട്ട കാലത്തിന്റെ കനല്‍വഴികളെക്കുറിച്ചാണ്. ഒഴിവാക്കലുകളോടും അവഗണനകളോടും പോരാടിയാണ് അവള്‍ തന്റെ വഴി കണ്ടെത്തിയത്. ചെന്നൈ ഗിണ്ടി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഗോള്‍ഡന്‍ ഫേസ് ഓഫ് സൗത്ത് ഇന്ത്യ 2024 മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി ത്രേസ്യ മാറുമ്പോള്‍ അവള്‍ തലയുയര്‍ത്തിപ്പിടിച്ചത് തന്നെപ്പോലെയുള്ള ഒരുപാട് പേര്‍ക്ക് കൂടി വേണ്ടിയായിരുന്നു. ജീവിതത്തിലുടനീളം തനിക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ ഉള്‍ക്കരുത്താക്കിയാണ് അവള്‍ മുന്നോട്ട് നീങ്ങിയത്. 

To advertise here,
placeholder
.
എമി ജാക്‌സണിനോടൊപ്പം ത്രേസ്യ ലൂയിസ്

ദീര്‍ഘനാളത്തെ ലക്ഷ്യം

ത്രേസ്യയ്ക്ക് മോഡലിങ്ങും ഫാഷന്‍ റാംപും ഇന്നലെ കണ്ടൊരു കുഞ്ഞുസ്വപ്‌നമല്ല.  ചെറിയ പ്രായത്തിലേ അവള്‍ മനസിലിട്ടു താലോലിച്ച വലിയൊരു ലക്ഷ്യമായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ ടിവിയുടെ മുന്നില്‍ അവള്‍ ഫാഷന്‍ മോഡലിനെപ്പോലെ റാം വാക്ക് ചെയ്തു നടന്നു. ഒരു നാള്‍ താനും ഇതുപോലെ വര്‍ണവെളിച്ചങ്ങള്‍ക്കും ക്യാമറഫ്‌ളാഷുകള്‍ക്കുമിടിയിലൂടെ താരമായി നടന്നു നീങ്ങുന്നതവള്‍ സ്വപ്‌നം കണ്ടുറങ്ങി. ആ സ്വപ്‌നത്തിലേയ്ക്കാണവള്‍ റാംപ് വാക്ക് ചെയ്തതും കിരീടം നേടിയതും. ബി.ടെക്കിന് ശേഷം ത്രേസ്യ ചെന്നൈയില്‍ മെഡിക്കല്‍ കോഡറായാണ് ജോലി ചെയ്യുന്നത്.

placeholder
.
ത്രേസ്യ ലൂയിസ്

തന്റെ സ്വപ്‌നങ്ങളിലേയ്ക്ക് പറക്കാന്‍ സ്വന്തമായൊരു വരുമാനം ഉണ്ടാകുന്നത് വരെ അവള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. 'ചെറുപ്പത്തില്‍ മോഡലിങ്ങിനെക്കുറിച്ച് വീട്ടില്‍ പറയുമ്പോള്‍ അവര്‍ക്കാര്‍ക്കും അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല, അതൊരു മോശപ്പെട്ട എന്തോ ആയാണ് അവര്‍ തെറ്റിദ്ധരിച്ചത്‌.' ത്രേസ്യ പറയുന്നു. ആവശ്യത്തിന് വസ്ത്രമിടാതെ നടക്കുന്ന എന്തോ ഒന്നായിട്ടാണ് അവരതിനെ കരുതിപ്പോന്നത്. അമ്മയോടാണ് ആദ്യം മോഡലിങ് ചെയ്യണമെന്ന് പറയുന്നത്. അതില്‍നിന്നും എന്ത് വരുമാനമുണ്ടാകുമെന്നാണ്  അമ്മ ചോദിച്ചതെന്നും അവള്‍ പറയുന്നു.

അവരെ അതിലൊന്നും കുറ്റപ്പെടുത്തില്ലെന്നും ത്രേസ്യ പറയുന്നു. മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ത്രേസ്യ. മക്കളെ വളര്‍ത്താനും പഠിപ്പിക്കാനും സ്റ്റെല്ലയെന്ന അമ്മയും ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഹരിതകര്‍മ്മസേനയിലെ അംഗമാണ് അവര്‍. 'എങ്കിലും മോഡലിങ്ങിനെക്കുറിച്ച് റാംപിനെക്കുറിച്ചുമെല്ലാം വീട്ടുകാരെ ഞാന്‍ പറഞ്ഞു മനസിലാക്കിപ്പിച്ചു. എങ്കിലും അവര്‍ക്ക് എന്റെ പഠനത്തിനപ്പുറം ഇതിലൊന്നും ഒരു തരത്തിലുള്ള താത്പര്യവുമുണ്ടായിരുന്നില്ല. ആരുടെ പിന്തുണയില്ലാതിരുന്നിട്ടും ഞാനെന്റെ ആഗ്രഹങ്ങളെ ഇല്ലാതാക്കിയില്ല.എനിക്ക് വേണ്ടി ഞാന്‍ മുന്നിട്ടിറങ്ങി നേടിയെടുത്ത വിജയമാണിത്.' -അവളുടെ വാക്കുകളില്‍ അഭിമാനത്തിന്റെ തിളക്കം.

placeholder
.
ത്രേസ്യ ലൂയിസ്
പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ- https://mbi.page.link/mbplus

ബോഡി ഷെയിമിങ്ങില്‍ തളരാതേ

സ്‌കൂളില്‍ പഠനത്തിനൊപ്പം കലാ-കായിക മത്സരങ്ങളിലും മികവ് പുലര്‍ത്തിയ പെണ്‍കുട്ടിയായിരുന്നു ത്രേസ്യ. കായികമത്സരങ്ങളില്‍ തുടര്‍ച്ചയായി സമ്മാനം നേടി. കായിമമേഖലയിലും തന്നെ പ്രോത്സാഹിപ്പിക്കാനോ തന്റെ കഴിവുകള്‍ക്കൊപ്പം നില്‍ക്കാനോ അന്നൊന്നും ആരുമുണ്ടായില്ലെന്നും അവള്‍ തന്നെ പറയുന്നു. സ്‌കൂളില്‍ നൃത്തമത്സരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. നൃത്തം ചെയ്യുന്നതിനും പാടുന്നതിനുമെല്ലാം തനിക്ക് താത്പര്യമായിരുന്നു. എന്നിട്ടും പലയിടങ്ങളില്‍ താന്‍ മാറ്റിനിര്‍ത്തപ്പെട്ടതായി അവള്‍ പറയുന്നു.

ബോഡി ഷെയിമിങ്ങിന് അതിഭീകരമായി വിധത്തില്‍ ഇരയായതും അവള്‍ പങ്കുവെക്കുന്നു. കറുത്തതെന്നും മെലിഞ്ഞതെന്നുമുള്ള തരത്തില്‍ തനിക്ക് പല അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. കൂട്ടുകാരുടെ കളിയാക്കലുകളില്‍ വിഷമിച്ച് വീട്ടില്‍ വന്നു കരഞ്ഞിരുന്ന കുട്ടിക്കാലത്തെക്കുറിച്ചും അവള്‍ പറയുന്നു. അന്നൊക്കെ അമ്മയാണ് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചിരുന്നത്. നിറത്തിന്റെ പേരില്‍ ഒരുപാട് വേദനിച്ചിരുന്നു. ചെറിയ പ്രായത്തില്‍ അതൊക്കെ അനുഭവിക്കേണ്ടി വന്നത് മുതര്‍ന്നപ്പോള്‍ എന്നെ കൂടുതല്‍ കരുത്തുള്ള ഒരാളാക്കി മാറ്റി

'ആളുകളുടെ പരിഹാസങ്ങളില്‍ ഞാന്‍ എന്നെ തകര്‍ക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് നീങ്ങണമെന്നു തന്നെ എന്നോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.' ജീവിതത്തില്‍ അങ്ങനെ ചിന്തിച്ചതുകൊണ്ടാണ് ഇന്നിവിടെയെത്താന്‍ കഴിഞ്ഞതെന്നും ആത്മവിശ്വാസത്തോടെ ത്രേസ്യ പറയുന്നു. നിറത്തിന്റെ പേരിലുണ്ടായ അവഗണനകളും അവള്‍ ഓര്‍ത്തെടുക്കുന്നു- 'ഒരു കുട്ടി  നിങ്ങളെയെനിക്ക് കണ്ടിട്ട് ഇഷ്ടമായില്ലെന്ന്  എന്നോട് പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ കറുത്തിരിക്കുന്ന കൊണ്ടാണ് എന്നു പറഞ്ഞു. അതെന്താ അങ്ങനെയെന്ന് ചോദിച്ചപ്പോള്‍ സ്‌കൂളിലൊക്കെ അങ്ങനെ പറയാറുണ്ടെന്നായിരുന്നു കുട്ടിയുടെ മറുപടി.'

പക്വതയെത്താത്ത പ്രായത്തില്‍ പോലും കറുത്തനിറമുള്ളത് എന്തോ തെറ്റാണെന്ന തരത്തിലാണ് സമൂഹം കുട്ടികളില്‍ പോലും സ്വാധീനം ചെലുത്തുന്നത്. അതവര്‍ക്ക് ഒരു കുറവായി തോന്നുന്നതും അതാണ്. മത്സരത്തിനായ ചെന്നെയിലെത്തുമ്പോള്‍ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഒരുമിച്ചു കണ്ടപ്പോള്‍ ഉള്ളില്‍ ഒരു നിമിഷം ആത്മവിശ്വാസക്കുറവ് തോന്നിയെന്നും ത്രേസ്യ പറയുന്നു. പഴയ അനുഭവങ്ങളെക്കുറിച്ചോര്‍ത്തു പോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എങ്കിലും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്താണ് അവള്‍ മത്സരത്തിന്റെ ഭാഗമായത്. മത്സരത്തില്‍ ടൈറ്റില്‍ വിന്നറായത് എറണാകുളം സ്വദേശി അശ്വിവിക നായരും സെക്കന്റ് റണ്ണറപ്പായത് ചെന്നൈ സ്വദേശിയായ വര്‍ഷിണി വെങ്കട്ടുമാണ്.

അപ്രതീക്ഷമായി മത്സരത്തിലേയ്ക്ക്

ഞാന്‍ ഇതിന് മുന്‍പും ചെറിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അതെല്ലാം റാംപ് എന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു.അതിന് വേണ്ടി പരിശീലിപ്പിക്കാനോ സഹായിക്കാനോ ആരുമുണ്ടായില്ല. എന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് അതില്‍ പങ്കെടുത്തത്. അങ്ങനെയൊരിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കിയിരിക്കുമ്പോളാണ് ഈ മത്സരത്തിന്റെ ഓഡിഷനെക്കുറിച്ചറിയുന്നത്. വെറുതേ കൗതുകത്തിന്റെ പുറത്ത് അതിലേയ്ക്ക് ഞാന്‍ അപ്ലൈ ചെയ്തു. വീട്ടില്‍ അറിയിക്കാതേയാണ് പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്.

കൊച്ചിയില്‍ വച്ചാണ് ഓഡിഷന്‍ എന്നറിഞ്ഞപ്പോള്‍ അവസാനം വീട്ടില്‍നിന്നും അനുവാദം ലഭിച്ചു. കൊച്ചിയില്‍ നടന്ന ഓഡിഷനില്‍ സെലക്ഷന്‍ ഉണ്ടെന്ന് രണ്ടു ദിവസത്തിനുള്ളില്‍ എനിക്ക് കോള്‍ വന്നു. ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല, എങ്കിലും പങ്കെടുക്കാം എന്നു മാത്രം കരുതിയാണ് ഓഡിഷന് പോയത്. മത്സരത്തില്‍ പങ്കെടുക്കാന്‍ 30,000 രൂപ രജിസ്‌ട്രേഷന്‍ വേണമായിരുന്നു. ഇതറഞ്ഞിപ്പോള്‍ വീട്ടില്‍ അതിനുള്ള സ്ഥിതിയുണ്ടായിരുന്നി്ല്ല, പിന്മാറുകയാണ് എന്നവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവരെനിക്ക് ഒരു ആഴ്ചത്തെ സമയം കൂടി നല്‍കിയിട്ട് ആലോചിക്കാന്‍ പറഞ്ഞു.

സുഹൃത്തുകളെന്ന കരുത്ത്

ഇനി ഞാന്‍ എന്തു ചെയ്യുമെന്ന് ഒരു ധാരണയുമില്ലാതെ വിഷമിക്കുകയാണുണ്ടായത്. പണത്തിനായി പല മാര്‍ഗങ്ങള്‍ നോക്കിയിട്ടും ഒരു വഴിയും മുന്നില്‍ വന്നില്ല. അപ്പോഴാണ് ഒട്ടും വിചാരിക്കാതിരുന്ന സമയത്ത് ഓഫീസ് സംസാരങ്ങള്‍ക്കിടയില്‍ സഹപ്രവര്‍ത്തകയും സുഹൃത്തുമായ മഹാരാഷ്്ട്ര സ്വദേശിയായ അശ്വനി ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത്. ഞാനത് ഒഴിവായി, പോകുന്നില്ലെന്നു പറഞ്ഞപ്പോള്‍ അവരാണ് മത്സരിക്കണം നിനക്കുള്ള പണം ഞാന്‍ തരാമെന്ന് പറയുന്നത്. ഞാന്‍ ആവശ്യപ്പെടുകപ്പോലും ചെയ്യാതെയാണ് അവര്‍ പണം നല്‍കുന്നത്. അങ്ങനെ മത്സരത്തിലേയ്ക്ക്  പോകുവാന്‍ തീരുമാനിച്ചു.

ശേഷം കോസ്റ്റിയൂമുകള്‍ക്കായുള്ള പണം നമ്മള്‍ തന്നെ കണ്ടെത്തണമായിരുന്നു. അവിടെയും കോളേജില്‍ ജൂനിയറായി പഠിച്ച മഹേഷ് എന്ന സുഹൃത്താണ് എന്നെ സഹായിച്ചത്. അങ്ങനെ സുഹൃത്തുകള്‍ പലവിധത്തില്‍ നല്‍കിയ സഹായങ്ങള്‍കൊണ്ടാണ് ഞാന്‍ ഈ മത്സരത്തിലേയ്ക്ക് എത്തിപ്പെട്ടതും കിരീടം നേടാന്‍ കഴിഞ്ഞതും. ആഗ്രഹങ്ങള്‍ക്കൊപ്പം ഇത്തരം മേഖലകളില്‍ പണവും വലിയൊരു ഘടകമാണന്ന് അവള്‍ പറയുന്നു. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അന്യമായിപ്പോകുന്നതും ഇത് കൊണ്ടാണെന്നും അവള്‍ പറഞ്ഞു. തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് താന്‍ കിരീടം നേടിയെത്തിയപ്പോള്‍ അമ്മ കരഞ്ഞുപോയെന്നും അവള്‍ പറയുന്നു. 

ബ്രെഡല്‍ ഷൂട്ടുകള്‍ അകലെ

സൗത്ത് ഇന്ത്യന്‍ സൗന്ദര്യറാണിപ്പട്ടം നേടിയിട്ടും ത്രേസ്യയ്ക്ക് മോഡലിങ്ങിനായി ബ്രെഡല്‍ ഷൂട്ടുകള്‍ ലഭിക്കാറില്ലെന്നതും അവള്‍ തന്നെ പറയുന്നു. ഇപ്പോഴും ഒരു വലിയ വിഭാഗം ആളുകള്‍ക്ക് വെളുത്ത നിറമുള്ളവര്‍ക്കാണ് സൗന്ദര്യമെന്നാണ് സങ്കല്‍പം. ബ്രെഡല്‍ ഷൂട്ടുകള്‍ക്കും അത്തരത്തിലുള്ള ആളുകളെയാണ് വിളിക്കുന്നത്. ഒരിക്കല്‍  മുഖത്ത് പാടുകള്‍ ഉണ്ടെന്ന കാരണത്താല്‍ എനിക്ക് ഷൂട്ട് നഷ്ടമായ അവസ്ഥ വന്നിട്ടുണ്ട്. എന്നാല്‍ ഇതിലെല്ലാം മാറ്റം വരാന്‍ ഓരോ മനുഷ്യനും വിചാരിക്കണമെന്നും പതുക്കെ മാത്രമേ ഇതിനെല്ലാം മാറ്റം വരുകയുള്ളുവെന്നും ത്രേസ്യ പറയുന്നു.

പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറാകണം. മോഡലിങ്ങ് നല്ലൊരു വരുമാന മാര്‍ഗമാക്കാന്‍ ഇപ്പോഴും തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവള്‍ സമ്മതിക്കുന്നു. കഴിവുള്ളവര്‍ക്ക് അവസരം കിട്ടാത്തതാണ് പ്രശ്‌നം. തന്നെപ്പോലെ നിരവധി പെണ്‍കുട്ടികള്‍ പണമില്ലാത്തതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചു സാധാരണജീവിതത്തിലേയ്ക്ക് ഒതുങ്ങിപ്പോകുന്നു. അത്തരത്തിലുളളവര്‍ക്കും വേണ്ടിയാണ് താന്‍ തലയുയര്‍ത്തി നില്‍ക്കുന്നതെന്നും ത്രേസ്യ പറയുന്നു. ഇതിനൊപ്പം ഷോ കോറിയോഗ്രാഫിയും ഗ്രൂമിങ്ങും ഇതിനൊപ്പം ത്രേസ്യ ചെയ്യുന്നുണ്ട്. തന്നെപ്പോലെയുള്ള സാധാരണവീട്ടില്‍ നിന്നും വരുന്ന കുട്ടികളോട് തനിക്ക് പറയാനുള്ളത് ഇങ്ങനെയാണ്- സ്വ്പ്‌നങ്ങളെ ഒരിക്കലും ഒഴിവാക്കരുത്, അതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന് വേണ്ടി കഠിനമായി പരിശ്രമിക്കാന്‍ തയ്യാറാകണം. എന്നെങ്കിലുമൊരിക്കല്‍ അതിനെല്ലാം തക്കതായ ഫലമുണ്ടാകും.

വീടെന്ന സ്വപ്നം

വിഴിഞ്ഞത്തിന് സമീപമാണ് പുല്ലുവിളയെന്ന സ്ഥലം. തീരദേശമേഖലയില്‍നിന്നും ഇത്തരത്തില്‍ പ്രതിബന്ധങ്ങളെ തരണം ചെയ്തു ഒരു പെണ്‍കുട്ടി തന്റെ ലക്ഷ്യത്തിലെത്തുന്നത് ഒരു ചെറിയ കാര്യമല്ല. ഇനിയും ഒരുപാട് ലക്ഷ്യങ്ങള്‍ നേടാനുണ്ട്. ഇന്റര്‍നാഷണല്‍ തലത്തില്‍ ഉയരുന്ന ഒരു മോഡലായി വളരണം. ഇന്ത്യയിലെ വലിയ ബ്രാന്‍ഡുകളുടെ കൂടെ പ്രവര്‍ത്തിക്കണം. കൂടാതെ നല്ലൊരു വീടുണ്ടാക്കണമെന്നതും വലിയ ആഗ്രഹമാണ്.-അവള്‍ പറയുന്നു. വാടക വീട്ടിലാണ് ത്രേസ്യയുടേയും കുടുംബത്തിന്റേയും താമസം.

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ- https://mbi.page.link/mbplus