
ഏഴാംവയസ്സില്‍ ദേശീയതലത്തിലെ ഒരു മ്യൂസിക് റിയാലിറ്റി ഷോയില്‍ അവിര്‍ഭവ് എന്ന രണ്ടാംക്ലാസ്സുകാരന്‍ ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല കാരണം വാക്കുകള്‍ കൂട്ടിപ്പറയുന്നതിന് മുമ്പുതന്നെ ഈ കുഞ്ഞുപ്രതിഭ പാടിത്തുടങ്ങിയിരുന്നു. കുട്ടികള്‍ വ്യക്തമായി വര്‍ത്തമാനം പറയുന്ന പ്രായത്തില്‍ സംഗീതം അഭ്യസിക്കാന്‍ ആരംഭിച്ച ആവിർഭവ്, ചേച്ചി അനിര്‍വിന്യ പങ്കെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ആലാപന മത്സരരംഗത്തേക്കെത്തിയത്. സോണി ടി.വി.യിലെ സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ ത്രീയിലൂടെ രാജ്യത്തെ സംഗീതപ്രണയികളുടെ ഹൃദയം അവിര്‍ഭവ് കവര്‍ന്നു. ഏഴ് മാസം കൊണ്ട് റിയാലിറ്റി ഷോയില്‍ ഏറ്റവുമധികം ഫാന്‍സുള്ള സിംഗറായാണ് അവിര്‍ഭവ് സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ടൈറ്റില്‍ വിന്നറായത്. ആലാപനമികവും ഉച്ചാരണത്തികവും ഗാനങ്ങളുടെ തിരഞ്ഞെടുപ്പും മത്സരത്തിനായി അവിര്‍ഭവ് ആലപിച്ച ഗാനങ്ങളെ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാക്കി. മത്സരത്തിന്റെ വിധികര്‍ത്താവ് ഗായിക നേഹ കക്കര്‍ 'എട്ടാമത്തെ ലോകാത്ഭുത'മെന്നാണ് ഈ കുഞ്ഞുഗായകനെ വിശേഷിപ്പിച്ചത്. ഷോയുടെ സമ്മാനത്തുകയായ പത്ത് ലക്ഷം രൂപയ്ക്ക് പുറമേ ഒരു ലക്ഷം രൂപ അവിര്‍ഭവിന് പ്രത്യേകസമ്മാനമായി നേഹ കക്കര്‍ നല്‍കുകയും ചെയ്തു.
ഒന്നരവയസ്സിലാരംഭിച്ച ശാസ്ത്രീയസംഗീതപഠനം, ബോളിവുഡ് ഗാനങ്ങള്‍ അഭ്യസിപ്പിച്ചത് ചേച്ചി
അവിര്‍ഭവും അനിര്‍വിന്യയും കര്‍ണാടകസംഗീതം അഭ്യസിക്കുന്നത് ആനന്ദ് കാവുംവട്ടം എന്ന സംഗീതാധ്യാപകനില്‍നിന്നാണ്. കോഴിക്കോട്ടെ പൊതുവിദ്യാലത്തിലെ സംഗീതാധ്യാപകന്‍ കൂടിയാണ് ആനന്ദ് കാവുംവട്ടം. ഓണ്‍ലൈന്‍ വഴിയും നേരിട്ടും അവിര്‍ഭവും അനിര്‍വിന്യയും മാഷില്‍നിന്ന് സംഗീതം അഭ്യസിക്കുന്നു. കുറേ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് മാഷിനെ കുട്ടികള്‍ക്ക് വേണ്ടി കണ്ടെത്തിയതെന്ന് അവിര്‍ഭവിന്റെ അമ്മ പി.എന്‍. സന്ധ്യ പറയുന്നു.സംഗീതത്തില്‍ സപ്തസ്വരങ്ങളോടൊപ്പം വിനയവും ആവശ്യമാണെന്ന് ശിഷ്യരെ പഠിപ്പിക്കുന്ന മികച്ച അധ്യാപകനെത്തന്നെ മക്കള്‍ക്കായി കണ്ടെത്തിയതിന്റെ സന്തോഷവും അവര്‍ പങ്കുവെച്ചു. കോഴിക്കോട് വന്ന് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുമുണ്ട് അവിര്‍ഭവും അനിര്‍വിന്യയും.
സൂപ്പര്‍ സ്റ്റാര്‍ സിംഗറില്‍ അവതരിപ്പിക്കാനുളള ഗാനങ്ങള്‍ അവിര്‍ഭവിനെ പരിശീലിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ഥിനിയായ അനിര്‍വിന്യയാണ്. സീടീവി യുടെ കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോയുടെ തമിഴ്. തെലുങ്ക് മത്സരങ്ങളില്‍ അനിര്‍വിന്യ പങ്കെടുത്തിരുന്നു. തമിഴില്‍ സെമിഫിനാലെ വരെയെത്തിയ അനിര്‍വിന്യ തെലുങ്കില്‍ തേഡ് റണ്ണറപ്പായിരുന്നു. അനിര്‍വിന്യയ്‌ക്കൊപ്പമെത്തിയ അനിയന് ഷോയുടെ സംഘാടകര്‍ സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ അവസരം നല്‍കി. അന്നത്തെ രണ്ട് വയസ്സുകാരന് ബെസ്റ്റ് എന്റര്‍ടെയ്‌നറിനുള്ള സമ്മാനം നല്‍കിയാണ് ഷോ സംഘാടകര്‍ അഭിനന്ദിച്ചത്. തെലുങ്കിലെ അവിര്‍ഭവിന്റെ പ്രകടനം ഒരുപാട് ആരാധകരെയാണ് ഈ കുഞ്ഞുഗായകന് സമ്മാനിച്ചത്.
അവിര്‍ഭവിനെ തേടിയെത്തിയ അഭിനന്ദനങ്ങളും അവസരങ്ങളും
തെലുങ്ക് റിയാലിറ്റി ഷോയില്‍ അവിര്‍ഭവ് ആലപിച്ച ഗാനങ്ങള്‍ വന്‍പ്രചാരമാണ് നേടിയത്. അവിര്‍ഭവിന്റേയും അനിര്‍വിന്യയുടേയും ആലാപനം ഇഷ്ടമായ പ്രാണം കമലാഖര്‍ എന്ന സംഗീതജ്ഞന്‍ ഇരുവരേയും തന്റെ അടുത്ത ആല്‍ബത്തില്‍ പാടാനായി ക്ഷണിച്ചു. എ.ആര്‍. റഹ്‌മാന്റെ ഫ്‌ളൂട്ടിസ്റ്റാണ് പ്രാണം കമലാഖര്‍. ഉപകരണങ്ങളുടം അകമ്പടിയില്ലാതെ അവിര്‍ഭവിന്റേയും അനിര്‍വിന്യയുടേയും ശബ്ദവും ആലാപനഭംഗിയും മാത്രമാണ് അദ്ദേഹം ഗാനത്തിനായി ഉപയോഗപ്പെടുത്തിയത്. അദ്ദേഹം നേരിട്ട് കൊച്ചിയിലെത്തി സ്റ്റീഫന്‍ ദേവസ്സിയുടെ സ്റ്റുഡിയോയിലാണ് റെക്കോഡിങ് നടത്തിയത്. തുടര്‍ന്ന് രണ്ട് ഗാനങ്ങള്‍ കൂടി പ്രാണം കമലാഖറിന്റെ സംഗീതസംവിധാനത്തില്‍ അവിര്‍ഭവും അനിര്‍വിന്യയും ആലപിച്ചു. ഇതിനിടെ പാല്‍തൂജാന്‍വര്‍, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളില്‍ പാടാനുള്ള അവസരവും അവിര്‍ഭവിനെ തേടിയെത്തി.
അവിര്‍ഭവിന് നാല് വയസ് പ്രായമുള്ളപ്പോള്‍ സോണി ടിവിയില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് കോവിഡ് കാരണം പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. അന്നത് നടക്കാതിരുന്നത് നന്നായിയെന്ന് അവിര്‍ഭവിന്റെ മാതാപിതാക്കള്‍ പറയുന്നു. അത്രയും കാലം കൂടി സംഗീതത്തില്‍ കൂടുതല്‍ പരിശീലനം നേടാനായതായും അത് കൂടുതല്‍ മികച്ച പ്രകടനത്തിന് അവിര്‍ഭവിന് സഹായകമായെന്നുമെന്ന് അവര്‍ പ്രതികരിച്ചു.
മാതൃകയാക്കേണ്ടത് ആ നാട്ടിലെ കലാകാരന്‍മാരുടെ ലാളിത്യവും എളിമയും
ഷോയ്ക്കായി ഏഴ് മാസമാണ് മുംബൈയില്‍ താമസിക്കേണ്ടി വന്നത്. ഭക്ഷണവും താമസസൗകര്യവും എല്ലാം നല്ല രീതിയില്‍ തന്നെയായിരുന്നുവെന്ന് അവിര്‍ഭവിന്റെ അമ്മ സന്ധ്യ പറയുന്നു. നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണമായതിനാൽ ഭക്ഷണകാര്യത്തില്‍ അല്‍പം പ്രയാസമുണ്ടായി എങ്കിലും അതൊരു വിഷമമായി തോന്നിയില്ല. ചില നല്ല കാര്യങ്ങള്‍ക്കായി കുറച്ച് ത്യാഗമൊക്കെ സഹിക്കേണ്ടതല്ലേയെന്ന് സന്ധ്യ ചോദിക്കുന്നു.
ഏറ്റവും പ്രചോദനമായി ആയിത്തോന്നിയത് ഷോയിലെത്തിയ കലാകാരന്‍മാരുടെ ലാളിത്യവും എളിമയുമാണെന്ന് സന്ധ്യ പറയുന്നു. എത്ര വലിയ കലാകാരന്‍മാരായും ഏറെ താഴ്മയോടെ പെരുമാറുന്ന കലാകാരന്‍മാര്‍ അത്ഭുതപ്പെടുത്തി. ഷോയിലെ ഇമോഷണല്‍ മോമെന്റ്‌സെല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. ചെറിയ കുട്ടികളാണെങ്കില്‍ പോലും അവരത്രയ്ക്ക് അറ്റാച്ച്ഡ് ആയിരുന്നു. പരസ്പരം പ്രോത്സാഹിപ്പിച്ചും സ്‌നേഹിച്ചും ഒരു കുടുംബം പോലെയായിരുന്നു. ഇനിയിപ്പോള്‍ പിരിഞ്ഞുപോകുന്നതാണ് എല്ലാവര്‍ക്കും ഏറ്റവും വിഷമമെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
അവിര്‍ഭവിന്റെ കുടുംബത്തില്‍ സംഗീതം പ്രൊഫഷനാക്കിയ ആരും തന്നെയില്ല
അവിര്‍ഭവിന്റെ അച്ഛന്‍ കെ.എസ്. സജിമോനോ അമ്മ സന്ധ്യയോ ഗായകരല്ല. സന്ധ്യയുടെ കുടുംബത്തില്‍ ചിലര്‍ പാടുമെന്നല്ലാതെ ആരും തന്നെ സംഗീതരംഗത്ത് അറിയപ്പെടുന്നവരല്ല. സന്ധ്യയാണ് മക്കളുടെ സംഗീതയാത്രയില്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത്. ജോലിസംബന്ധമായ തിരക്കുകള്‍ കാരണം സജിമോന് എല്ലാകാര്യങ്ങളിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരാറുണ്ട്. കെ.എസ്.ഇ.ബിയുടെ കെ-ഫോണ്‍ സൈറ്റ് എന്‍ജിനിയറാണ് സജിമോന്‍. കഴിയുന്നതുപോലെ മക്കളുടെ സംഗീതത്തിനായി സജിമോന്‍ സമയം കണ്ടെത്തുന്നു. കഴിഞ്ഞ മൂന്ന് മാസമായി അവധിയെടുത്ത് കുടുംബത്തിനോടൊപ്പം മുംബൈയിലാണ് സജിമോന്‍. അടുത്ത ദിവസം മടങ്ങിയെത്തിയാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. ഏഴ് മാസമായി അനിര്‍വിന്യയുടേയും ക്ലാസ്സുകള്‍ മുടങ്ങിയിരിക്കുകയാണ്. തിരികെയെത്തിയിട്ട് വേണം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനെന്ന് പറയുകയാണ് മാതാപിതാക്കള്‍.
ഇന്ത്യയില്‍ നിന്നെത്തിയ കലാകാരനെന്ന് വിദേശരാജ്യങ്ങളില്‍ അറിയപ്പെടണം
ബുധനാഴ്ച കൊച്ചിയിലേക്ക് മടങ്ങിയെത്തുന്ന അവിര്‍ഭവിന് നിരവധി അഭിമുഖങ്ങള്‍ നല്‍കാനുണ്ട്. ചെറിയ കുട്ടിയായതില്‍ കുടുതല്‍ സ്‌ട്രെസ്സ് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ സന്ധ്യ പറയുന്നു. ഏഴ് മാസത്തോളം ഷോയുടെ പിന്നാലെത്തന്നെയായിരുന്നതിനാല്‍ ഇനി കുറച്ചുദിവസം അവിര്‍ഭവിന് വിശ്രമം നല്‍കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഠനത്തിലും മികവുപുലര്‍ത്തുന്ന അവിര്‍ഭവിന് സംഗീതത്തോടൊപ്പം വിദ്യാഭ്യാസത്തിനും അവസരമൊരുക്കുമെന്നും എങ്കിലും സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും സന്ധ്യ വ്യക്തമാക്കി. ഹിന്ദിയിലെ ഷോയില്‍ കേരളത്തില്‍ നിന്നെത്തിയ ഗായകന്‍ എന്ന ലേബല്‍ കിട്ടിയ പോലെ ഭാവിയില്‍ വിദേശരാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നെത്തിയ കലാകാരന്‍ എന്ന പേരില്‍ അറിയപ്പെടാന്‍, രാജ്യത്തിന്റെ പേരുയര്‍ത്തിപ്പിടിക്കാനുതകുന്ന വിധത്തില്‍ മകനെ വളര്‍ത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവിര്‍ഭവിന്റെ മാതാപിതാക്കള്‍ പറയുന്നു.

Content Highlights: Avirbhav wins superstar singer reality show
Published: 06 Aug 2024, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented