ബന്ധുവായ പെണ്‍കുട്ടിക്ക്‌ 22-ാം വയസ്സിലാണ് അന്‍ഷാദ് ഗുരുവായൂര്‍ കരള്‍ ദാനം ചെയ്യുന്നത്. 36 സെന്റിമീറ്റര്‍ ശരീരം മുറിച്ചുള്ള തുറന്ന ശസ്ത്രക്രിയയിലൂടെയാണ് 70 ശതമാനം കരള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടന്നത്. കേരളത്തിലെ ആദ്യത്തെ കരള്‍ദാതാവാണ് അദ്ദേഹം. കേരളത്തില്‍ നിന്ന് മെഡിക്കല്‍ ബോര്‍ഡ് കരള്‍ദാനത്തിന് ആദ്യമായി അനുമതി നല്‍കിയതും ഇദ്ദേഹത്തിനാണ്. ജീവനുള്ള വ്യക്തിയില്‍നിന്ന് കരള്‍ മാറ്റി വെയ്ക്കുന്ന ആദ്യത്തെ ശസ്ത്രക്രിയ കൂടിയായിരുന്നു അന്ന് നടന്നത്. ചരിത്രത്തിന്റെ താളുകളില്‍ ഒരു ജീവനെ ജീവിതത്തിലേക്ക്‌ പിടിച്ചുകയറ്റിയത് സ്വന്തം കരള്‍ കൊണ്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്. വിജയിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന വലിയൊരു പരീക്ഷണത്തിലേക്ക്‌ ഭയമേതുമില്ലാതെ അദ്ദേഹം മുന്നോട്ടുവന്നു. പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതം ഒന്നുംതന്നെ പഴയതുപോലെയായിരുന്നില്ല. ഷെഫ് ആയി ജോലി തുടരാനും ആരോഗ്യം അനുവദിച്ചില്ല. ഷെഫ് ജോലിയില്‍നിന്നു ലോകമറിയുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറായി മാറിയ അന്‍ഷാദ് ഗുരുവായൂരിന്റെ കഥ സംഭവബഹുലമാണ്.

To advertise here,
placeholder
anshadguruvayoor
photo:facebook.com/anshadguruvayoor

കേരളത്തിലെ ആദ്യത്തെ കരള്‍ദാതാവ്

ദുബായില്‍ ജോലി ചെയ്യുന്നതിനിടെയാണ് അന്‍ഷാദിന്റെ ബന്ധുവിന്റെ 16 വയസുള്ള മകള്‍ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. അദ്ദേഹം മകള്‍ക്ക് കരള്‍ ദാനം ചെയ്യുന്നതിനായി നാട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് അന്‍ഷാദ് അവയവദാനത്തിനുള്ള തന്റെ സന്നദ്ധത അറിയിച്ചത്. എന്നാല്‍ 22 വയസുകാരനായ അന്‍ഷാദിനെ തടയുകയും  അദ്ദേഹം നാട്ടിലേയ്ക്ക് പോകുകയും ചെയ്തു. ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെത്തി വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഫാറ്റി ലിവര്‍ പ്രശ്‌നം കണ്ടെത്തുകയും കരള്‍ദാനത്തിന് കഴിയാത്ത അവസ്ഥയും വരികയുണ്ടായി. പിന്നീടും ഡോണറെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതിനാല്‍ അന്‍ഷാദ് തന്നെ വീണ്ടും കരള്‍ദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. 

'ഇതിനായി യു.എ.ഇയില്‍നിന്നു നാട്ടിലെത്തി. ഡല്‍ഹിയില്‍ പോയി കരള്‍ദാനത്തിന് മുന്‍പുള്ള വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതിനായി എന്‍.ഒ.സികള്‍ എടുക്കേണ്ടതുണ്ടായിരുന്നു. മെഡിക്കല്‍ ബോര്‍ഡും മറ്റു അനവധി മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ടുള്ള എന്‍. ഒ.സികളാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കേരളത്തില്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതിയുള്ള കരള്‍ദാനം ജീവനുള്ള ഒരാളില്‍നിന്നു കരളെടുത്ത് നടത്തിയിട്ടില്ലെന്ന് അറിയുന്നത്. 35 എന്‍.ഒ.സികളാണ് ഒരാഴ്ച സമയത്തിനുള്ളില്‍ പൂര്‍ത്തികരിക്കേണ്ടി വന്നത്. ആദ്യത്തെ എന്‍.ഒ.സി കോഴിക്കോട്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആറോളം ഡോക്ടര്‍ന്മാര്‍ അടങ്ങുന്ന സംഘമാണ് നല്‍കിയത്.- അന്‍ഷാദ് പറഞ്ഞു.

ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് ശേഷം വീണ്ടു മാനസികവും ശാരീരികവുമായ വിവിധ പരിശോധനകളും പൂര്‍ത്തിയാക്കി. അന്ന് രക്തം കയറ്റാൻ
വലിയ ബുദ്ധിമുട്ടായിരുന്നു. 34 പേരില്‍ നിന്നാണ് ശസ്ത്രക്രിയയ്ക്കായി രക്തം സ്വരൂപിച്ചത്. ഗംഗാറാം ആശുപത്രിയിലെ പഠിക്കുന്ന വിദ്യാര്‍ഥികളും  നഴ്‌സുമാരുമെല്ലാം രക്തം നല്‍കിയവരിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞാണ് അറിഞ്ഞത്, ഇത്രയും വലിയ സര്‍ജറി ആണെന്ന്. 36 സെമി ശരീരം കട്ട് ചെയ്തുള്ള ഓപ്പണ്‍ സര്‍ജറിയാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു.

വീട്ടില്‍ പറഞ്ഞപ്പോള്‍ കരള്‍ദാനത്തെ ആദ്യം മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. അവര്‍ക്ക്  എന്നെയോര്‍ത്ത് പേടിയായിരുന്നു. പിന്നീട് അവര്‍ സമ്മതം നല്‍കി. ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്‌. ബെഡ് റെസ്റ്റ് വേണ്ടി വരുമെന്നൊന്നും അറിയില്ലായിരുന്നു. മരണപ്പെട്ടേക്കാം എന്നുവരെ ഡോക്ടന്മാര്‍ പറഞ്ഞിരുന്നു. പിന്‍മാറാന്‍ പോലും അവര്‍ ഉപദേശിച്ചു. ഒന്നും പ്രശസ്തിയ്‌ക്കോ പണത്തിനോ വേണ്ടി ചെയ്തതല്ല. ആ കുട്ടിയുടെ ജീവിന്‍ രക്ഷിക്കണമെന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനാല്‍ എന്തും നേരിടാന്‍ മാനസികമായി തയ്യാറായിരുന്നു- അന്‍ഷാദ് പറഞ്ഞു.

ശ്രീ ഗംഗാറാം ആശുപത്രിയില്‍ ഡോ. സോയനിന്റെ നേതൃത്വത്തിലാണ് അന്‍ഷാദിന്റെ കരള്‍ ശസ്ത്രക്രിയ നടന്നത്.

ഷെഫ് ജോലി നഷ്ടപ്പെടുന്നു

2000 മുതല്‍ 2006 വരെ ഷെഫായാണ് അന്‍ഷാദ് ജോലി നോക്കിയിരുന്നത്. ബെംഗളൂരുവിലും കേരളത്തിലുമായി പല റെസ്റ്റോറന്റുകളിലും  കഫേകളിലും മെയിന്‍ ഷെഫായി ജോലി ചെയ്തിരുന്നു. എന്നാല്‍, സര്‍ജറിയ്ക്ക് ശേഷം ഒരു വര്‍ഷത്തോളം അദ്ദേഹത്തിന് ബെഡ് റെസ്റ്റായിരുന്നു. പിന്നീട് ജോലി അന്വേഷിച്ചപ്പോള്‍ ഷെഫായി ജോലി നോക്കാന്‍ സാധിക്കില്ലെന്നു ബോധ്യമായി.' അടുക്കളയിലെ ചൂടത്ത് നിന്നു ജോലി ചെയ്യുന്നത് ശാരീരകമായി ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരുന്നു. പിന്നീട് കോഴിക്കോട്ട്‌ റിസോര്‍ട്ടില്‍  മാനേജരായി ജോലി ചെയ്തു. എന്നാല്‍, ആ ജോലിയില്‍ സംതൃപ്തിയില്ലാതെ വന്നു. എന്തെങ്ങിലും ക്രിയേറ്റീവായി ചെയ്യണമെന്നായിരുന്നു ആഗ്രഹം.

placeholder
anshadguruvayoor
facebook.com/anshadguruvayoor

ഭാര്യയുടെ വള വിറ്റ് വാങ്ങിയ ക്യാമറ

'മാനേജറായുള്ള ജോലിയില്‍ സന്തോഷം തോന്നിയിരുന്നില്ല. അന്ന് ഓര്‍ക്കുട്ടിലൊക്കെ സജീവമായിരുന്നു. ആളുകള്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് കാണുമ്പോള്‍ ഇനിയുള്ള കാലം സോഷ്യല്‍ മീഡിയയുടേതാണെന്ന് വിചാരിച്ചിരുന്നു. ക്യാമറയോട് ചെറുപ്പം തൊട്ടേ വലിയ കൗതുകമായിരുന്നു. സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഫോട്ടോയെടുക്കാന്‍ വലിയ ആഗ്രഹമായിരുന്നു. 

അച്ഛന്റെ സഹോദരന്‍ നാട്ടില്‍ വന്നപ്പോള്‍ സമ്മാനമായി ഒരു ചെറിയ ക്യാമറയും ഫിലിമും തന്നു. അതില്‍ ഫോട്ടോ എടുക്കല്‍ സ്ഥിരം പരിപാടിയായി മാറി. വീട്ടില്‍ മുത്തശ്ശന്റേയും കുട്ടികളുടേയും ഒരുപാട് ചിത്രങ്ങള്‍ ഞാനെടുത്തു. ആ ഫിലിം കഴുകിയെടുക്കാന്‍ പോലും കയ്യില്‍ പണമുണ്ടായിരുന്നില്ല- അന്‍ഷാദ് പറഞ്ഞു.

ഫോട്ടോഗ്രാഫര്‍ ആകുവാന്‍ പോകുവാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. ക്യാമറ വാങ്ങാന്‍ കൈയ്യില്‍ പണം ഉണ്ടായില്ല. അന്ന് വിവാഹിതനായിരുന്നു. ഭാര്യയുടെ വള വാങ്ങി വിറ്റാണ് ക്യാമറ വാങ്ങിയത്. ക്യാമറയുടെ കാര്യത്തില്‍ ഭാര്യയും എതിര്‍പ്പു പ്രകടിപ്പിച്ചു. ക്യാമറയെക്കുറിച്ച് ഒന്നുതന്നെ അറിയില്ലായിരുന്നു. പടമെടുത്താണ് ക്യാമറ ഉപയോഗിക്കാന്‍ പഠിക്കുന്നത്. പുല്ലിലിരിക്കുന്ന തുമ്പി, പശുവിന്റെ പുറത്തെ കാക്ക എന്നിങ്ങനെയൊക്കെയുള്ള ചിത്രങ്ങളെടുത്ത് നടന്നു. ചുറ്റുമുള്ളവര്‍ അന്ന് എനിക്ക് തലയ്ക്ക് സുഖമില്ലെന്നും പറഞ്ഞു.

ജോലി നഷ്ടപ്പെടുത്തിയ ക്യാമറ ഭ്രമം

പിന്നീട് അബുദാബിയില്‍ അര്‍ദ്ധസര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടിയിരുന്നു. അക്കാലത്ത് ക്യാമറ വലിയ ഭ്രമമായി മാറി. ജോലി ചെയ്യുന്ന സമയത്ത് ഫോട്ടോഗ്രാഫിയുമായി നടക്കുന്നത് ഓഫീസില്‍ അറിഞ്ഞു.  ജോലിസമയത്ത് ബോസ് കംപ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ ക്യാമറയെക്കുറിച്ച് ഞാന്‍ ഗവേഷണം ചെയ്യുന്നത് കാണാനിടയായി  പാസ്‌പോര്‍ട്ട് കൊടുക്കാന്‍  അദ്ദേഹം പറഞ്ഞു, കൊടുത്തുപ്പോള്‍ അത് ക്യാന്‍സല്‍ അടിച്ചു കയ്യില്‍ തന്നു. അങ്ങനെ ജോലി നഷ്ടപ്പെട്ടു. നാട്ടില്‍ വന്നു വേറെ പലതും ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍, ജോലിയൊന്നും തരപ്പെട്ടില്ല. അങ്ങനെയാണ് നെല്ലറ ഷംസുക്ക എന്നെ അദ്ദേഹത്തിന്റെ ദുബായിലെ റെസ്റ്റോറന്റിലേയ്ക്ക്  കൊണ്ടുപോകുന്നത്.

placeholder
anshadguruvayoor
facebook.com/anshadguruvayoor


ആദ്യ പ്രതിഫലം എം.എ. യൂസഫലിയില്‍നിന്ന്

'ദുബായിലെത്തിയപ്പോള്‍ റെസ്‌റ്റോറന്റിന്റെ പണി നടക്കുന്നതിനാല്‍ ഷംസുക്ക എന്നെ പുറത്തുകൊണ്ടുപോകുമായിരുന്നു.  ഞാന്‍ പോകുന്ന പരിപാടികളിലൊക്കെ അദ്ദേഹത്തിന്റെ ക്യാമറയില്‍ ചിത്രമെടുത്തിരുന്നു. അന്ന് അദ്ദേഹമാണ് നീ ഫോട്ടോഗ്രാഫിയിലേയ്ക്ക് ശ്രദ്ധിക്കുന്നതാണ്  കൂടുതല്‍ നല്ലതെന്ന ഉപദേശം നല്‍കിയത്.

അങ്ങനെയെനിക്ക് ഒരു പരിപാടിയില്‍ ഫോട്ടോയെടുക്കാന്‍ അവസരം ലഭിച്ചു. ഫ്രീലാന്‍സ് വര്‍ക്കായിരുന്നു. പ്രധാനവേദിയില്‍ പടമെടുക്കുന്നതിനിടയില്‍ എം.എ. യൂസഫലിയെ കണ്ടു. അദ്ദേഹത്തിന്റെ കുറച്ച് ചിത്രങ്ങള്‍ അന്നെടുത്തു. ഇത് കണ്ട അദ്ദേഹം ഫോട്ടോ കാണിക്കാന്‍ ആവശ്യപ്പെടുകയും ആ ചിത്രങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തു. അദ്ദേഹം ആ ചിത്രങ്ങള്‍ ചോദിച്ചു. അതിന്  2500 രൂപ സമ്മാനമായി അദ്ദേഹം തന്നു. അതായിരുന്നു എന്റെ ഫോട്ടോഗ്രാഫിയില്‍ നിന്നുള്ള ആദ്യം പ്രതിഫലം. അതുപയോഗിച്ചാണ്  ആദ്യമായി പ്രൊഫഷണല്‍ ഫ്‌ളാഷ്  മേടിച്ചത്. അവിടെനിന്നു ഞാനൊരു ഫോട്ടോഗ്രാഫറായി ജോലി തുടങ്ങി. ഈ 16 വര്‍ഷത്തിന് ശേഷവും എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല'

കിം കര്‍ദാഷിയന്റെ ചിത്രം ഒറ്റയ്ക്ക് എടുത്തപ്പോള്‍

പിന്നീട് ഇവന്റ് ഫോട്ടോഗ്രാഫിയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിരവധി ഇന്റര്‍നാഷണല്‍ സെലിബ്രിറ്റികളോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് അങ്ങനെയാണ്. അത്തരത്തില്‍ ഒരു പെര്‍ഫ്യൂം കടയും ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കിം കര്‍ദാഷിയന്റെ ചിത്രമെടുക്കാന്‍ കഴിഞ്ഞത്. അവര്‍ അത്ര വലിയ സെലിബ്രിറ്റിയാണെന്ന്  എനിക്ക് ആദ്യം അറിയില്ലായിരുന്നു. രണ്ടു നിലകളിലായാണ് ആ കട നിലകൊള്ളുന്നത്. കവാടത്തിലെ  ഫോട്ടെയെടുക്കാനാണ് എനിക്ക്  ചുമതല തന്നത്.

പരിപാടി തുടങ്ങുമ്പോള്‍ ദുബായിലെ പ്രമുഖനായ ഷെയ്ക്ക് കടയില്‍ വന്നതിനെത്തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍മാരെല്ലാം അദ്ദേഹത്തോടൊപ്പം മുകളിലെ നിലയിലേയ്ക്ക് പോയി. കവാടത്തിലെ ചുമതല എനിക്കുള്ളതിനാല്‍ എനിക്ക് പോകുവാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ലംബോര്‍ഗിനിയില്‍ കിം കര്‍ദാഷിയാന്‍ വന്നിറങ്ങിയത്. അവര്‍ വരുമ്പോള്‍ ഞാന്‍ ഒരാള്‍ മാത്രമായിരുന്നു ഫോട്ടെയെടുക്കാന്‍ ഉണ്ടായിരുന്നത്. അത് കണ്ട് അവര്‍ ഞൈട്ടിപ്പോയിട്ടുണ്ടാകും. അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരിക്കും അത്. ആരും വേറെയില്ലാതിരുന്നതിനാല്‍  ഒററയ്ക്ക് അവരുടെ കുറെ ചിത്രങ്ങളെടുക്കാന്‍ എനിക്ക് കഴിഞ്ഞു. പെട്ടെന്ന് തന്നെ അവരു വന്നത് അറിഞ്ഞു 100 ഫോട്ടോഗ്രാഫര്‍മാര്‍ ഓടി വരികയും അവരുടെ ചുറ്റും കൂടിനിന്ന് ഒരുപാട് ചിത്രങ്ങളെടുക്കുകയും ചെയ്തു.


കുതിരയോട്ട മത്സരവും ഫാഷനും

ഫോട്ടോഗ്രാഫിയില്‍ വളര്‍ച്ചയ്ക്ക് കാരണമായത്  അല്‍ ഫോര്‍സാന്‍ റിസോര്‍ട്ടിന്റെ ഡയറക്ടറായ അഹമ്മദ്  അല്‍ഹാദിയാണെന്നാണ് അന്‍ഷാദിന്റെ മറുപടി.അദ്ദേഹമാണ് തന്നെ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫറാക്കി മാറ്റിയതെന്നും അന്‍ഷാദ് പറയുന്നു.അഹമ്മദ്  അല്‍ഹാദിയോടൊപ്പം ജോലി ചെയ്തപ്പോൾ അദ്ദേഹം ഒരുപാട് അവസരങ്ങള്‍ നല്‍കി. പ്രസിഡന്റ് കപ്പ്, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്, വേള്‍ഡ് കപ്പ് തുടങ്ങിയ വേദികളും അവസരങ്ങളും  അദ്ദേഹമാണ് നല്‍കിയത്.

റോയല്‍ ഫാമിലികളുടെ ഫോട്ടോഷൂട്ടൊക്കെ ചെയ്യാന്‍ കഴിഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ ആദ്യം ജോലി ചെയ്തിരുന്ന ഫെഡറേഷന്റെ ജോലികളും എനിക്ക് പിന്നീട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. മെസഞ്ചറായി ജോലി ചെയ്ത കമ്പനിയുടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാകാന്‍ പിന്നീടെനിക്ക് കഴിഞ്ഞു. അത് വലിയൊരു ഭാഗ്യമാണെന്നാണ് കരുതുന്നത്. ക്രസ്റ്റിയാനോ റൊണാള്‍ഡോയെ ഫോട്ടോഷൂട്ട് ചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട്.

placeholder
anshadguruvayoor
facebook.com/anshadguruvayoor

ദുബായ് മൗണ്ടന്‍ പോലീസിന്റെ ഫോട്ടോഗ്രാഫറായി 16 വര്‍ഷം ജോലി ചെയ്തു. 2024 വരെ അവര്‍ക്ക് വേണ്ടി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇവന്റ് ഫോട്ടോഗ്രാഫിയിലൂടെയാണ് ഹോഴ്‌സ് റൈഡ് ഫോട്ടോഷൂട്ടിലെത്തുന്നത്. അത്തരം ഇന്റര്‍നാഷണല്‍ ഇവന്റുകളില്‍ ഫാഷനും വലിയ സാധ്യതയായിരുന്നു. അങ്ങനെയാണ് ഫാഷന്‍ ഫോട്ടോഗ്രഫിയിലേയ്ക്ക് എത്തുന്നത്. പിന്നീട് പ്രധാനമായും കുതിരയോട്ട മത്സരവും ഫാഷനും മാത്രമായി എന്റെ ഫോട്ടോഗ്രാഫി വളര്‍ന്നു.

placeholder
anshadguruvayoor
ദുബായിലെ ജീവിതത്തിരക്കുകളില്‍ കേരളത്തില്‍ വന്നു നില്‍ക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതിനിടയില്‍ പഴയ സര്‍ജറിയുടെ പല പ്രശ്‌നങ്ങളും എനിക്കുണ്ടായി. സര്‍ജിക്കല്‍ സ്‌കാര്‍ പൊട്ടിയതും ഹെര്‍ണിയ വന്നതുമെല്ലാം പല ബുദ്ധിമുട്ടുകളുമുണ്ടാത്തി. അതിനെത്തുടര്‍ന്നുള്ള സര്‍ജറികളുമൊക്കെയായപ്പോള്‍ നാട്ടിലേയ്ക്ക് വരണമെന്ന് ആഗ്രഹമായി. തിരക്കുകള്‍ ഒഴിഞ്ഞ് നാട്ടില്‍ സമാധാനമായി ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടായി. അങ്ങനെയാണ് നാട്ടിലേയ്ക്കുള്ള ജോലി അന്വേഷണം തുടങ്ങുന്നത്.

ഇതിനിടയില്‍ കോഴിക്കോട് ഗുദാം ആര്‍ട്ട് കഫേയുടെ ഉടമയായ ബഷീര്‍ക്കയെ പരിചയപ്പെട്ടത് ജീവിതത്തിലെ വലിയ വഴിത്തിരിവായി. അവിടെ വിന്റേജ് സ്റ്റുഡിയോയുടെ ഒപ്പമാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ പാചകവും ഫോട്ടോഗ്രഫിയും ഒരുമിപ്പിക്കാന്‍ ഈ സ്ഥലം കൂടുതല്‍ ഗുണകരമായി അങ്ങനെയാണ് കോഴിക്കോട്ട്‌ നിലയുറിപ്പിക്കുന്നത്. നാഷിദ ബാനുവാണ് ഭാര്യ.  അനസ്, ബാസില്‍, അയാന്‍ എന്നിവർ മക്കൾ. മൂന്നു മക്കളും ഒരേ മാസം ഒരേ തീയതിയിലാണ് ജനിച്ചത്. ഗുരുവായൂര്‍ ഇടപ്പള്ളി എം.വി.അബുവിന്റേയും റംലത്തിന്റേയും മകനാണ് അൻഷാദ്‌.