ഹരിപ്പാട്: ’നിയമസഭകളിൽ സ്ത്രീകളെ സംബന്ധിക്കുന്ന ഗൗരവതരമായ പല കാര്യങ്ങളും വാദപ്രതിവാദത്തിനു വരുന്നുണ്ട്. അതുകൊണ്ട്, ശ്രീമൂലം പ്രജാസഭയിലും നിയമസഭയിലും സ്ത്രീകൾക്ക് തക്കതായ പ്രാതിനിധ്യം അനുവദിക്കേണ്ട കാലം വൈകിയിരിക്കുന്നു’ -100 വർഷം മുൻപ് മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മ മുതുകുളത്തു നടത്തിയ പ്രസംഗത്തിലെ വരികളാണിത്.

To advertise here,

സ്ത്രീ സംവരണവും അവകാശങ്ങളും ചർച്ചയാകുന്നതിനും മുൻപായിരുന്നു ദീർഘവീക്ഷണത്തോടെയുള്ള ആ വാക്കുകൾ. 1925 മേയിൽ മുതുകുളത്തു നടന്ന എസ്.എൻ.ഡി.പി. യോഗം സ്ത്രീസമാജത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ആ പ്രസംഗം മേയ് 23-ന് ‘മാതൃഭൂമി’ വിശദമായി പ്രസിദ്ധീകരിച്ചു.

എസ്.എൻ.ഡി.പി. യോഗത്തിന്റെ അന്നത്തെ പ്രധാന നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു. അവർക്കു മുൻപിൽ മലബാറിലെയും തിരുവിതാംകൂറിലെയും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയാണ് ഭാനുമതിയമ്മ സംസാരിച്ചത്.

ആദ്യഘട്ടത്തിൽ, നിയമസഭയിലും പ്രജാസഭയിലും നാമനിർദേശത്തിലൂടെ മാത്രമേ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാനാകൂ. സ്ത്രീകൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണം -അവർ പറഞ്ഞു. ഏറെക്കാലത്തിനുശേഷം ഈ ആവശ്യം നടപ്പായി. പക്ഷേ, അന്ന് ഭാനുമതിയമ്മയെ ആരും ഓർത്തില്ല.

അന്ന്, അനുവദിച്ചിട്ടില്ലാതിരുന്ന ചില ഉദ്യോഗങ്ങൾ സ്ത്രീകൾക്ക് വിട്ടുകൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഞ്ചൽവകുപ്പിലെ ഗുമസ്തജോലി, പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപക ജോലി തുടങ്ങിയവ സ്ത്രീകളെ ഏൽപ്പിച്ചാൽ ഗുണകരമാകുമെന്നും സ്ത്രീകൾ വ്യവസായകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. ആശാന്റെ മരണശേഷം അദ്ദേഹത്തിന്റെ പുസ്തകശാലയും ഓട്ടുഫാക്ടറിയും നോക്കിനടത്തിയതിന്റെ അനുഭവത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഡോ. പൽപ്പുവിന്റെ ഇളയച്ഛനും എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായിരുന്ന എം. കുമാരു റൈറ്ററുടെ മകളായിരുന്നു ഭാനുമതിയമ്മ. 1901-ലായിരുന്നു ജനനം. മൂത്തസഹോദരിയുടെ അകാലവിയോഗം കാരണം പതിനഞ്ചാം വയസ്സിൽ പഠനം നിർത്തി. പതിനേഴാം വയസ്സിൽ കുമാരനാശാനെ വിവാഹം കഴിച്ചു. ഏഴുവർഷത്തിനുശേഷം 1924-ലായിരുന്നു ആശാന്റെ വിയോഗം. മൂന്നും അഞ്ചും വയസ്സുള്ള കുട്ടികളുമായാണ് ഭാനുമതിയമ്മ, ആശാന്റെ സ്ഥാപനങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോയത്.

ആശാൻ കൃതികൾ സമാഹരിച്ച് മൂന്നു വാല്യങ്ങളായി അവർ പ്രസിദ്ധീകരിച്ചു. ആശാൻ അന്ത്യവിശ്രമംകൊള്ളുന്ന പല്ലന കുമാരകോടിയിൽ യു.പി. സ്കൂളും സ്ഥാപിച്ചു. അന്നത്തെ സ്ത്രീകൾക്ക് ചിന്തിക്കാൻപോലും കഴിയാത്ത വഴികളിലൂടെ സഞ്ചരിച്ച ഭാനുമതിയമ്മ, 1975-ൽ അന്തരിച്ചു.