
ചിലര്‍ അങ്ങനെയാണ് ഒരു ചിത്രശലഭം പോലെ, വര്‍ണാഭമായ ജീവിതം നയിച്ച് പെട്ടന്നൊരു ദിവസം എങ്ങോട്ടോ പറന്നുേപാകും, സുബിയെപ്പോലെ. എന്റെ സഹോദരിയായിരുന്നു സുബി. അത്രയേറെ ദിനങ്ങള്‍ ഞങ്ങള്‍ ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കിടെയാണ് ഞാന്‍ സുബിയെ ആദ്യമായി പരിചയെപ്പടുന്നത്. അന്ന് അതിഥികളെ വരവേല്‍ക്കാനുള്ള ടീമില്‍ എനിക്കൊപ്പം സുബിയുമുണ്ടായിരുന്നു. സെറ്റ് മുണ്ടൊക്കെ ഉടുത്ത് ഒരു മെലിഞ്ഞ പെണ്‍കുട്ടി, അതായിരുന്നു അന്ന് സുബി. അക്കാലത്ത് അവള്‍ എറണാകുളത്ത് പഠിക്കുകയാണ്.
പിന്നീട് ഞങ്ങള്‍ കാണുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും ഏഷ്യാനെറ്റിലെ ഹാസ്യപരിപാടിയായ 'സിനിമാല'യില്‍െവച്ചാണ്. ഡയാന ചേച്ചി സംവിധാനം ചെയ്ത 'സിനിമാല'യില്‍ ആദ്യഘട്ടം മുതല്‍ ഉണ്ടായിരുന്ന സ്ത്രീ അഭിനേതാക്കള്‍ ഞാനും സുബിയുമായിരുന്നു. പതിനഞ്ച് കൊല്ലത്തോളം ഞങ്ങള്‍ ഒന്നിച്ച് സിനിമാലയുടെ നിരവധി എപ്പിസോഡുകള്‍ അഭിനയിച്ചു. ഞാന്‍ സുബിയുടെ അമ്മ, ചേച്ചി, കൂട്ടുകാരി, ശത്രു തുടങ്ങി വിവിധ വേഷങ്ങള്‍ ചെയ്തു. അതിന്റെ കൂടെത്തന്നെ ഒന്നിച്ച് ഒരുപാട് സ്‌റ്റേജ് ഷോകളും ചെയ്തു.
സുബി സ്റ്റേജില്‍ എന്നേക്കാള്‍ മിടുക്കിയാണ്. സ്‌കിറ്റ് ചെയ്യുന്നതിലും ആങ്കറിങ് ചെയ്യുന്നതിലുമെല്ലാം അവള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ വിവിധ കഥാപാത്രങ്ങള്‍ ചെയ്ത അതേ സമയത്ത് സുബി സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകള്‍ ഇടതടവില്ലാതെ പറന്നു. എന്നും വിളിക്കുന്ന സൗഹൃദമായിരുന്നില്ല ഞങ്ങളുടേത്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കും, നേരിട്ട് കാണുമ്പോള്‍ സ്‌നേഹം കൈമാറും. അതായിരുന്നു ഞങ്ങളുെട രീതി.
കുടുംബമായിരുന്നു എല്ലാം
കുടുംബത്തിന് വേണ്ടിയാണ് അവള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗവും ചെലവഴിച്ചത്. സുബിയുെട പിതാവിന് കുറേ വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതമൂലം അതെല്ലാം വില്‍ക്കേണ്ടി വന്നു. പിതാവിന്റെ മരണശേഷം അവളും അമ്മയും സഹോദരനും വാടക വീട്ടിലായിരുന്നു താമസിച്ചത്. സമ്പാദിച്ച കാശുകൊണ്ട് എട്ടുവര്‍ഷം മുന്‍പ് അവള്‍ നല്ലൊരു വീടുവെച്ചു. അന്ന് ഗൃഹപ്രവേശത്തിന് ഞങ്ങളെല്ലാം പോയിരുന്നു. സുബിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനമായിരുന്നു അത്. അവള്‍ അന്ന് എന്നോട് പറഞ്ഞു 'ചേച്ചീ, ഉണ്ടായതെല്ലാം നഷ്ടപ്പടുത്തിയ ശേഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. അതെല്ലാം തിരിച്ചുപിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.'' പറഞ്ഞതുപോലെ അവളെല്ലാം തിരിച്ചുപിടിച്ചു. ടിപ്പര്‍, ടെമ്പോ ട്രാവലര്‍, ലോറി എന്നിവ വീണ്ടും വാങ്ങിച്ചു. അനിയന് പുതിയൊരു വീട് വെച്ചുകൊടുത്തു. അടുത്തിടെ ആ വാഹനങ്ങളെല്ലാം വിറ്റ് കുറച്ച് സ്ഥലം ദേശീയ പാതയ്ക്കരികില്‍ വാങ്ങി. ഒരുതരത്തിലും പണം ധൂര്‍ത്തടിച്ചിരുന്നില്ല. ചുറ്റുമുള്ളവരെയെല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകേത്താട് വിടപറഞ്ഞത്.
പൊലിഞ്ഞുപോയ സ്വപ്നം
കാണുമ്പോള്‍ പലപ്പോഴും അവള്‍ ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് പറയും. ഉറക്കമില്ലാതെ തുടര്‍ച്ചയായി പരിപാടികള്‍ ചെയ്യുന്നത് കൊണ്ടാകാം അതെല്ലാം എന്നേ അന്ന് ഞാന്‍ വിചാരിച്ചുള്ളൂ. ഒരിക്കലും ഇത്ര വലിയ അസുഖം ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. അവളോട് ഞാന്‍ എപ്പോഴും ചോദിക്കും,''സുബീ, എപ്പോഴും ഇങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ മതിയോ, നിനക്കും ഒരു വിവാഹമെല്ലാം കഴിക്കണ്ടേ?'' ''സമയമാകട്ടെ ചേച്ചീ, ഇപ്പോള്‍ നല്ല സന്തോഷമുണ്ട്, വലിയ ദു:ഖമൊന്നുമില്ല. ഇങ്ങനെത്തന്നെയങ്ങ് പോകട്ടെ'' എന്നവള്‍ പറയും.
എവിടെ പരിപാടിക്ക് പോയാലും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എനിക്ക് നിര്‍ബന്ധമാണ്. എന്നാല്‍ സുബി ആ കാര്യത്തില്‍ തിരിച്ചും. ഭക്ഷണം കഴിക്കാന്‍ മടിച്ചിയാണ്. നിര്‍ബന്ധങ്ങളൊന്നുമില്ല, മോരു കറിയും ചോറും കിട്ടിയാല്‍ ഹാപ്പി. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം എന്ന് അവളോട് ഞാനടക്കം പലരും പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് ഒരുപാട് ദിവസം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. മിമിക്രി കലാകാരന്മരുടെ സംഘടനയായ 'മാ' സംഘടിപ്പിച്ച ഷോയില്‍ ഞങ്ങളുണ്ടായിരുന്നു. ആ സമയത്തുതന്നെ ഒരു സ്വകാര്യ ചാനലിനു വേണ്ടി സ്ത്രീ കോമഡി താരങ്ങളുടെ ഒരു പ്രോഗ്രാം ചെയ്തിരുന്നു. അതില്‍ തെക്കേക്കര, വടക്കേക്കര എന്നിങ്ങനെ രണ്ട് ടീമായാണ് പ്രോഗ്രാം അവതരിപ്പിച്ചത്. അതില്‍ തെക്കേക്കരയുടെ ക്യാപ്റ്റനായി സുബിയും വടക്കേക്കരയുടെ ക്യാപ്റ്റനായി ഞാനും. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങളില്‍ ഒന്നായിരുന്നു അത്. ഷൂട്ടിങ് ദിവസം സുബിയുടെ ജന്മദിനമായിരുന്നു. ലൊക്കേഷനില്‍ എല്ലാവരുംകൂടി ആഘോഷിച്ചു. സുബി കേക്ക് മുറിച്ചശേഷം ഇങ്ങെന പറഞ്ഞു: ''ഈ കേക്ക് ഞാന്‍ ആദ്യം കൊടുക്കാന്‍ ആ്രഗഹിക്കുന്ന ഒരാള്‍ ഇവിടെ നില്‍ക്കുന്നുണ്ട്.'' ആരാകും അത് എന്ന് വിചാരിച്ച് ഞാന്‍ എല്ലാവെരയും നോക്കി. ''തെസ്‌നിത്താ, വാ...'' എന്ന് പറഞ്ഞ് സുബി ആ പിറന്നാള്‍ മധുരം പകര്‍ന്നപ്പോള്‍ അറിയാതെ എന്റെ കണ്ണുനിറഞ്ഞു.
ബാക്കിയായ വ്‌ളോഗ് ഷൂട്ട്
കുറച്ച് സിനിമകള്‍ മാത്രമേ സുബിക്ക് അഭിനയിക്കാനായിട്ടുള്ളൂ. അഭിനയിച്ച സിനിമകളിലെല്ലാം കിട്ടിയ കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കാന്‍ അവള്‍ക്ക് സാധിച്ചിട്ടുണ്ട്. സുബിക്ക് നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് മുന്നില്‍ വരുന്ന അവസരങ്ങള്‍ ഏതായാലും അവളത് നല്ല രീതിയില്‍ ഉപേയാഗിക്കുമായിരുന്നു. അവളുടെ വിവാഹം തീരുമാനിച്ച വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്. കുറച്ച് വൈകിയെങ്കിലും നല്ലൊരാളെ ആയിരുന്നു അവള്‍ പങ്കാളിയാക്കാന്‍ കണ്ടെത്തിയത്. ആ സന്തോഷനിമിഷത്തിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് കൈയകലത്തില്‍ അവളെ ദൈവം തിരികെ വിളിച്ചു.
ഇപ്പോള്‍ ആലോചിക്കുേമ്പാള്‍ സങ്കടപ്പെടുത്തുന്ന ഒരു കാര്യം, അവളുടെ യൂട്യൂബ് ചാനലിലേക്ക് ഒരു വ്‌ളോഗ് ചെയ്യാന്‍ പലവട്ടം എന്നെ വിളിച്ചിരുന്നു. എന്നാല്‍ പല തിരക്കുകള്‍ കാരണം അപ്പോഴൊന്നും അത് നടന്നില്ല. ഇനി ഒരിക്കലും ഞങ്ങള്‍ക്ക് ആ വ്ളോഗ് ഷൂട്ട് ചെയ്യാനുമാകില്ല.
Content Highlights: thesni khan shares memories with friend and actress subi suresh
Published: 12 Apr 2023, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented