മണിക്കൂറുകൾ ഉറങ്ങിയാലും എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുക, അല്ലെങ്കിൽ ഉറക്കമേയില്ല എന്ന അവസ്ഥ, ഒന്നിനും ഒരു ഉന്മേഷം ഇല്ലാതെ വരിക, എല്ലായ്‌പ്പോഴും വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കമ്പോഴാണ് പലരും ഡോക്ടറെ കാണാൻ തയ്യാറാവുക. തുടർന്ന് നടത്തുന്ന പരിശോധനയിലായിരിക്കും സംഗതി സമ്മർദമാണെന്ന് തിരിച്ചറിയുന്നതും. പലപ്പോഴും ജീവിത സാഹചര്യങ്ങളെയാണ് സമ്മർദത്തിന് കാരണക്കാരായി നാം ചിത്രീകരിക്കുക. എന്നാൽ ന്യൂറോ എൻഡോക്രൈനോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇന്റർനെറ്റ് അടിമത്തവും സമ്മർദത്തിന് കാരണമായേക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റൊന്നുകൂടി ഈ പഠനം മുന്നോട്ടുവയ്ക്കുന്നുണ്ട്. സാധാരണഗതിയിൽ ശരീരത്തിലെ സമ്മർദത്തിന്റെ അളവ് മനസ്സിലാക്കുന്നത് രക്തത്തിലെ കോർട്ടിസോളിന്റെ അളവ് പരിശോധിച്ചാണ്. എന്നാൽ രക്തപരിശോധനകൾക്ക് കണ്ടെത്താൻ കഴിയാത്ത ദീർഘകാല സ്‌ട്രെസ്സ് ലെവലുകൾ കൃത്യമായി അളക്കാൻ ഇനി വ്യക്തികളുടെ മുടിയിഴകൾ പരിശോധിച്ചാൽ മതിയാകുമെന്ന് പഠനം പറയുന്നു.

To advertise here,

രക്തപരിശോധനയേക്കാൾ കൃത്യത മുടി പരിശോധനയ്ക്ക്

രക്തം, ഉമിനീർ, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെ വ്യക്തിയുടെ സ്‌ട്രെസ് നില അളക്കുന്നതിൽ വലിയ സാങ്കേതിക പരിമിതികളുണ്ട്. രക്തത്തിലോ ഉമിനീരിലോ കാണുന്ന കോർട്ടിസോളിന്റെ അളവ് പരിശോധന നടക്കുന്ന ആ നിമിഷത്തെയോ അല്ലെങ്കിൽ ഏതാനും മണിക്കൂറുകളെയോ മാത്രമാണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തി ആശുപത്രിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന താൽക്കാലിക ഭയമോ, സൂചി കുത്തുമ്പോഴുള്ള സമ്മർദ്ദമോ പോലും രക്തത്തിലെ കോർട്ടിസോൾ അളവ് അനാവശ്യമായി ഉയർത്താൻ കാരണമായേക്കാം. എന്നാൽ മുടിയിഴകളിൽ നടത്തുന്ന ബയോമാർക്കർ പരിശോധനയിലൂടൊസങ്ങളോളമുള്ള വിട്ടുമാറാത്ത കടുത്ത സ്‌ട്രെസ്സ് കൃത്യമായി കണ്ടെത്താൻ സാധിക്കും.

മനുഷ്യശരീരത്തിലെ ഹോർമോൺ രേഖകൾ സൂക്ഷിക്കുന്ന ഒരു നാച്വറൽ ഡയറിയായാണ് തലമുടി പ്രവർത്തിക്കുന്നത്. തലമുടി പ്രതിമാസം ശരാശരി ഒരു സെന്റീമീറ്റർ എന്ന തോതിലാണ് വളരുന്നത്.മുടി വളരുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകളിൽ നിന്ന് കോർട്ടിസോളും അതിന്റെ നിഷ്‌ക്രിയ രൂപമായ കോർട്ടിസോണും മുടിയുടെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അവിടെ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു. തലയോട്ടിക്ക് സമീപമുള്ള 3 സെന്റീമീറ്റർ നീളമുള്ള മുടിയിഴകൾ പരിശോധിക്കുന്നതിലൂടെ 3 മാസത്തെ ഹോർമോൺ വ്യതിയാനങ്ങൾ കൃത്യമായി വിശകലനം ചെയ്യാൻ സാധിക്കും.

കടുത്ത സ്‌ട്രെസ് ഉള്ളവരിൽ കോർട്ടിസോൾ അളവ് വളരെ ഉയർന്നു നിൽക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഡിജിറ്റൽ അഡിക്ഷന്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ് സംഭവിക്കുന്നത്. നിരന്തരമായി ഡിജിറ്റൽ ഉത്തേജനം ലഭിച്ചുകൊണ്ടിരിക്കുന്നത് കാരണം തലച്ചോറും അഡ്രിനൽ ഗ്രന്ഥികളും നിരന്തരം പ്രവർത്തിച്ച് ഒടുവിൽ തളർന്നുപോകുന്ന അവസ്ഥയിലെത്തുന്നു. ഇത് കാരണം ശരീരത്തിന് ആവശ്യത്തിന് കോർട്ടിസോൾ ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരുന്നു. ശരീരത്തിലെ സ്‌ട്രെസ് ഹോർമോൺ അളവ് കൃത്യമല്ലെങ്കിൽ അത് മനുഷ്യന്റെ പ്രതിരോധശേഷിയെയും , ഉറക്കത്തെയും, ദഹനവ്യവസ്ഥയെയും, വൈകാരിക നിയന്ത്രണത്തെയും നേരിട്ട് ബാധിക്കും. യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികളെയോ സന്തോഷങ്ങളെയോ സ്വാഭാവികമായ രീതിയിൽ ഉൾക്കൊള്ളാൻ ഇത്തരക്കാരുടെ മസ്തിഷ്‌കത്തിന് സാധിക്കാതെ വരുന്നു.

തുടർച്ചയായി സോഷ്യൽ മീഡിയ റീലുകൾ കാണുമ്പോഴും, ഓൺലൈൻ ഗെയിമുകൾ കളിക്കുമ്പോഴും, അല്ലെങ്കിൽ ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുമ്പോഴും തലച്ചോറിൽ അനാവശ്യമായ തോതിൽ ഡോപ്പമൈൻ ഉത്പാദിപ്പിക്കപ്പെടുന്നു. താൽക്കാലികമായി ആനന്ദം നൽകുന്ന ഈ ഡോപ്പമൈൻ തരംഗങ്ങൾ കൂടുതൽ സമയം സ്‌ക്രീനിൽ ചെലവഴിക്കാൻ വ്യക്തിയെ നിർബന്ധിതനാക്കുന്നു. ഒരു വശത്ത് ഡോപ്പമൈൻ ലൂപ്പിൽ അകപ്പെടുകയും മറു വശത്ത് ശരീരത്തിന്റെ സ്വാഭാവിക കോർട്ടിസോൾ ഉത്പാദനം തകരാറിലാവുകയും ചെയ്യുന്നതോടെ ജീവശാസ്ത്രപരമായി വ്യക്തിയുടെ ഹോർമോൺ സന്തുലിതാവസ്ഥ തകരുന്നു. അമിത സ്‌ക്രീൻ സമയം കാരണം ഉണ്ടാകുന്ന ഈ എൻഡോക്രൈൻ തകരാറുകൾ വ്യക്തികളിൽ കടുത്ത വിഷാദരോഗത്തിനും, ഉത്കണ്ഠയ്ക്കും വിട്ടുമാറാത്ത ക്ഷീണത്തിനും കാരണമാകാറുണ്ട്.

കണ്ണുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്കോ അല്ലെങ്കിൽ മാനസികമായ ഒറ്റപ്പെടലുകൾക്കോ അപ്പുറം ഇന്റർനെറ്റ് അഡിക്ഷൻ മനുഷ്യന്റെ ഹോർമോൺ ഘടനയെ തന്നെ മാറ്റിയെഴുതുന്നുണ്ടെന്ന ഈ പുതിയ കണ്ടെത്തൽ ഗൗരവകരമായ മുന്നറിയിപ്പാണ് നൽകുന്നത്. ദിവസത്തിൽ കുറച്ചുസമയം സ്‌ക്രീൻ നോക്കാതെ മാറ്റിവയ്ക്കാൻ നിർബന്ധമായും ശ്രമിക്കണം. രാത്രിയിലെ സ്‌ക്രീൻ ഉപയോഗം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ മെലറ്റോണിൻ, കോർട്ടിസോൾ ഹോർമോണുകളുടെ ക്രമീകരണം വീണ്ടെടുക്കാൻ സാധിക്കും. വെയിൽ കൊള്ളുന്നതും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും അഗ്രിനാലിൻ ഗ്രന്ഥികളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ സഹായിക്കും.

ഡിജിറ്റൽ സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ ആധുനിക യുഗത്തിൽ, സ്‌ക്രീൻ ടൈം നിയന്ത്രിക്കേണ്ടത് കേവലം ഒരു ശീലമല്ലെന്നും, മറിച്ച് ശരീരത്തിന്റെ ഹോർമോൺ വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ജീവശാസ്ത്രപരമായ ആവശ്യകതയാണെന്നും അടിവരയിടുന്നതാണ് പുതിയ പഠനം.