ബോളിവുഡ് താരം സൊഹൈൽ ഖാന്റെ ലുക്ക് സോഷ്യൽ മീഡിയയിലും ഫിറ്റ്നസ് ലോകത്തും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. 'ദി അലയൻസ്' എന്ന റിയാലിറ്റി ഷോയ്ക്കിടെ 12 കിലോഗ്രാം ഭാരം കുറച്ച സൊഹൈലിന്റെ മുഖത്തുണ്ടായ പെട്ടെന്നുള്ള മാറ്റം ആരാധകരിൽ ആശങ്കയുണർത്തിയിരുന്നു. ഭാരം കുറയ്ക്കാനായി വ്യാപകമായി സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ഒസെംപിക് പോലുള്ള മരുന്നുകളോ ഫാറ്റ് ബേണറുകളോ ഉപയോഗിച്ചാണോ ഈ മാറ്റമെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും, അസുഖവും തുടർന്ന് ഭക്ഷണക്രമത്തിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇതിന് കാരണമായതെന്ന് സൊഹൈൽ വ്യക്തമാക്കി.

To advertise here,

ഒരാൾ വണ്ണം കുറയ്ക്കുമ്പോൾ എന്തുകൊണ്ടാണ് മുഖത്തിന്റെ ഘടനയിൽ ഇത്ര വലിയ വ്യത്യാസം വരുന്നത്? 

നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ മുഖത്തും കൊഴുപ്പിന്റെ പാളികളുണ്ട്. ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും മുഖത്തിന് യുവത്വവും തിളക്കവും നൽകുന്നത് ഈ കൊഴുപ്പാണ്. ഭാരം വേഗത്തിൽ കുറയുമ്പോൾ ശരീരത്തിലെ കൊഴുപ്പിനൊപ്പം മുഖത്തെ ഈ പാളികളും വേഗത്തിൽ ചുരുങ്ങുന്നു. ഇതിനെത്തുടർന്ന് കവിളുകൾ ഒട്ടിപ്പോകാനും, താടിയെല്ലിന്റെ ഘടന കൂടുതൽ തെളിഞ്ഞുനിൽക്കാനും കാരണമാകുന്നു.

പ്രായം കൂടുന്തോറും ചർമത്തിലെ കൊളാജൻ, ഇലാസ്റ്റിൻ എന്നീ പ്രോട്ടീനുകളുടെ ഉൽപ്പാദനം കുറയുന്നു. 55വയസ്സുള്ള സുഹൈൽ ഖാന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. വളരെ വേഗത്തിൽ വണ്ണം കുറയുമ്പോൾ ചർമത്തിന് അതനുസരിച്ച് ചുരുങ്ങാൻ സമയം ലഭിക്കില്ല. ഇത് മുഖത്ത് ചുളിവുകൾ വീഴാനും, ചർമം അയഞ്ഞുതൂങ്ങാനും കാരണമാകുന്നു. ഇതിനെ വൈദ്യശാസ്ത്രത്തിൽ 'ഓസെംപിക് ഫേസ്' അല്ലെങ്കിൽ 'റാപ്പിഡ് വെയ്റ്റ് ലോസ് ഫേസ്' എന്നും വിശേഷിപ്പിക്കാറുണ്ട്.

സൊഹൈൽ ഖാൻ വ്യക്തമാക്കിയതുപോലെ, അദ്ദേഹത്തിന് വയറിന് ഇൻഫെക്ഷൻ ഉണ്ടായിരുന്നു. പെട്ടെന്നുള്ള പട്ടിണിയോ ദഹനപ്രശ്‌നങ്ങളോ മൂലം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുമ്പോൾ ചർമത്തിന് ജീവസ്സുറ്റ ഭാവം നഷ്ടപ്പെടും. കൂടാതെ, കൃത്യമായ പ്രോട്ടീൻ വ്യായാമങ്ങളില്ലാതെ പെട്ടെന്ന് വണ്ണം കുറയ്ക്കുമ്പോൾ കൊഴുപ്പ് മാത്രമല്ല, മുഖത്തെ പേശികളും ക്ഷയിക്കും.

ആരോഗ്യകരമായ രീതിയിൽ വണ്ണം കുറയ്ക്കാം

  • ആഴ്ചയിൽ 0.5 മുതൽ 1 കിലോ വരെ മാത്രം ഭാരം കുറയ്ക്കുന്നതാണ് ചർമത്തിന്റെയും മുഖത്തിന്റെയും ഭംഗി നിലനിർത്താൻ ഏറ്റവും അനുയോജ്യം.
  • വണ്ണം കുറയുമ്പോൾ പേശികൾ ക്ഷയിക്കാതിരിക്കാൻ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക.
  • ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ നിർജ്ജലീകരണം ഒഴിവാക്കുക.

വ്യായാമത്തിൽ കാർഡിയോയോടൊപ്പം സ്‌ട്രെങ്ത് ട്രെയിനിംഗും ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെയും മുഖത്തിന്റെയും ഘടന ഭംഗിയായി നിലനിർത്താൻ സഹായിക്കും.

പെട്ടെന്നുള്ള വണ്ണം കുറയ്ക്കൽ പലപ്പോഴും ശരീരത്തിന് വലിയ സ്‌ട്രെസ് നൽകുമെന്നതിന്റെ ഉദാഹരണമാണ് സൊഹൈൽ ഖാന്റെ ലുക്ക്. ശരീരഭാരം കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, അത് ശാസ്ത്രീയമായ രീതിയിലായിരിക്കണം.