സാമ്പത്തികാര്യങ്ങളില്‍ വ്യക്തതയുള്ള കരാറുകള്‍ വ്യവഹാരങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും

'സ്വന്തമായി സ്വത്തുക്കളുണ്ടെങ്കിൽ പെൺകുട്ടികൾ ദയവായി വിവാഹപൂർവ കരാറിൽ ഒപ്പുവയ്ക്കണം' വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുന്ന ബോളിവുഡ് താരസുന്ദരി സെലീന ജെയ്റ്റ്‌ലിയുടെ വാക്കുകൾ വിവാഹപൂർവ കരാറിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാക്കിയിരിക്കുകയാണ്.
'വിവാഹം കഴിക്കുന്നതിന് മുൻപായി ദയവായി ഒരു കരാർ ഉണ്ടാക്കുക. നിങ്ങളുടെ സ്വത്തുകൾ വേറെത്തന്നെയായി സൂക്ഷിക്കുക. ഇതെല്ലാം ആത്യന്തികമായി അവസാനം വെറും ആസ്തിയായി ചുരുങ്ങും. നിങ്ങൾ പങ്കുവച്ച സ്‌നേഹവും, കരുതലും, ഒന്നിച്ചുപോകാനുള്ള വാഗ്ദാനങ്ങളും, കുട്ടികളും, മരണങ്ങളും, ജനനങ്ങളും എല്ലാം ആസ്തികളിലേക്ക് ചുരുങ്ങും.' ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചന നടപടികളിലേക്ക് കടന്ന തന്റെ വലിയ തലവേദനയെ കുറിച്ച് സെലീന മനസ്സുതുറന്നത്. അതുകൊണ്ടുതന്നെ ഇതുവെറും വ്യക്തിപരമായ ഉപദേശമായി കണക്കാക്കരുതെന്നും താരം പറഞ്ഞു.
എന്താണ് വിവാഹപൂർവ കരാർ അഥവാ, പ്രിനപ്ഷൽ എഗ്രിമെന്റ്?
അടിസ്ഥാനപരമായി ഇതൊരു സാമ്പത്തിക കരാർ ആണ്. വിവാഹത്തിന് മുൻപായി വയ്ക്കുന്ന കരാർ. വ്യക്തിപരമായ സ്വത്തുക്കളും ആസ്തികളും സാമ്പത്തിക കാര്യങ്ങളും വിവാഹബന്ധം വേർപിരിഞ്ഞാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് സൂചിപ്പിക്കുന്നതാണ് ഈ കരാർ. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എങ്ങനെയാണ് വിവാഹപൂർവ കരാർ നിയമപരമായി തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇന്ത്യയിൽ ഇതത്ര സുപരിചിതമല്ല.
വിവാഹമോചന നിരക്ക് ഇന്ത്യയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള കരാറുകൾ മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം വിവാഹമോചനത്തെ തുടർന്നുണ്ടാകുന്ന ധനനഷ്ടം, മാനസികാഘാതം എന്നിവ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കുന്നതാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ കോടതികളിൽ കുടുംബ തർക്കങ്ങളും സ്വത്തുതർക്കങ്ങളും പരിഹരിക്കാൻ പലപ്പോഴും വർഷങ്ങളെടുക്കാറുണ്ട്. അതിനാൽ ഇത്തരത്തിൽ സാമ്പത്തികാര്യങ്ങളിൽ വ്യക്തതയുള്ള കരാറുകൾ വ്യവഹാരങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിൽ കരാറിന് സാധ്യതയുണ്ടോ?
വിവാഹം സ്വർഗത്തിൽ നടക്കുന്ന പവിത്രവും വൈകാരികവും ആത്മീയവും മതപരവുമായ രണ്ടുവ്യക്തികൾക്കൊപ്പം രണ്ടുകുടുംബങ്ങൾ ഒന്നിക്കുന്ന ബന്ധമാണ് ഇന്ത്യക്കാർക്ക്. അതിനാൽ തന്നെ വിവാഹത്തെ കരാറിലൂടെയാണോ നിർവചിക്കേണ്ടത് എന്ന ചോദ്യമുന്നയിച്ച് എതിർക്കാനും പ്രണയവിരുദ്ധമെന്ന് കരുതാനും ഉള്ള സാധ്യതകൾ ഏറെയാണ്. വിവാഹമോചന നിരക്ക് ഇന്ത്യയിൽ ഉയരുന്നുണ്ടെങ്കിലും വിവാഹവും വിവാഹമോചനവും തമ്മിലുള്ള അനുപാതം കണക്കാക്കുമ്പോൾ വിവാഹത്തെ അനുകൂലിക്കുന്ന അതായത് 'പ്രൊ-മാര്യേജ്' രാജ്യമാണ് ഇന്ത്യ.
സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ച്, വിവാഹ തകർച്ച മുൻകൂട്ടി കണ്ട് സാമ്പത്തിക വ്യക്തത കൊണ്ടുവരാൻ ശ്രമിക്കുന്നതിനാൽ ഇതിനെ മെറ്റീരിയലിസ്റ്റിക് ആയി മാത്രമേ കാണാൻ സാധിക്കൂ. അതിനാൽ വിവാഹപൂർവ കരാർ ഇന്ത്യയിൽ നിയമപരമായി നടപ്പിലാക്കാൻ കഴിയില്ല. അതായത് സെലീന പറയുന്നത് പോലെ കരാർ വച്ചാലും അത് നിയമപരമായി നിലനിൽക്കില്ല. വിവാഹമോചന സമയത്ത് വാദങ്ങൾ എന്തുതന്നെയായാലും വിവാഹപൂർവ കരാർ സാധുതയുള്ള ഒരു രേഖയല്ല. ചുരുക്കത്തിൽ വിവാഹപൂർവ കരാർ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാശ്ചാത്യ സംസ്‌കാരം മാത്രമാണ്.
എന്നാൽ ഇന്ത്യയിലെ പുതിയ തലമുറ വിവാഹപൂർവ കരാറിനെ അനുകൂലിക്കുന്നവരാണ്. കോസ്‌മൊപൊളിറ്റൻ ഇന്ത്യ ഇൻസ്റ്റഗ്രാം സർവേയിൽ 44ശതമാനം പേരും പങ്കാളികളോട് വിവാഹപൂർവ കരാറിനെ കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്നാണ് സമ്മതിച്ചത്. അതേസമയം സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും വിവാഹത്തിന് മുൻപേ സാമ്പത്തിക കാര്യങ്ങൾ തുറന്ന് സംസാരിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
കരാർ പണക്കാർക്ക് മാത്രമുള്ളതല്ല
വിവാഹപൂർവ കരാറിനായി നിയമസഹായം തേടുന്ന ദമ്പതികൾ ഉണ്ടെന്ന് ഇന്ത്യയിലെ അഭിഭാഷകരും സമ്മതിക്കുന്നുണ്ട്. പരസ്പരമുള്ള അവിശ്വാസത്തേക്കാൾ കരാർ ഒരു ആശ്വാസമായി കാണുന്ന ദമ്പതികൾ വിവാഹപൂർവ കരാറിനായി അഭിഭാഷകരെ സമീപിക്കുന്നുണ്ടത്രേ. സംരഭകർ, ബിസിനസ് കുടുംബങ്ങൾ, എൻആർഐകൾ, വിവാഹപൂർവ കരാറിന് നിയമസാധുതയുള്ള വിവിധ രാജ്യങ്ങളിലായി ആസ്തികൾ വ്യാപിച്ചുകിടക്കുന്ന ദമ്പതികളും വിവാഹപൂർവ കരാറിൽ ഏർപ്പെടാറുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു.
കരാർ പണക്കാർക്ക് മാത്രമുള്ളതല്ല. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം വിവാഹമോചനം പലപ്പോഴും ധനനഷ്ടവും മാനസികാഘാതവും ഉണ്ടാക്കുന്നതാണ്. ഇത്തരത്തിലൊരു കരാർ വച്ചുകൊണ്ട് വിവാഹത്തിലേക്ക് പ്രവേശിച്ചാൽ വേർപിരിയുന്ന ഒരു ഘട്ടത്തിലെത്തുകയാണെങ്കിൽ തർക്കങ്ങൾ പരമാവധി കുറച്ചുകൊണ്ട് സമാധാനപരമായ വേർപിരിയലിലേക്ക് ഇത് നയിക്കും.
വിവാഹപൂർവ കരാറിന് നിയമപരമായ സാധുത ലഭിക്കുകയാണെങ്കിൽ വിവാഹബന്ധം തകർന്നാലും വർഷങ്ങൾ കോടതിയിൽ ചെലവാക്കാതെ ജീവിതത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാം.
Content Highlights: Celina Jaitly advocates for prenuptial agreements to protect individual assets, Prenuptial agreements currently lack legal enforceability under Indian law, Increasing divorce rates in India are driving conversations about financial transparency, A significant percentage of the younger generation supports discussing finances before marriage, Prenups can help reduce litigation time and emotional distress during potential separations.
Published: 20 Jul 2026, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented