ഗ്രീസിൽ നടന്ന സ്വകാര്യ വിവാഹച്ചടങ്ങിനുശേഷം ചെന്നൈയിൽ വിവാഹാഘോഷങ്ങൾ തുടരുകയാണ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും. നവംബർ 21-ന് ചെന്നൈയിൽ ആദ്യ വിവാഹസൽക്കാരം നടത്തിയശേഷം ദമ്പതികൾ ഞായറാഴ്ച രണ്ടാമത്തെ റിസപ്ഷനും സംഘടിപ്പിച്ചു. സിനിമാ-കായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഇരുവരുടെയും വസ്ത്രധാരണമാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയത്.

To advertise here,

വെള്ള ഗൗണിൽ തിളങ്ങി കാവ്യ മാരൻ

ആദ്യ വിവാഹസൽക്കാരത്തിൽ കടും ചുവപ്പ് നിറത്തിലുള്ള ഹൈ നെക്ക് വസ്ത്രം ധരിച്ചെത്തിയ കാവ്യ, രണ്ടാം ചടങ്ങിനായി തിരഞ്ഞെടുത്തത് മനോഹരമായ വെള്ള ഗൗണാണ്. ഫ്‌ലോർ ലെങ്ത് ഡിസൈനിലുള്ള ഗൗണിന് സ്വീറ്റ്ഹാർട്ട് നെക്ക്ലൈനും മനോഹരമായി ചേരുന്ന സ്ലീവുകളുമുണ്ടായിരുന്നു. സിൽവറും വെള്ള നിറത്തിലുള്ളതുമായ ബീഡ് വർക്കുകൾ, സീക്വിൻസ്, പൂക്കളുടെ അലങ്കാരങ്ങൾ എന്നിവ ഗൗണിന് തിളക്കവും ഭംഗിയും നൽകി. വസ്ത്രത്തിന് കൂടുതൽ ലുക്ക് നൽകുന്നതിനായി ഡയമണ്ട് ചോക്കറാണ് കാവ്യ അണിഞ്ഞത്. മറ്റ് ആഭരണങ്ങൾ പരമാവധി കുറച്ച് മുടി നടുവിൽ പാർട്ട് ചെയ്ത് മൃദുവായ വേവ്‌സ് സ്‌റ്റൈലിൽ മുടിയും ഒരുക്കി.

വെള്ള ബ്ലേസറിൽ അനിരുദ്ധ്

കാവ്യയുടെ വെള്ള ഗൗണിന് അനുയോജ്യമായ രീതിയിൽ വെള്ളയും കറുപ്പും ചേർന്ന മോണോക്രോം ലുക്കിലാണ് അനിരുദ്ധ് എത്തിയത്. സാറ്റിൻ പീക്ക് ലാപ്പലുകളുള്ള ബ്രൈറ്റ് വൈറ്റ് സിംഗിൾ ബ്രെസ്റ്റഡ് ബ്ലേസറായിരുന്നു വേഷം.

അതിനുള്ളിൽ ഡീപ് വി നെക്ക് കറുത്ത ഷർട്ടും അതിന് മുകളിൽ കറുത്ത വെയ്സ്‌കോട്ടും ധരിച്ചു. കറുത്ത ടെയ്ലേർഡ് ട്രൗസറുകൾ കൂടി ചേർന്നതോടെ ലുക്ക് പൂർണമായി. ഇരുവരുടെയും വസ്ത്രങ്ങളിലെ നിറങ്ങളുടെ ഏകോപനം ശ്രദ്ധേയമായി.

താരസമ്പന്നമായി  വിവാഹസൽക്കാരം

സിനിമാ ലോകത്തെയും കായികരംഗത്തെയും പ്രമുഖർ പങ്കെടുത്ത ചടങ്ങ് താരസമ്പന്നമായിരുന്നു. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ചെത്തി നവദമ്പതികൾക്കൊപ്പം ചിത്രങ്ങൾ പകർത്തി. നയൻതാരയും വിഘ്‌നേഷ് ശിവനും ചടങ്ങിൽ പങ്കെടുത്തു. നടി രമ്യ കൃഷ്ണനും ആഘോഷത്തിന്റെ ഭാഗമായി.സൂപ്പർസ്റ്റാർ രജനീകാന്തും നടൻ അജിത് കുമാറും ചടങ്ങിനെത്തി. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടി. ക്രിക്കറ്റ് താരം എം.എസ്. ധോണിയും ചടങ്ങിൽ പങ്കെടുത്തു.

രജനീകാന്തിനോടും ഭാര്യ ലതാ രജനീകാന്തിനോടും ധോണി സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. സംവിധായകരായ അറ്റ്ലി, ലോകേഷ് കനകരാജ്, നെൽസൺ ദിലീപ്കുമാർ, ശങ്കർ എന്നിവരും അതിഥിപ്പട്ടികയിലുണ്ടായിരുന്നു. നവംബർ 11-ന് ഗ്രീസിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങിലായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം. തുടർന്നുള്ള ചെന്നൈയിലെ വിവാഹസൽക്കാരങ്ങൾ താരസാന്നിധ്യംകൊണ്ടും ഫാഷൻ ലുക്കുകൾകൊണ്ടും ശ്രദ്ധനേടി.