പത്തൊമ്പതുകാരിയായ ജയശ്രീ. ജനിച്ചതും വളര്‍ന്നതുമെല്ലാം മുബൈയിലെ ചുവന്നതെരുവില്‍. ബാല്യത്തില്‍ അവള്‍ ഏറ്റവും വെറുത്തത് അവളുടെ അമ്മയെ. ഇപ്പോള്‍ ചുവന്നതെരുവില്‍ തന്നെപ്പോലെയുള്ള കുട്ടികള്‍ക്കായി വിദ്യാലയം തുടങ്ങാന്‍ ആഗ്രഹിക്കുകയാണ് ഇവള്‍.

To advertise here,

'എന്റെ ബാല്യം വളരെ മോശമായ അവസ്ഥയിലായിരുന്നു. എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ അമ്മ വേറൊരാളെ വിവാഹം കഴിച്ചു. അയാള്‍ ഞങ്ങളുടെ ജീവിതം ഇല്ലാതാക്കി. അയാളുടെ ഉപദ്രവം സഹിക്കാനാവാതെ താന്‍ വീടുവിട്ടു, ക്രാന്തിയിലെത്തി.' ജയശ്രീ പറയുന്നു.

മുബൈയിലെ കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ അനേകം പെണ്‍മക്കളില്‍ ഒരാളാണ് ജയശ്രീയും. ലൈംഗികത്തൊഴിലില്‍ നിന്ന് പിന്മാറിയ സ്ത്രീകളെയും സെക്‌സ് മാര്‍ക്കറ്റില്‍ നിന്ന് രക്ഷപെടുത്തിയ കുട്ടികളെയും ജീവിതത്തിലേയ്ക്ക് കൈപിടിക്കുന്ന എന്‍.ജി.ഒ ആയ ക്രാന്തി എന്ന സംഘടനയ്‌ക്കൊപ്പമാണ് ജയശ്രീയുടെ പ്രവര്‍ത്തനം. 

ക്രാന്തികാരിയെന്ന സംഘടനയെ ലോകം അറിയുന്നത് ലാല്‍ ബാട്ടി എക്പ്രസ് അഥവാ റെഡ്‌ലൈറ്റ് എക്‌സ്പ്രസ് എന്ന തെരുവ് നാടകത്തിലൂടെയാണ്. ചുവന്നതെരുവുകളില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍ അവരുടെ ജീവിതകഥ പറയുകയാണ് ഈ നാടകത്തിലൂടെ. അഞ്ച് വര്‍ഷം പിന്നിട്ടുകഴിഞ്ഞു ഈ മുന്നേറ്റം. ലോകത്തിലെ പലവേദികളിലൂടെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ എഡിന്‍ബര്‍ഗ് ഫ്രിഞ്ച് ഫെസ്റ്റിവല്‍ വരെ ഇവരുടെ കഥകളെത്തി. ലൈംഗികതൊഴിലാളികളുടെ പതിനാല് മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് നാടകത്തിലെ അഭിനേതാക്കള്‍. 

ഈ പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തില്‍ എങ്ങനെയാണ് ഒറ്റപ്പെടാതെ ജീവിക്കാന്‍ ശ്രമിക്കുന്നത്? നേരിടുന്ന വെല്ലുവിളികള്‍, അവര്‍ അനുഭവിച്ച വേദനകള്‍, ഇപ്പോള്‍ സമൂഹം എങ്ങനെയാണിവരെ കാണുന്നത്? ഇവക്കെല്ലാമുള്ള ഉത്തരമാണ് ക്രാന്തി ഈ നാടകത്തിലൂടെ സമൂഹത്തിന് നല്‍കുന്നത്. 

' 17-19 വയസ്സുവരെ ഈ പെണ്‍കുട്ടികള്‍ വീടിനുള്ളിലായിരിക്കും. എങ്ങനെ ജീവിക്കുമെന്നോ എന്ത് ലക്ഷ്യം വയ്ക്കുമെന്നോ അവര്‍ക്ക് അറിയില്ല. പുറത്തെത്തിയാല്‍ സമൂഹം അവരെ സ്വീകരിക്കാന്‍ തയ്യാറാവില്ല. പലരും ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ജീവിതം മോഹിച്ച് ഓടിപ്പോകുകയും പിന്നീട് ലൈംഗികതൊഴിലിലേയ്ക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. അല്ലെങ്കില്‍ മയക്കുമരുന്നിനോ ലഹരികള്‍ക്കോ അടിമകളായി ജീവിതം അവസാനിപ്പിക്കും. ചിലര്‍ ആത്മഹത്യ ചെയ്യും. എന്നാല്‍ നാടകത്തിലൂടെ, കവിതകളിലൂടെ, പാട്ടിലൂടെ... ജീവിതം തിരിച്ചുപിടിക്കാന്‍ ഞങ്ങളവരെ സഹായിക്കുകയാണ്'. ക്രാന്തി സംഘടനയുടെ സ്ഥാപകരിലൊരാളായ റോബിന്‍ ചൗരസ്യ പറയുന്നു. 

'എന്റെ അമ്മ ഒരു മോശം സ്ത്രീയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.' ക്രാന്തിയിലെത്തിയതോടെ തന്റെ അഭിപ്രായം മാറിയന്ന് ജയശ്രീ. ജയശ്രീ മാത്രമല്ല വേറെയുമുണ്ട് പെണ്‍കുട്ടികള്‍. ക്രാന്തിയിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നവര്‍. അവര്‍ തങ്ങളുടെ കഥ റെഡ്‌ലൈറ്റ് എക്‌സ്പ്രസിലൂടെ ഉറക്കെ പറഞ്ഞു. 
 
ക്രാന്തിയിലെത്തും മുമ്പ് സന്ധ്യ വളര്‍ന്നത് മുബൈയിലെ ഫല്‍ക്കന്ത് റോഡിലെ തെരുവിലാണ്. ബാല്യം അവള്‍ക്കും ഇരുളടഞ്ഞത് തന്നെ. എന്നാല്‍ അവള്‍ക്ക് അവിടെ നിന്ന് വിദ്യാഭ്യാസം നേടാനായി. തന്റെ കോളേജ് സുഹൃത്തുക്കള്‍ അവരുടെ വീടിനെ പറ്റിയും ബാല്യത്തെപറ്റിയും സംസാരിക്കുമ്പോള്‍ താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് സന്ധ്യ പറയുന്നു.

'എന്റെ അമ്മ ഒരു ലൈംഗികതൊഴിലാളിയാണ്, അച്ഛന്‍ മിലിറ്ററിയിലും. പക്ഷേ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. എന്നെ വളര്‍ത്തിയത് ലൈംഗികതൊഴിലാളികളും ട്രാന്‍സ്‌ജെന്‍ഡറുകളുമായിരുന്നു. ഒരുകൂട്ടം അമ്മമാരുടെ കുഞ്ഞായിരുന്നു ഞാന്‍. ഒരിക്കല്‍ ഒരാള്‍ എന്റെ വിലചോദിച്ചെത്തി. കുറച്ച് സമയത്തേ്ക്ക് അയാള്‍ക്ക് എന്നെ വേണമെന്നായിരുന്നു ആവശ്യം. ഒരു സ്ത്രീ എത്തി അയാളെ തള്ളി പുറത്താക്കി. അവര്‍ പറഞ്ഞത് 'തൊട്ടുപോകരുത്. അതെന്റ മകളാണ്' എന്നായിരുന്നു.'


 
'അക്കാലത്ത് ഒരിക്കലും ഞാന്‍ വിശപ്പറിഞ്ഞിരുന്നില്ല. അമ്മ ജോലിക്ക് പോകുമ്പോള്‍ ബാക്കി അമ്മമാര്‍ എനിക്ക് ഭക്ഷണം നല്‍കും. എന്റെ അമ്മ എന്നെ അടിച്ചാല്‍ വേറെ ആരെങ്കിലും വന്ന് തടസ്സം പിടിക്കും. നീആരടി എന്റെ മകളെ തൊടാന്‍ എന്ന് ചോദിച്ചാവും അവര്‍ വരുന്നത് തന്നെ.' 

സന്ധ്യ അശോക യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. മാത്രമല്ല ഒരു എഴുത്തുകാരികൂടിയാണ് അവള്‍. കവിതകളെഴുതാനും ഉയരങ്ങളിലെത്താനും സ്വപ്‌നം കാണുന്ന ഒരു പെണ്‍കുട്ടി.

സഹോദരിമാരായ താനിയയും മെഹക്കും വളരെ സന്തോഷം നിറഞ്ഞ കുടുംബമാണ് തങ്ങളുടേതെന്നാണ് അത്രയും കാലം കരുതിയത്. എന്നാല്‍ അയാള്‍ ഞങ്ങളുടെ രണ്ടാനച്ഛനാണെന്നും അമ്മയെ അയാള്‍ ഉപദ്രവിക്കാറുണ്ടെന്നും അറിഞ്ഞത് അമ്മ വീട്ടില്‍ നിന്ന് ഓടിപോയപ്പോഴാണ്. അതോടെ് എല്ലാം മാറിമറിഞ്ഞു. 

പിന്നെ ദുരന്തകാലമായിരുന്നു. പീഡോഫൈലായ രണ്ടാനച്ഛന്‍ ടാനിയക്ക് നേരെ തിരിഞ്ഞു. വീട്ടില്‍ നിന്ന് രക്ഷപെടാന്‍ എപ്പോഴോ അവള്‍ക്കും അവസരം കിട്ടി. ക്രാന്തിയിലെത്തിയതോടെ കുഞ്ഞനുജത്തി മെഹക്കിനെയും അവള്‍ക്ക് രക്ഷിക്കാനായി. ഇന്ന് മെഹക്ക് മിസൗറിയില്‍ ഏറ്റവും നല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. താനിയ സുംബ ട്രെയ്‌നറും. ഫ്‌ളൈറ്റ് അറ്റെന്‍ഡന്റ് ആകണമെന്നാണ് അവളുടെ സ്വപ്‌നം. 

റെഡ്‌ലൈറ്റ് എക്‌സ്പ്രസിന് വേണ്ടി ലോകമെങ്ങും സഞ്ചരിച്ചുകഴിഞ്ഞു ഈ പെണ്‍കുട്ടികള്‍, അവരുടെ കഥ ലോകത്തോട് പറഞ്ഞുകൊണ്ട്. 

Content Highlights: Red Light Express, A Street Play From Red Street