ലക്ഷക്കണക്കിന് ആരാധകരെ ഇന്നും ചുവടുവെപ്പിലൂടെ ആവേശം കൊള്ളിക്കുന്ന ഗാനമാണ് ധനുഷും സായ് പല്ലവിയും ഒന്നിച്ചെത്തിയ 'റൗഡി ബേബി'. പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഗാനത്തിന്റെ ജനപ്രീതിക്ക് കുറവില്ല. എന്നാൽ ഈ സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണം തനിക്ക് അത്ര സുഖകരമായ ഓർമയല്ലെന്നാണ് നടി സായ് പല്ലവി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആ ഗാനം ഇന്നും ഓർക്കുമ്പോൾ സമ്മർദം തോന്നുമെന്നാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ഓം' സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്?വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം വെളിപ്പെടുത്തിയത്.'മാരി 2' എന്ന ചിത്രത്തിലെ ഗാനരംഗം പ്രേക്ഷകർക്ക് ഒരു വലിയ ആഘോഷമായിരുന്നെങ്കിൽ സായ് പല്ലവിക്ക് അതൊരു വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. ചിത്രീകരണത്തിനിടെ പ്രതീക്ഷിക്കാത്ത രീതിയിൽ കൊറിയോഗ്രഫിയിൽ മാറ്റങ്ങൾ വന്നതും തുടർച്ചയായ ടേക്കുകളും തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും താരം പറയുന്നു.

To advertise here,

പ്രതീക്ഷിച്ചത് എളുപ്പമുള്ള ചുവടുകൾ, പക്ഷേ സംഭവിച്ചത് മറ്റൊന്ന്

ധനുഷിനൊപ്പമുള്ള ഗാനരംഗത്തിൽ വളരെ ലളിതമായ ചുവടുകളായിരിക്കും ചെയ്യേണ്ടിവരിക എന്നാണ് ആദ്യം കരുതിയിരുന്നതെന്ന് സായ് പല്ലവി പറഞ്ഞു. ധനുഷ് അങ്ങനെയാണ് തന്നോട് പറഞ്ഞതെന്നും താരം ഓർക്കുന്നു. പ്രഭുദേവയുടെ നേതൃത്വത്തിൽ മൂന്നോ നാലോ റിഹേഴ്‌സലുകളും നടത്തി. എന്നാൽ ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോഴാണ് കാര്യങ്ങൾ മാറിയത്. ആ സെറ്റിന് അനുയോജ്യമല്ലെന്ന് പറഞ്ഞ് നേരത്തെ പരിശീലിച്ച ചുവടുകൾ മാറ്റുകയായിരുന്നു.ഇതോടെ സായ് പല്ലവിയുടെ സമ്മർദം വർധിച്ചു. രണ്ടും മൂന്നും ടേക്കുകൾ കഴിഞ്ഞതോടെ തനിക്ക് ചെയ്യാനാകുമോ എന്ന സംശയം പോലും തോന്നിത്തുടങ്ങി.ഞാൻ കാണാതിരിക്കാൻ ഒളിച്ചിരുന്നൊക്കെയാണ് പ്രഭുദേവ സർ കൊറിയോഗ്രാഫി ചെയ്തതെന്നും സായ് പല്ലവി പറഞ്ഞു.

സീക്വിൻസ് വസ്ത്രം ധനുഷിനും പണിയായി

ഗാനരംഗത്തിലെ നൃത്തത്തിനിടെ മറ്റൊരു  സംഭവവും ഉണ്ടായതായി സായ് പല്ലവി വെളിപ്പെടുത്തി. ഒരു പ്രത്യേക ചുവടിൽ തന്നെ കറക്കുമ്പോൾ താൻ ധരിച്ചിരുന്ന വസ്ത്രത്തിലെ സീക്വിൻസ് ധനുഷിന്റെ കൈകളിൽ മുറിവേൽപ്പിച്ചു. ഗാനത്തിന്റെ ചിത്രീകരണം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ ഈ അനുഭവങ്ങൾ.സായ് പല്ലവിയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ്. കാരണം, ചിത്രീകരണത്തിനിടെ ഇത്രയേറെ സമ്മർദം അനുഭവിച്ച അതേ ഗാനമാണ് പിന്നീട് വലിയ വിജയമായി മാറിയത്. നൂറുകോടിയിലേറെ കാഴ്ചകൾ സ്വന്തമാക്കിയ 'റൗഡി ബേബി'യിലെ സായ് പല്ലവിയുടെ ചടുലമായ നൃത്തച്ചുവടുകൾക്ക് അന്ന് വലിയ കൈയടിയാണ് ലഭിച്ചത്. സ്വാഭാവികമായ നൃത്തശൈലിയും ഊർജസ്വലമായ പ്രകടനവും ഗാനത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി.