
നവഭാരത ശില്പികളില് ഒരാളായ രത്തന്‍ ടാറ്റ വിട വാങ്ങിയപ്പോള്‍ ആരായിരിക്കും അടുത്ത പിന്‍ഗാമിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. കുട്ടികളില്ലാത്തതിനാല്‍ അര്‍ധ സഹോദരന്റെ മക്കള്‍ക്ക് ടാറ്റയുടെ സാമ്രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈമാറുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. അര്‍ധ സഹോദരന് നോയല്‍ ടാറ്റയും മക്കളായ ലിയ, മായ, നെവില്‍ എന്നിവരിലേക്കുമാണ് ചര്‍ച്ചകള്‍ നീളുന്നത്.
എന്നാല്‍ ഇതിനേക്കാളെല്ലാം അര്‍ഹനായ ഒരാള്‍ ടാറ്റ കുടുംബത്തില്‍തന്നെ ജീവിച്ചിരിപ്പുണ്ട്. രത്തന്റെ അനിയന് ജിമ്മി ടാറ്റയാണത്. എന്നാല്‍ ബിസിനസില്‍ ഒട്ടും താത്പര്യമില്ലാത്ത ജിമ്മി മഹാരാഷ്ട്രയിലെ കൊളാബിയിലെ രണ്ട് മുറി ഫ്ളാറ്റിലാണ് താമസിക്കുന്നത്. ടാറ്റ സണ്‍സിലും ടാറ്റയുടെ മിക്ക കമ്പനികളിലും ഓഹരിയുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍പോലും ജിമ്മി ഉപയോഗിക്കുന്നില്ല. പത്രങ്ങളിലും ടിവിയും വരുന്ന വാര്‍ത്തകളിലൂടെയാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഓരോ വാര്‍ത്തകളും അറിയുന്നത്. മികച്ച സ്ക്വാഷ് കളിക്കാരനാണ് ജിമ്മി. രത്തനെപോലെ ജിമ്മിയും അവിവാഹിതനാണ്. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്കെ 2022-ല്‍ ജിമ്മി ടാറ്റയുടെ ചിത്രം എക്സില്‍ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ 2023 ജനുവരിയില്‍ ജിമ്മിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം രത്തനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. 1945-ല്‍ എടുത്തതാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. 'സന്തോഷകരമായ ദിവസങ്ങള്‍. അന്ന് ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ലായിരുന്നു' എന്ന ക്യാപ്ഷനും രത്തന്‍ നല്‍കിയിരുന്നു. ഇരുവരുടേയും വളര്‍ത്തുനായയും ചിത്രത്തിലുണ്ടായിരുന്നു. നവല്‍ ടാറ്റയുടേയും സൂനി ടാറ്റയുടേയും മക്കളാണ് രത്തനും ജിമ്മിയും. രത്തന്‍ പത്ത് വയസുളപ്പോള്‍ നവെലും സൂനിയും വേര്‍പിരിഞ്ഞു. ഇരുവരും പുതിയ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു.
സ്വിറ്റ്സര്‍ലന്‍ഡുകാരിയായ സിമോണിനെയാണ് നവല്‍ പിന്നീട് വിവാഹം ചെയ്തത്. നവലിന്റേയും സിമോണിന്റേയും മകനാണ് നോയല്‍ ടാറ്റ. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ പ്രാപ്തനല്ലെന്നായിരുന്നു രത്തന്റെ പക്ഷം. അതിനാല്‍തന്നെ ചെയര്‍മാനായി ആദ്യം സൈറസ് പി മിസ്ത്രിയേയും പിന്നീട് എന്‍ ചന്ദ്രശേഖരനേയും രത്തന്‍ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ രത്തന്‍ ശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകളാകും ചിന്തിക്കുന്നത്.
ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ഇടം നേടിയ ടാറ്റ കുടുംബത്തിന്റെ ചരിത്രം നുസര്‍വാന്‍ജി ടാറ്റയില്‍ നിന്നാണ് തുടങ്ങുന്നത്.
നുസര്‍വാന്‍ജി ടാറ്റ (1822-1886)
ടാറ്റ കുടുംബത്തിന്റെ കുടുംബാധിപനായിരുന്നു നുസര്‍വാന്‍ജി. പാഴ്സി പുരോഹിതനായിരുന്ന ഇദ്ദേഹമാണ് കുടുംബ ബിസിനസിന് തുടക്കം കുറിച്ചത്.
ജംഷെഡ്ജി ടാറ്റ (1839-1904)
നുസര്‍വാന്‍ജി ടാറ്റയുടെ മകനാണ് ജംഷെഡ്ജി. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ടാറ്റ സ്റ്റീല്‍, ടാറ്റ ഹോട്ടലുകള്‍, ഹൈഡ്രോപവര്‍ എന്നീ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും ഇദ്ദേഹമാണ്.
ദൊറാബ്ജി ടാറ്റ (1859-1932)
ജംഷെഡ്ജി ടാറ്റയുടെ മൂത്ത മകനാണ് ദൊറാബ്ജി. ജംഷെഡ്ജിയുടെ മരണശേഷം ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായി ഇദ്ദേഹം. ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ എന്നീ ബിസിനസ് സംരഭങ്ങളെ പുതിയ പാതയിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
രത്തന്‍ ടാറ്റ (1871-1918)
ജംഷെഡ്ജി ടാറ്റയുടെ ഇളയമകനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ വികസനത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി.
ജെആര്‍ഡി ടാറ്റ (ജഹാംഗീര്‍ രത്തന്‍ജി ദാദാഭോയ് ടാറ്റ, 1904-1993)
രത്തന്‍ജി ദാദാഭോയ് ടാറ്റയുടേയും സൂസെന് ബ്രിയര്‍ ദമ്പതികളുടേയും മകനാണ് ജെആര്‍ഡി ടാറ്റ. 50 വര്‍ഷത്തോളം ടാറ്റ ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനം വഹിച്ച വ്യക്തിയാണ് ജെആര്‍ഡി. ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതാണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത്.
നവല്‍ ടാറ്റ (1904-1989)
രത്തന്‍ ടാറ്റയുടെ ദത്തുപുത്രനാണ് നവല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിലെ ഒരു പ്രമുഖ വ്യക്തിയാണ് ഇദ്ദേഹം.
രത്തന്‍ നവല്‍ ടാറ്റ (1937-2024)
നവല്‍ ടാറ്റയുടേയും സൂനി ടാറ്റയുടേയും മകനാണ് രത്തന്‍ രത്തന്‍ നവല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രമുഖനായ വ്യക്തി. ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള ബിസിനസ് സംരഭമായി മാറ്റാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കോറസ്, ജെഎല്‍എല്‍, ടെറ്റ്ലി തുടങ്ങിയ സംരഭങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതും രത്തന്റെ കാലത്താണ്.
നോയല്‍ ടാറ്റ (1957-)
രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനാണ് ഇദ്ദേഹം. നവലിന്റേയും സിമോണിന്റേയും മകന്. ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ വിഭാഗമായ ട്രെന്റിന്റെ ചെയര്മാന് ആയിരുന്നു ഇദ്ദേഹം.
Content Highlights: ratan tatas brother jimmy tata lifestory and lifestyle
Published: 10 Oct 2024, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented