തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായക്ക് സംരക്ഷണം ഉറപ്പാക്കുന്ന രത്തന്‍ ടാറ്റയുടെ വില്‍പത്രം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വളര്‍ത്തുനായ ടിറ്റോയ്ക്ക് പരിധിയില്ലാതെ സംരക്ഷണം നല്‍കണമെന്ന് രത്തന്‍ തന്റെ വില്‍പത്രത്തില്‍ പറയുന്നു. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട നായയാണ് ടിറ്റോ. അഞ്ചോ ആറോ വര്‍ഷം മുന്‍പാണ് ഈ നായയെ ടാറ്റ ദത്തെടുക്കുന്നത്. ടിറ്റോ എന്നുതന്നെ പേരുണ്ടായിരുന്ന വളര്‍ത്തുനായ വിയോഗത്തെ തുടര്‍തുടര്‍ന്നായിരുന്നു അത്.

To advertise here,

രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹം പ്രസിദ്ധമാണ്. രത്തന്‍ ടാറ്റയുടെ താജ് ഹോട്ടലിന്റെ പരിസരത്ത് വരുന്ന നായകളെ ആട്ടിയോടിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. മാത്രവുമല്ല അവര്‍ക്ക് ഭക്ഷണവും നല്‍കിയിരുന്നു. രത്തന്‍ ടാറ്റ ഹോട്ടലില്‍ വരുമ്പോള്‍ അവ അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടും. പിന്നീട് സ്‌നേഹപ്രകടനമാണ്. 

തന്റെ നായയ്ക്ക് വയ്യാത്തതിനെ തുടര്‍ന്ന് ഒരിക്കല്‍ ബക്കിങ്ഹാം പാലസില്‍ വച്ച് നടക്കുന്ന ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാര ചടങ്ങില്‍ രത്തന്‍ ടാറ്റ പങ്കെടുത്തില്ല. 2018-ലാണ് സംഭവം. ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ ആ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രത്തന്‍ ടാറ്റയ്ക്കായിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇപ്പോഴത്തെ ചാള്‍സ് രാജകുമാരനായിരുന്നു പുരസ്‌കാരം സമര്‍പ്പിക്കേണ്ടിയിരുന്നത്.

ചടങ്ങിന് രണ്ടു ദിവസം മുമ്പ് രത്തന്‍ ടാറ്റ ലണ്ടിനിലെ തന്റെ മാനേജരെ വിളിച്ചു. 'ക്ഷമിക്കണം എനിക്ക് വരാനാകില്ല, , ടിറ്റോക്ക് സുഖമില്ല. മാറിനില്‍ക്കാനാകില്ല'- രത്തന്‍ ടാറ്റ പറഞ്ഞു. ഇത് കേട്ട് മാനേജര്‍ ഞെട്ടി. വലിയ ചടങ്ങാണ്, എന്താണ് ഈ പറയുന്നത് എന്ന് ചോദിച്ചു. എന്നാല്‍ ടാറ്റ തന്റെ തീരുമാനം മാറ്റാന്‍ തയ്യാറായില്ല. പുരസ്‌കാരത്തേക്കാള്‍ പ്രധാനം തന്റെ നായയായിരുന്നു. പുരസ്‌കാര ചടങ്ങിന് ടാറ്റ പങ്കെടുക്കാത്തത് ചാള്‍സ് രാജകുമാരനിലെ നീരസം ഉണ്ടാക്കുമെന്നാണ് മാനേജര്‍ കരുതിയത്. എന്നാല്‍ യഥാര്‍ഥ മനുഷ്യന്‍ എന്ന് പറഞ്ഞ് ടാറ്റയെ പ്രശംസിക്കുകയാണ് ചെയ്തത്. 

മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്‌നേഹം ഒടുവില്‍ അവയ്ക്കായി ഒരു മൃഗാശുപത്രി തുടങ്ങുന്നതിന് തന്നെ കാരണമായി. അതും ഈ വര്‍ഷം ജൂലൈയില്‍ മുംബൈയില്‍ 165 കോടി ചെലവില്‍ 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു മൃഗാശുപത്രി ടാറ്റ തുറന്നു. അത്യാധുനിക സാങ്കേതികവിദ്യയുള്ള ഈ ആശുപത്രിയില്‍ മൃഗങ്ങളുടെ സങ്കീര്‍ണ്ണമായ മെഡിക്കല്‍ കേസുകള്‍ നിര്‍ണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടക്കമുണ്ട്. 

ടാറ്റയുടെ മരണാനന്തര ചടങ്ങില്‍ ഗോവ എന്ന വളര്‍ത്തുനായ പങ്കെടുത്തത് വൈകാരികമായ കാഴ്ചയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ഗോവ പ്രിയപ്പെട്ട യജമാനന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഗോവയില്‍ നിന്ന് കിട്ടിയതിനാലാണ് നായകുട്ടിയ്ക്ക് രത്തന്‍ ടാറ്റ ഗോവ എന്ന പേര് നല്‍കിയത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറ്റയിലെ ഏതാനും തൊഴിലാളികള്‍ക്കൊപ്പം ഗോവയില്‍ പോയപ്പോഴാണ് തെുവുനായയെ അദ്ദേഹം കണ്ടത്. ഗോവ എന്ന് വിളിപ്പേരിട്ട പട്ടിക്കുഞ്ഞിനെ ഇവര്‍ മുംബൈയിലെത്തിച്ചു. അന്ന് മുതല്‍ രത്തന്‍ ടാറ്റയുടെ വീട്ടിലാണ് ഗോവ വളര്‍ന്നത്. 

പത്തോളം തെരുവുനായകളാണ് രത്തന്‍ ടാറ്റയുടെ ബോംബെ വസതിയിലെ താഴത്തെനിലയില്‍ കഴിയുന്നത്. അവയ്ക്ക് കൃത്യമായ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ ടാറ്റ ഉറപ്പുവരുത്തിയിരുന്നു. തടിക്കൊണ്ടുള്ള കൂടുകളാണ് ഓരോ നായക്കും ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭക്ഷണമെത്തുന്നത് താജ്ഹോട്ടലില്‍ നിന്നായിരുന്നു. തെരുവുനായകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാം. മടങ്ങിവരുമ്പോള്‍ നേരേ മുറിയിലേക്ക് പോകാം. ആര്‍ക്കും ഒരു ശല്യവുമില്ല. തെരുവുനായകളെ കുളിപ്പിക്കാനുള്ള സൗകര്യവും അവയെ പരിപാലിക്കാന്‍ ജീവനക്കാരും ഇവിടെയുണ്ട്. രത്തന്‍ ടാറ്റാ ഇവിടെയെത്തുമ്പോഴെല്ലാം അവയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു.