ദേഹത്ത് പൊള്ളലേറ്റ നീറ്റല്‍ സഹിക്കാതെ വാവിട്ടുകരയുന്ന 65-കാരിയെ വൃത്തിയായി തുടച്ച് മരുന്നുപുരട്ടി ശുശ്രൂഷിക്കുമ്പോള്‍ റസിയാബാനുവിന്റെ മുഖത്ത് ഭയമോ വേവലാതിയോ ഇല്ല. വലിയൊരു കാര്യം ചെയ്യുന്നുവെന്ന തോന്നലോ സംഭ്രമമോ ഇല്ല. റസിയയുടെ കരുണാർ‍ദ്രമായ ശുശ്രൂഷ ഏറ്റുവാങ്ങുന്ന ആദ്യത്തെ സ്ത്രീയല്ല ഈ 65-കാരി. വർ‍ഷങ്ങളായി ഇതുപോലെ നിരവധിപേർ‍ റസിയയുടെ സംരക്ഷണയില്‍ സുഖംപ്രാപിച്ചിട്ടുണ്ട്. അശരണരായി മുന്നിലെത്തുന്ന ഓരോ സ്ത്രീയെയും അമ്മയായിക്കണ്ട് പരിചരിക്കുന്നത് സ്വന്തം ധർ‍മമായാണ് റസിയ കാണുന്നത്. സ്‌നേഹവും സേവനമനോഭാവവും ജന്മനാ കിട്ടിയ ഗുണങ്ങളാണ് റസിയയ്ക്ക്. ചെയ്യുന്ന സല്‍ക്കർ‍മങ്ങളെല്ലാം നിർ‍മമമായി അനുഷ്ഠിക്കുന്നവ.

To advertise here,

പാലക്കാട് ചുണ്ണാമ്പുത്തറയിലെ ദർ‍ശന കോളനിയില്‍ 19 വർ‍ഷമായി ആരോരുമില്ലാത്ത സ്ത്രീകള്‍ക്കായി റസിയാബാനു നടത്തുന്ന  വൃദ്ധസദനം ജീവകാരുണ്യത്തിന്റെ മഹനീയ മാതൃകയാണ്. മൂന്ന് വൃദ്ധമാതാക്കളുമായി 2006 മേയ് 18ന്  റസിയ തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 34 അന്തേവാസികളുണ്ട്. മറ്റു നിരവധി അമ്മമാർ‍ ഈ കാലയളവില്‍ സ്ഥാപനത്തില്‍ വന്നുചേർ‍ന്നിട്ടുണ്ട്. റസിയയുടെ പരിചരണത്തില്‍, അതുവരെയനുഭവിച്ച ദുരിതങ്ങളെല്ലാം മറന്ന് സ്വസ്ഥമായി കഴിഞ്ഞു, സമാധാനമായി സനാഥരെന്ന ചിന്തയോടെത്തന്നെ മരണത്തെ പൂകി. അവർ‍ക്കെല്ലാം റസിയ മകളായിരുന്നു. മക്കളില്ലാത്തവരെ മാത്രമേ റസിയ തന്റെ വൃദ്ധസദനത്തില്‍ സ്വീകരിക്കുകയുള്ളൂ. പിന്നെ അവരാരും മക്കളും ബന്ധുക്കളുമില്ലാത്ത ദു:ഖം അറിഞ്ഞിട്ടുമില്ല.

പാലക്കാട് വടക്കന്തറയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച റസിയാബാനു സ്വന്തം ജീവിതം ആതുരശുശ്രൂഷക്കായി പൂർ‍ണമായി സമർ‍പ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. റസിയയുടെ മൂന്നാം വയസ്സില്‍ അമ്മ ഹാജിറ മരിച്ചു. അച്ഛന്‍ അബ്ദുള്‍ വഹാബിന്റെ ഓമനയായി റസിയ വളർ‍ന്നു, മറ്റ് ആറു സഹോദരങ്ങള്‍ക്കൊപ്പം. അവളുടെ മതം സ്‌നേഹം തന്നെയായിരുന്നു. പതിനഞ്ചാം വയസ്സു മുതല്‍ 21ാം വയസ്സുവരെ ജീവിതത്തില്‍ നേരിട്ട ചില വിധിവൈപരീത്യങ്ങള്‍ റസിയയെ തളർ‍ത്തിയില്ല, അതില്‍ നിന്നൊക്കെ ആ പെണ്‍കുട്ടി ശക്തി ആർ‍ജിച്ചതേയുള്ളൂ.

21ാം വയസ്സില്‍ കുടുംബത്തെ അമ്പരിപ്പിച്ചുകൊണ്ട് റസിയ തന്റെ തീരുമാനം പറഞ്ഞു, ഇനി വിവാഹവും കുടുംബജീവിതവുമൊന്നും വേണ്ട. എനിക്ക് നേഴ്‌സിങ്ങ് പഠിക്കണം. പാവപ്പെട്ടവർ‍ക്ക് ആശ്വാസം പകരണം. അച്ഛന് മകളെ അറിയാമായിരുന്നു. അച്ഛന്‍ തടുത്തില്ല. റസിയ നേഴ്‌സിങ്ങിന് ചേർ‍ന്നു. കോഴ്‌സ് കഴിഞ്ഞപ്പോള്‍ വടക്കന്തറയില്‍ ഡോ.പി.ആർ‍.നാരായണനും ഭാര്യ ഡോ.ഗിരിജാ നാരായണനും നടത്തിയിരുന്ന ദേവി നേഴ്‌സിങ്ങ് ഹോമില്‍ ജോലിക്കു ചേർ‍ന്നു. മനസ്സ് സഞ്ചരിക്കുന്ന വഴികളെപ്പറ്റി ആർ‍ക്കറിയാം... കുഞ്ഞുങ്ങളും വയോധികരുമുള്‍പ്പെടെയുള്ള രോഗികളെയും ഗർ‍ഭിണികളെയും പരിചരിക്കുമ്പോള്‍ നേഴ്‌സ് എന്നതിലുപരി റസിയയിലെ മനുഷ്യസ്‌നേഹി കൂടുതല്‍ക്കൂടുതല്‍ വെളിപ്പെട്ടുതുടങ്ങി. ആതുരസേവനം കേവലം നേഴ്‌സിങ്ങ് ജോലിയില്‍ ഒതുക്കാന്‍ റസിയക്കു കഴിഞ്ഞില്ല.

സേവനപാതയിലേക്ക്

വൃദ്ധസദനം എന്ന ആശയം മനസ്സിലുദിച്ചപ്പോൾ റസിയ ജോലിചെയ്തിരുന്ന നേഴ്‌സിങ്ങ് ഹോമിന്റെ ഉടമയായ ഡോ.ഗിരിജയോട് സംസാരിച്ചു. ഡോക്ടർ ഇതിനോട് അനുകൂലിച്ചപ്പോൾ സമീപത്തുള്ള ഒരു വീട് വാടകയ്‌ക്കെടുത്തു. മൂന്ന് അമ്മമാരുമായി സ്ഥാപനം ആരംഭിച്ചു. ഡോ.ഗിരിജാ നാരായണൻ ഉൾപ്പടെ മൂന്നു വനിതാ ട്രസ്റ്റിമാരുമായി രജിസ്റ്റർ ചെയ്ത് ആരംഭിച്ച സ്ഥാപനത്തിൽ ആദ്യകാലത്ത് പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നു. ചെലവിനു വഴി കണ്ടെത്തൽ തന്നെയായിരുന്നു പ്രധാന വെല്ലുവിളി. റസിയ തന്റെ ശമ്പളം പൂർണമായി ഹോമിന്റെ കാര്യങ്ങൾക്ക് വിനിയോഗിച്ചു. അത്യാവശ്യം സഹായങ്ങൾക്ക് രണ്ട് ജീവനക്കാർ പകൽ  സമയത്ത് ഹോമിലുണ്ടെങ്കിലും അമ്മമാർക്കുള്ള ഭക്ഷണം ഏറെക്കുറെ പാകം ചെയ്യുന്നതും അവരെ പരിചരിക്കുന്നതും റസിയ തന്റെ കർത്തവ്യമായി ഏറ്റെടുത്ത് നിർ‍വഹിച്ചു വരികയാണ്.

ഇടയ്ക്കിടെ വീഴലും എല്ലുപൊട്ടലും മററസുഖങ്ങളും ശസ്ത്രക്രിയകളുമായി ചില അമ്മമാർ ആശുപത്രിയിലായിരിക്കും. കൂട്ടിരിപ്പിന് ആരോഗ്യമുള്ള ഒരമ്മയെ ആശുപത്രിയിലിരുത്തി ബാക്കി ചുമതലകളൊക്കെ റയിസ തന്നെ ചെയ്യും. വർഷങ്ങൾക്കുമുമ്പ് ഒരു അഭ്യുദയകാംക്ഷി സംഭാവനചെയ്ത വാന് ഹോമിന്റെ കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നു. അമ്മമാരെ യാത്രകൾക്കു കൊണ്ടുപോകാനും ഹോമിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കുമായി മൂന്ന് ജീവനക്കാരുണ്ട്. അമ്മമാർക്ക് ഉണ്ണാനുള്ള അരിയും പച്ചക്കറികളും കുടിക്കാനുള്ള പാലും നല്ലേപ്പിള്ളിയിലുള്ള ഹോമിന്റെ ഫാമിൽ നിന്നാണ് കൊണ്ടുവരുന്നത്. ചുണ്ണാമ്പുത്തറയില് സ്വന്തം സ്ഥലത്തുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഇതുവരെ സർക്കാറിന്റെ ഗ്രാന്റ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് റസിയ പറഞ്ഞു. പരിചയക്കാരും വിവിധ സംഘടനകളും സ്ഥപനങ്ങളും വാർത്താമാധ്യമങ്ങളിലൂടെ അറിഞ്ഞുവരുന്നവരും സഹായം നല്കാറുണ്ട്. ഏതാനും വർ‍ഷംമുമ്പ് ദേവി നേഴ്‌സിങ്ങ് ഹോമിലെ ജോലി ഉപേക്ഷിച്ച് റസിയ തന്റെ സേവനം ശാന്തിനികേതനത്തിനു മാത്രമായി സമർ‍പ്പിച്ചു. എന്നാല്‍  ഹോമിനു ലഭിക്കുന്ന സംഭാവനകൾ ഹോമിലെ കാര്യങ്ങൾക്കുമാത്രമേ എടുക്കാറുള്ളൂ. സ്വന്തം ജീവിതച്ചെലവിനുള്ള വരുമാനം ഇപ്പോഴും റസിയ ഹോംകെയർ നേഴ്‌സിങ് ചെയ്ത് സമ്പാദിക്കുന്നു.

സേവനം ആരുമില്ലാത്തവർക്ക് മാത്രം

മക്കളുള്ള അമ്മമാരെ ഹോമിലേക്ക് കൊണ്ടുവന്നാൽ റസിയ സ്വീകരിക്കാറില്ല. അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് മക്കളുടെ ചുമതലയാണെന്നും അതിൽ നിന്ന് വ്യതിചലിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും റസിയ പറയുന്നു. പോലീസോ തദ്ദേശസ്ഥാപനങ്ങളോ വഴി വരുന്നവർ, അലഞ്ഞുതിരിയുന്നവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിങ്ങനെ തീർത്തും അശരണരായ പ്രായമായ സ്ത്രീകള്‍ക്കാണ് ഹോമില്‍ ഇടം നല്‍കാറുള്ളത്. അവരുടെ മരണശേഷം അവരുടെ സമ്പാദ്യമോ ആഭരണങ്ങളോ ഉണ്ടെങ്കില്‍ റസിയ അത് പാവപ്പെട്ട കുട്ടികളുടെ പഠനാവശ്യത്തിനോ ചികിത്സക്കോ നിർ‍ധനയുവതികളുടെ വിവാഹാവശ്യത്തിനോ നല്‍കുകയാണ് പതിവ്. പെന്‍ഷനുള്ള അമ്മമാരോടും ചെറിയ തുക ആവശ്യമുള്ളവർ‍ക്ക് ദാനം ചെയ്യാന്‍ റസിയ പ്രോത്സാഹിപ്പിക്കാറുണ്ട്. അമ്മമാരെ താമസിപ്പിച്ച് പരിപാലിക്കുന്നതുകൂടാതെ അഗതികളായി എത്തുന്ന യുവതികളെയും മനോരോഗം ബാധിച്ചവരെയും താത്കാലികമായി ഹോമില്‍ താമസിപ്പിച്ച് മറ്റു സുരക്ഷിതമായ ഇടങ്ങളിലേക്ക് റസിയ എത്തിച്ചിട്ടുമുണ്ട്. പാലക്കാട്ടുള്ള ഡോ.എന്‍.എം.അരുണും ഡോ.ശിവതാണുപ്പിള്ളയും റസിയയുടെ സ്ഥാപനത്തിലെ അമ്മമാർ‍ക്ക് വർ‍ഷങ്ങളായി സൗജന്യ ചികിത്സ നല്‍കിവരുന്നു.
ഹോമില്‍ ചിലപ്പോള്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സമയങ്ങളുമുണ്ടാകാറുണ്ട്. ആ നേരങ്ങളില്‍ ദൈവത്തോട് മനസ്സുരുകി പ്രാർ‍ഥിക്കുമെന്നും അപ്രതീക്ഷിതമായി ആരെങ്കിലും സഹായവുമായി എത്തുമെന്നും റസിയ പറഞ്ഞു.