2022 മിസിസ് വേൾഡ‍് മത്സരത്തിൽ വിജയിയായത്  അമേരിക്കയുടെ ഷായ്ലിൻ ഫോർ‍ഡ് ആണ്. മിസിസ് യുഎഇയും മിസിസ് ജോർദാനും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. ഇക്കൂട്ടത്തിൽ‌ അവസാന പതിനഞ്ചുപേരിലിടം നേടിയ ഒരു ഇന്ത്യക്കാരിയും വാർത്തകളിലിടം നേടി. നവ്ദീപ് കൗർ ആണത്. കോസ്റ്റ്യൂം റൗണ്ടിൽ നവ്ദീപ് ധരിച്ച വസ്ത്രം മികച്ചതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

To advertise here,

രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പ്രതിനിധീകരിക്കും വിധത്തിലാണ് നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ വസ്ത്രം ധരിക്കേണ്ടത്. എ​ഗ്​ഗീ ജാസ്മിൻ ഡിസൈൻ ചെയ്ത ​ഗോൾഡ് ഔട്ട്ഫിറ്റ് ആണ് നവ്ദീപ് ധരിച്ചത്. യോ​ഗാസനപ്രകാരമുള്ള കുണ്ഡലിനി ചക്രയെ ആസ്പദമാക്കിയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 50,000ത്തോളം ഡയമണ്ട് കല്ലുകളാണ് വസ്ത്രം ഡിസൈൻ ചെയ്യാനായി ഉപയോ​ഗിച്ചിരിക്കുന്നത്. ബ്രോക്കേഡ്, കൊറിയൻ സീക്വിൻ ഫാബ്രിക് തുടങ്ങിയ വസ്ത്ര നിർമാണത്തിനായി ഉപയോ​ഗിച്ചിരിക്കുന്നു. ഡയമണ്ട് കൂടാതെ പേളുകൾ, ക്രിസ്റ്റലുകൾ തുടങ്ങിയവയും ഔട്ട്ഫിറ്റിൽ ഉപയോ​ഗിച്ചിട്ടുണ്ട്. 

അതിനിടെ നവ്ദീപിന്റെ വ്യക്തി​ഗത വിവരങ്ങൾ തേടിപ്പിടിച്ചവരുമുണ്ട്. ഒഡീഷയിലെ ചെറിയ പട്ടണമായ കാൻസ്ബാഹലിലാണ് നവ്ദീപ് കൗറിന്റെ ജനനം. കംപ്യൂട്ടർ സയൻസിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്ദര ബിരുദവും നേടി.  സൗന്ദര്യ മത്സര ലോകത്തേക്ക് കടക്കും മുമ്പ് സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ പദവി വഹിക്കുകയായിരുന്നു നവ്ദീപ്. 2020ൽ അസിസ്റ്റന്റ് പ്രൊഫസറായും നവ്ദീപ് പ്രവർത്തിച്ചിരുന്നു. 

2014ൽ കമൽദീപ് സിങ്ങിനെ വിവാഹം കഴിച്ച നവ്ദീപിന് ജസ്ലീൻ എന്നു പേരുള്ള അഞ്ചു വയസ്സുകാരിയായ മകളുമുണ്ട്. ഭാര്യയുടെ നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും ജോലി പോലും ഉപേക്ഷിച്ചാണ് നവ്ദീപ് തന്റെ സ്വപ്നത്തിനു പുറകെ നടന്നതെന്നും കമൽദീപ് പറയുന്നു. 

സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് നവ്ദീപ്. ഇതിനകം ആയിരത്തോളം പെൺകുട്ടികളുടെ വിദ്യാഭ്യാസം നവ്ദീപ് ഏറ്റെടുത്തിട്ടുണ്ട്. മാസത്തിൽ അഞ്ചു ദിവസം ​ഗ്രാമങ്ങളിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ക്ലാസുകളും നവ്ദീപ് എടുക്കുന്നുണ്ട്. 

Content Highlights: mrs world 2022, mrs world 2021 winner, navdeep kaur, mrs india, navdeep kaur costume