കുറിഞ്ഞിപ്പൂച്ചയെ കുറിച്ചായിരുന്നു അമ്മയുടെ കവിത എന്നാണോർമ്മ. നന്മയും സ്നേഹവുമുള്ള ഒരു പൂച്ച. അത്ഭുതമില്ല. പൂച്ചകളെ മടിയിലിരുത്തി ലാളിക്കുകയും, മൂർദ്ധാവിലെ രോമങ്ങൾ ശ്രദ്ധാപൂർവം ചീകിയൊതുക്കുകയും, കണ്ണെഴുതിക്കൊടുക്കുകയും, നെറ്റിയിൽ സിന്ദൂരപ്പൊട്ടു ചാർത്തുകയും, പുതപ്പിനുള്ളിൽ ഒപ്പം കിടത്തിയുറക്കുകയും ഉറങ്ങുമ്പോഴത്തെ കുർ കുർ ശബ്ദം സംഗീതം പോലെ ആസ്വദിക്കുകയും ചെയ്തിരുന്ന ഒരാൾക്ക് മറ്റാരെക്കുറിച്ചാണ് ബാലപംക്തിയിൽ കവിതയെഴുതാൻ കഴിയുക?
ബിന്ദു, ബിന്ദൻ, മല്ലിക, റാണി, പിങ്കി, പിങ്കൻ, ചിന്നു, മഞ്ജു... പൂച്ചകൾക്ക് അമ്മ ചാർത്തിക്കൊടുത്ത പേരുകളിൽ പോലുമുണ്ടായിരുന്നു അളവറ്റ ആ സ്നേഹവാത്സല്യ നിറവ്. ബിന്ദൂ എന്ന് അമ്മ നീട്ടിവിളിക്കുമ്പോൾ പുറത്തെ കാപ്പിച്ചെടിയുടെ മുകളിൽ നിന്നോ തട്ടിൻപുറത്തുനിന്നോ കോലായിൽ നിന്നോ വിളി കേൾക്കും ബിന്ദു; മ്യാവൂ എന്നല്ല ‘എന്തോ....’ എന്ന്. നുണയല്ല. ശരിക്കും അങ്ങനെയാണ് തോന്നുക.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1950-കളിലെ ലക്കങ്ങൾ ബൈൻഡ് ചെയ്ത പുസ്തകം തുറന്ന് ബാലപംക്തിയിലെ കവിതയ്ക്ക് താഴെയുള്ള കെ.പി.നാരായണിക്കുട്ടി, ക്ലാരി എന്ന ‘ബൈലൈൻ’ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു: ‘ആളോള്ക്ക് വിശ്വാസം വന്നില്ല്യ ഇത് കണ്ടപ്പോ. ‘മാത്രൂമി’ ആഴ്ചപ്പതിപ്പില് പേര് അച്ചടിച്ചു വരികയല്ലേ? വേറെ ഏതോ നാരാൺട്ടി ആവും ന്നും പറഞ്ഞു ചെലര്..’
ഏറ്റവും രസകരമായ പ്രതികരണം അപ്പുട്ടിമ്മാമ എന്ന കെ.പി.എസ്. മേനോന്റേതായിരുന്നു (കഥകളിരംഗം, ത്യാഗരാജ സുധ ഒക്കെ എഴുതിയ അതേ കെ.പി.എസ്. തന്നെ). ‘നിന്റെ ഒരു കൊട്ടോമ്പടിപ്പാട്ട് കണ്ടൂലോ മാതൃഭൂമിടെ ബാലപംക്തീല്.. തരക്കടില്യ ട്ട്വോ. ഇനിം പോരട്ടെ പാട്ടുകൾ..’
കൊട്ടോമ്പടിപ്പാട്ട്. ആദ്യം കേൾക്കുകയായിരുന്നു അത്തരമൊരു പ്രയോഗം. എന്നാലും രസം തോന്നിയെന്ന് അമ്മ. ‘ശരിക്ക് പറഞ്ഞാൽ അത് കവിതേം പദ്യവും ഒന്നും ആയിരുന്നില്ലടോ രവ്യേ. വെറും പാട്ടായിരുന്നു; കുട്ടിപ്പാട്ട്...’ ആ കൊട്ടോമ്പടിപ്പാട്ടല്ലേ മക്കൾ മൂന്നു പേർക്കും അമ്മ വീതിച്ചു നൽകിയത് എന്ന് തോന്നും ചിലപ്പോൾ. രജിയ്ക്കും രഞ്ജിനിക്കും പാടാൻ വേണ്ടി; എനിക്ക് എഴുതാനും.
യുക്തിബോധവും സമയബോധവും ഓർമ്മകളുമൊക്കെ പൂർണമായും ചൊല്പടിയിൽ നിൽക്കാതായ അവസാനനാളുകളിൽ മൂന്ന് മക്കൾക്കും വേണ്ടി ചോറുരുളയുരുട്ടിവെച്ച് കാത്തിരുന്നു അമ്മ. ‘ഇത് രജിക്ക്, ഇത് രഞ്ജുട്ടിക്ക്, ഇത് നിനക്ക്...’-അമ്മ പറയും. എല്ലാം ഉരുട്ടിക്കഴിയുമ്പോൾ അമ്മയ്ക്ക് കഴിക്കാൻ ഇത്തിരി ചോറേ ബാക്കി കാണൂ. എത്ര നിർബന്ധിച്ചാലും ഞങ്ങൾക്ക് വേണ്ടിയുള്ള നീക്കിയിരുപ്പുകൾ തൊടാൻ സമ്മതിക്കില്ല അമ്മ. ‘ന്റെ കുട്ട്യോള് സ്കൂളിന്ന് ക്ഷീണിച്ചിട്ടാണ് വരിക. അവര് മാമുണ്ടാൽ ന്റെ വയറ് നിറയും...’-അമ്മ പറയും.
ഒരിക്കൽ ഇലയുടെ അറ്റത്ത് സ്ഥിരമുള്ള ഉരുളകൾക്ക് പുറമെ മൂന്നെണ്ണം കൂടി ഉരുട്ടി വെച്ചിരിക്കുന്നത് കണ്ടപ്പോൾ തമാശയായി ചോദിച്ചു: ‘ഇതാർക്കാ അമ്മേ? അമ്മടെ പൂച്ചക്കുട്ട്യോൾക്കാ?’ ഉരുളകളെ വാത്സല്യത്തോടെ തലോടി അമ്മ പറഞ്ഞു: ‘ഏയ് അല്ല. ഇത് മ്മ്ടെ യേശൂട്ടിക്കും ജയചന്ദ്രനും ചിത്രമോൾക്കും. പാവങ്ങൾ. അവർക്ക് മ്മളല്ലാതെ ആരാ കൊടുക്ക്വ?’
ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു എനിക്ക്. പ്രിയഗായകരായ യേശുദാസിനും ജയചന്ദ്രനും ചിത്രക്കും വേണ്ടി ഉരുളകൾ ഉരുട്ടിവെച്ചിരിക്കുകയാണ് അമ്മ. ജീവിതത്തിലെ പ്രതിസന്ധികളിൽ തണലും തുണയുമായ ശബ്ദങ്ങൾ. ഇതിലും മനോഹരമായ ഒരു സമ്മാനമുണ്ടാകുമോ അവർക്ക് പകരം നൽകാൻ?
അമ്മ വേർപിരിഞ്ഞിട്ട് അഞ്ചു വർഷം. അകലെയെങ്ങോ ഞങ്ങൾക്ക് വേണ്ടി ഉരുളയുരുട്ടി കാത്തിരിക്കുന്ന അമ്മയെ ഉൾക്കണ്ണാൽ കാണുന്നു ഞാൻ. ആ ഉരുളയുടെ സ്വാദ് നാവിൻ തുമ്പിൽ വീണ്ടും വന്നു നിറയുന്നു.
Content Highlights: A poignant reflection on a mother’s life, her early poetry in Mathrubhumi, and the selfless love she displayed even in her final days by keeping aside food for her children and favorite singers.
Published: 10 May 2026, 07:46 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented