
കൊച്ചി: 'ചെറിയ പിള്ളേരെ കൊണ്ടാണോ ഓട്ടോറിക്ഷ ഓടിപ്പിക്കുന്നതെന്നു ചോദിച്ച് ഒരു അങ്കിള്‍ എന്റമ്മയെ ഈ അടുത്തദിവസം കൂടി വഴക്കു പറഞ്ഞിരുന്നു. എനിക്ക് 18 വയസ്സായി, ലൈസന്‍സ് ഉണ്ടെന്നൊക്കെ പറഞ്ഞപ്പോള്‍ പിന്നെ പുള്ളി ഫുള്‍ സപ്പോര്‍ട്ട്' -പറയുന്നത് വേറാരുമല്ല, 'മഞ്ഞുമ്മല്‍ ഗേള്‍' എന്ന് വിളിക്കുന്ന മഞ്ഞുമ്മലുകാരുടെ സ്വന്തം അലീഷ ജിന്‍സണ്‍. മഞ്ഞുമ്മല്‍ സ്വദേശിയായ ഈ 18-കാരി വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ സ്വന്തമായി അധ്വാനിക്കുന്ന തുക കൊണ്ടാണ് തുടര്‍പഠനവും നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ അലീഷയുടെ പപ്പയ്ക്ക് സാരമായി പരിക്കുപറ്റി ഒരുപാട് നാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഡിസംബറില്‍ അമ്മയ്ക്ക് ന്യുമോണിയ പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ അലീഷ പ്ലസ് ടു പഠനം ഉപേക്ഷിച്ചു. ഇവരുടെ കുടുംബം നടത്തുന്ന ക്ലീന്‍ ട്രസ്റ്റ് എന്ന ഹോം ക്ലീനിങ് സര്‍വീസ് പിന്നീട് ചേട്ടന്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി അലീഷയും കൂടി. സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റ് സഹാ യത്തിനുമായി അലീഷ ഓട്ടോ ഓടിക്കാന്‍ തുടങ്ങി. പിന്നീട് വര്‍ക്ക് ഇല്ലാത്തപ്പോള്‍ അല്ലാതെയുള്ള ഓട്ടത്തിനും പോയി തുടങ്ങി. കുറച്ചുനാളുകള്‍ക്കു മുന്‍പ് മുടങ്ങിപ്പോയ പ്ലസ് ടു പഠനം അലീഷ പുനരാരംഭിച്ചു. പകല്‍ ക്ലാസില്‍ പോകും. രാത്രിയിലും അവധി ദിവസങ്ങളിലും തന്റെ ഇലക്ടിക് ഓട്ടോ ഓടിക്കും.
എല്ലാവര്‍ക്കും അതിശയമാണ്, മിക്കവര്‍ക്കും സംശയവും
എറണാകുളത്ത് എല്ലായിടത്തും ഞാന്‍ ഓട്ടം പോകാറുണ്ട്. കാഴ്ചയില്‍ കുട്ടിത്തം മാറാത്തയാള്‍ ഡ്രൈവിങ് സീറ്റിലിരുന്ന് ഓടിക്കുന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും കൗതുകമാണ്. ചിലരെങ്കിലും 18 വയസ്സായിട്ടുണ്ടോ എന്ന സംശയം നേരിട്ട് ചോദിക്കും. രാത്രി പത്തുമണിവരെയൊക്കെ ഓട്ടം പോകാറുണ്ടെന്നും ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അലീഷ പറഞ്ഞു.
ഇനി ട്രക്ക് ഓടിക്കണം
18 വയസ്സാകാന്‍ വേണ്ടിയാണ് കഴിഞ്ഞ ഓഗസ്റ്റ് 25 വരെ കാത്തിരുന്നത്. ആദ്യ ശ്രമത്തില്‍തന്നെ ലൈസന്‍സ് കിട്ടി. ഏറ്റവും വലിയ ആഗ്രഹം ട്രക്ക് ഓടിക്കണമെന്നതാണ്. ഹെവി മോട്ടോര്‍ ലൈസന്‍സ് എടുക്കണം. അതിനായി രണ്ടരവര്‍ഷം കൂടി കാത്തിരിക്കണം. 21 വയസ്സായാല്‍ മാത്രമേ ഹെവി ലൈസന്‍സ് എടുക്കാന്‍ പറ്റൂ.
ജര്‍മനിയില്‍ പോകാനാണ് പ്ലാന്‍. ജര്‍മന്‍ ബി വണ്‍ പാസായതാണ്. പിന്നെ സാമ്പത്തികം പ്രശ്‌നമായി. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി, പൈസയും സ്വരുക്കൂട്ടിയിട്ടു വേണം ജര്‍മന്‍ പഠനം പുനരാരംഭിക്കാന്‍ -അലീഷ പറഞ്ഞു.
സ്വപ്നങ്ങള്‍ ഒന്നല്ല, ഒരുപാടുണ്ട്
'ഒന്നല്ല, ഒരു നൂറു സ്വപ്നങ്ങളുണ്ടിവള്‍ക്ക്. ട്രക്ക് ഓടിക്ക ണം, ഫാഷന്‍ ഡിസൈനിങ്, ബിസിനസ്, മോഡലിങ്, സോളോ ട്രിപ്പ്... ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. സോളോ ട്രിപ്പ് പോകാന്‍ വലിയ ഇഷ്ടമാണ്. ഒരുപാട് സ്ഥലത്തേക്കു പോകണമെന്ന് ആഗ്രഹമുണ്ട്. ഫാഷന്‍ ഡിസൈനിങ് പഠിച്ചിരുന്നു. ഇടയ്ക്ക് അതും നിര്‍ത്തേണ്ടിവന്നു. പ്ലസ് ടു കഴിഞ്ഞിട്ട് ഓണ്‍ലൈനായി ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അലീഷ പറഞ്ഞു.
മഞ്ഞുമ്മലുകാര്‍ ഫുള്‍ സപ്പോര്‍ട്ടാണ്
ഞാന്‍ ഓട്ടോ ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മഞ്ഞുമ്മലിലെ ഓട്ടോ ചേട്ടന്മാര്‍ എല്ലാത്തിനും ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞു. ഇവിടത്തെ സാന്‍ഡില്‍ ഓട്ടോ ഇട്ടോളൂ എന്നൊക്കെ പറഞ്ഞിരുന്നു. അതുപോലെ അയല്‍പക്കത്തുനിന്നും പള്ളിയില്‍നിന്നുമൊക്കെ ഫുള്‍ സപ്പോര്‍ട്ടുണ്ട്. വീട്ടുകാരും കട്ടയ്ക്ക് കൂടെയുണ്ട്. മഞ്ഞുമല്‍ വാലത്ത് ഹൗസില്‍ ജിന്‍സണ്‍ ജോര്‍ജിന്റെയും ഷീജാ ജിന്‍സണിന്റെയും മകളാണ് അലീഷ. ജോഷ്വ ജിന്‍സണാണ് സഹോദരന്‍.
Content Highlights: 18-year-old Alisha Jinson, the 'Manjummal Girl
Published: 04 Apr 2025, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented