
കുറച്ചു പഴയ കഥയ കേട്ടോ. പണ്ട്, പണ്ട്... പക്ഷെ അത്രയ്ക്ക് പിന്നോട്ടേക്കു പോണ്ട. ഒരു പത്തു മുപ്പത്തിയെട്ടു വര്‍ഷം പിന്നോട്ട് പോകാം. ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലും ഒക്കെയായി സാദൃശ്യം തോന്നിയാല്‍ അത് വെറും യാദൃശ്ചികം അല്ലാട്ടോ. ഒള്ളത് തന്നെയാ... ചെറുപ്പം മുതല്‍ക്കേ പലപ്പോഴും മനസിലേക്ക് കടന്നുവരാറുള്ള ഒരു ചോദ്യമാ ' ഈ പാവം ചെമ്പരത്തിയെ ആരാണാവോ പ്രാന്തിന്റെ സിംബല്‍ ആക്കി മാറ്റിയെ...
അപ്പൊ നമുക്കീ പുരാണത്തിലേക്കു കടക്കാല്ലേ... ഈ ചെമ്പരത്തി പുരാണം തുടങ്ങുന്നത് എന്റമ്മേടെ വീടിന്റെ അടുത്തുന്ന ട്ടോ. കൃത്യമായി പറഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് നു പിന്‍വശം ആയിരുന്നു അമ്മ വീട്. അവിടെ കുട്ടികള്‍ കരയുമ്പോ ഒരു പ്രാന്തി കാളിയമ്മുമ്മേടെ പേര് പറഞ്ഞു കുട്ടികളെ പേടിപ്പിക്കുമായിരുന്നു. നാട്ടാകുംബിരി വെയിലത്തു കയ്യില്‍ നിറയെ കട്ട ചെമ്പരത്തി പൂവും ശീമക്കൊന്നയുടെ കുല കുല ആയിട്ടുള്ള ഇളം റോസ് നിറത്തില്‍ ഓര്‍ക്കിഡിനെ കടത്തി വെട്ടുന്ന മനോഹരമായ പൂക്കളും പിടിച്ചു വരുന്ന അവരെ കുറിച്ച് നേരിയ ഒരോര്‍മ്മ ഇന്നും ഉണ്ട് മനസ്സില്‍, പിന്നെ അവരെ കാണുമ്പോ ഉള്ളിന്റെ ഉള്ളില്‍ ഒരു തോന്നല്‍ എന്തിനാ അവരീ ചെമ്പരത്തിയെ ഇത്രെയേറെ സ്‌നേഹിക്കുന്നെ...
ഒരു പൂക്കളോടും ഇല്ലാത്ത ഒരിഷ്ടം എനിക്ക് പണ്ടേ ഈ പാവം ചെമ്പരത്തിയോട് ഇണ്ടായിരുന്നു. ഈ ചെമ്പരത്തിയോടുള്ള സ്‌നേഹം എന്നാണോ എന്തോ എനിക്ക് തോന്നി തുടങ്ങിയെ. കണക്കും കാര്യങ്ങളും ഒക്കെയായി കവടി നിരത്തി പറഞ്ഞാല്‍. ചെറുപ്പം തുടങ്ങി അതായതു കൃത്യമായി പറഞ്ഞാല്‍ ഒരു മൂന്ന് വയസു മുതല്‍ തുടങ്ങിയതാ ആ സ്‌നേഹം. ക്രിസ്തുരാജ് കോണ്‍വെന്റില്‍ തുടങ്ങിയ പഠനം. കോണ്‍വെന്റിലേക്ക് ഇറങ്ങുന്ന വഴിയുടെ ഒരു പുറം നിറയെ (കൃത്യമായി പറഞ്ഞാല്‍ ചര്‍ക്കേ കോവിലകത്തിന്റെ അതിര്‍ത്തിയില്‍ മുഴുവന്‍) ചുവന്നു തുടുത്ത ചിരിച്ച മുഖവും ആയി നില്‍ക്കുന്ന ചെമ്പരത്തിയാണ് എന്നും ഉള്ള കാഴ്ച... തുലാവര്‍ഷ മഴയില്‍ നനഞ്ഞു കുതിര്‍ന്നു നാണിച്ചു തലതാഴ്ത്തി നില്‍ക്കുന്ന അവളുടെ ആ ഒരു നില്‍പ്പും. പിന്നെ ഇളം ചൂടോടെ മുഖത്തു ഉമ്മ വയ്ക്കുന്ന പുലര്‍ വെയിലിന്റെ കരുതലും. ആ സ്‌നേഹത്തിന്റെ ചൂടില്‍ നാണിച്ചു തലതാഴ്ത്തി പിന്നെ മുഖമുയര്‍ത്തി പയ്യെ ചിരിക്കുന്ന ആ കള്ള ചിരിയുണ്ടല്ലോ ന്റെ സാറേ. പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല. അത്രയ്ക്ക് സൗന്ദര്യം അല്ലെ. എന്റെ കൃഷ്ണാ, കണ്ടാലും കണ്ടാലും മതിയാവില്ലട്ടോ.
പിന്നെ പിന്നെ പഠനം മാര്‍ത്തോമാ കോണ്‍വെന്റ് ലേക്ക് മാറി. സുകുമാരച്ചേട്ടന്റെ കാറിലെ യാത്ര , എല്ലാവരും കളിക്കുമ്പോ. ചിരിച്ചു തമാശകള്‍ പറയുമ്പോ ഞാന്‍ എന്നും ഒറ്റക്കായിരുന്നു (അത് വല്യ ഒരു തെറ്റിദ്ധാരണ ആയിരുന്നു എന്നു കാലം തെളിയിച്ചു. ആ കഥ പണ്ട് മാളൂട്ടി സിനിമേലെ ഇന്നസെന്റ് പറഞ്ഞ പോലെ പിന്നെ പറയാം) പലപ്പോഴും എനിക്ക് എന്നില്ലേക്ക് തന്നെ ഒതുങ്ങി കൂടി ഇരിക്കാനായിരുന്നു ഇഷ്ടം. പലപ്പോഴും ആ ഇഷ്ടത്തിന് കൂട്ടു നിന്നിരുന്നത് വഴിയിലാകെ ചുവന്നു തുടുത്തു ചരിച്ചു കുസൃതികള്‍ കാണിച്ചു നിക്കുന്ന ചെമ്പരത്തിയാണ്. അഞ്ചിതള്‍ ചെമ്പരത്തിയേക്കാള്‍ നിറയെ ഇതളുകള്‍ ഉള്ള കടും ചോപ്പ് നിറമുള്ള ആ ചെമ്പരത്തിയെ ആണ് ഞാന്‍ മനസറിഞ്ഞു സ്‌നേഹിച്ചിരുന്നത്. എം.എയ്ക്കു പഠിക്കാന്‍ തൃശൂര്‍ക്കു ഉള്ള യാത്രകള്‍. മത്തായി സെന്ററിലേക്കുള്ള വഴിയില്‍ അന്ന് നിറയെ ചെമ്പരത്തിയായിരുന്നു. പുതിയ ഇടത്തേക്കുള്ള ആ യാത്രയില്‍ എനിക്ക് ഒരു അപരിചിതത്വവും തോന്നിയില്ല. എവിടെ പോയാലും ഒരു നിഴല്‍ പോലെ കൂടെ ഉണ്ടാവും. സന്തോഷങ്ങളില്‍ മാത്രല്ല , ജീവിതം കൈ വിട്ടു പോയി എന്ന് തോന്നുന്ന നിമിഷങ്ങളില്‍ പോലും എവിടെയൊക്കെയോ നിന്ന് ഞാനുണ്ട് നിന്റെ കൂടെ, സങ്കടപ്പെടേണ്ട എന്ന് പറയും പോലെ ഒരാള്‍.
22 വര്‍ഷം മുമ്പുള്ള ഒരു ഡിസംബര്‍ ഏഴാം തിയതി. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു യാത്ര...'അമ്മ എന്നുള്ള ആ കരുതല്‍ എന്നെന്നേക്കുമായി നഷ്ടപെട്ട ഒരു ആശുപത്രി യാത്ര. പലപ്പോഴും നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ പുറത്തേക്കു നോക്കി. എന്റെ അമ്മയെ ആശുപത്രി വരെ എത്തിക്കാന്‍ കൂടെ നിക്കണേ ഈശ്വരാ എന്നുള്ള നെഞ്ച് പൊട്ടി ഉള്ള പ്രാര്‍ത്ഥന. പക്ഷെ പാതി വഴിയില്‍ നിസ്സഹായമായി എന്നെ ഒന്ന് നോക്കി, എന്റെ കയ്യില്‍ മുറുക്കെ പിടിച്ചു. ഒരു നിമിഷം കൊണ്ട് ഒറ്റക്കാക്കി 'അമ്മ പോയി... (അപ്പോഴൊക്കെ പുറത്തെവിടെയോ നീ വിഷമിക്കല്ലേ എന്ന് പറഞ്ഞു ഒരു ചെമ്പരത്തി ഉണ്ടായിരുന്നിരിക്കണം ).
വര്‍ഷങ്ങള്‍ കടന്നു പോയപ്പോഴെല്ലാം, ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മനപ്പൂര്‍വം അവളെ മറന്നു ഞാന്‍ , ഇടക്കിടെ ഉള്ളില്‍ ഒരു നഷ്ടബോധം ഇണ്ടാവുമെങ്കിലും.പട്ടാമ്പി കോളേജില്‍ ജോലി കിട്ടി ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങാന്‍ പോയ ആദ്യ ദിവസം, വഴി നിറയെ നിരന്നു നിക്കുന്ന ചെമ്പരത്തി പൂക്കള്‍, നിന്റെ സന്തോഷങ്ങള്‍ക്കു കൂടെ ഞാനുണ്ട് എന്നും എന്ന് പറയുന്ന ആ കള്ളച്ചിരി, പിന്നെ എന്നും കോളേജിലേക്കുള്ള നടത്തത്തില്‍ അവളോട് കിന്നരിക്കാതെ പോവാറില്ല. പലരും പറയും നിനക്കെന്താ പ്രാന്താണോ... പക്ഷെ പിന്നെയും അവളെ മാറ്റി നിര്‍ത്താന്‍ എനിക്കാവുമായിരുന്നില്ല. അങ്ങനെ ഞങ്ങളുടെ സ്‌നേഹം ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോയി.
2014 ല്‍ തൃശൂര്‍ ഗവണ്‍മെന്റ് കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നപ്പോ അവളെ കാണാതെ ശ്വാസം മുട്ടുന്നപോലെ ആയിരുന്നു. പിന്നെ വീടിന്റെ പിന്നാമ്പുറത്തെ ഇറയത്തിനടുത്ത് ഒരു കുഞ്ഞി കട്ട ചെമ്പരത്തി കൊമ്പു നട്ടു. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ അവള്‍ വളര്‍ന്നു, എനിക്കു നിറഞ്ഞു ചിരിക്കാന്‍, തമാശ പറയാന്‍ ഒക്കെയായി അവള്‍ പിന്നെയും എന്റെ കൂടെ... രാവിലെ എണീറ്റ് അടുക്കള വാതില്‍ തുറക്കുമ്പോ അവളുടെ ചിരി കാണാന്‍, മഴയത്തു നനഞ്ഞു കുളിച്ചുള്ള ആ നില്‍പ്പ് കാണാന്‍, എന്താ ഇന്ന് താളി തേച്ചു കുളിക്കണ്ടേ എന്നുള്ള അവളുടെ ചോദ്യം കേള്‍ക്കാന്‍, തലയില്‍ തേക്കാനുള്ള എണ്ണ കഴിഞ്ഞോ, കാച്ചാന്‍ മറക്കണ്ട എന്നുള്ള അവളുടെ ഓര്‍മിപ്പിക്കല്‍. ഇതൊക്കെ കേള്‍ക്കുമ്പോ എനിക്ക് പ്രാന്താ എന്ന് തോന്നുന്നുണ്ടാവുംല്ലേ.. ഭ്രാന്തമായ ഒരു സ്‌നേഹം മാത്രേ ഉള്ളു ഈ ചെമ്പരത്തിയോട്. എന്നും എപ്പോഴും ...
(തൃശ്ശൂർ സി.അച്യുതമേനോൻ ഗവ. കോളേജിലെ സാമ്പത്തിക ശാസ്ത്രം മേധാവിയാണ് ലേഖിക)
Content Highlights: Life Experience of a woman with a plant
Published: 30 Apr 2020, 03:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented