ന്ന് കണ്ണൂരിലെ ഉച്ചവെയിലിന് പതിവിലും ചൂടുണ്ടായിരുന്നു, ചുട്ടുപൊള്ളുന്ന റോഡിലൂടെ ചാഞ്ഞും ചെരിഞ്ഞും മയ്യിലില്‍ നിന്ന് കണ്ണൂര്‍ ലക്ഷ്യമാക്കി സ്വകാര്യബസ് പാഞ്ഞപ്പോള്‍ ഡ്രൈവിങ് സീറ്റിലെ താടിക്കാരനായ യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന് നോക്കിയയുടെ കീപാഡ് സെറ്റ് ശബ്ദിച്ചുകൊണ്ടേയിരുന്നു. ബാധ്യതകളുടെ ഭാരമുള്ള ജീവിതചക്രം മുന്നോട്ട് പായിക്കാന്‍ വളയം പിടിച്ച് ആ ഡ്രൈവിങ് സീറ്റിലിരുന്നത് ഒരു പാവന്നൂരുകാരനാണ്, നാല് വര്‍ഷത്തിനിപ്പുറം ഒരു ഓഗസ്റ്റില്‍ ആ യുവാവ് കേരളത്തില്‍ പുതുചരിത്രമെഴുതുമെന്ന് ബസിലിരുന്ന യാത്രക്കാരാരും വിചാരിച്ചിരിക്കില്ല. 

To advertise here,

അന്ന് സ്മാര്‍ട്ട് ഫോണിന്റെ എ.ബി.സി.ഡി. അറിയാതിരുന്ന ൈഡ്രവര്‍ ബിജു നാലുവര്‍ഷത്തിനിപ്പുറം യൂട്യൂബ് കുടുംബത്തിലെ ജനപ്രിയനായ കെ.എല്‍.ബ്രോ ബിജു ഋത്വിക്കാണ്, കേരളത്തില്‍ ആദ്യമായി യൂട്യൂബില്‍ അഞ്ച് കോടി (അമ്പത് മില്യണ്‍) സബ്‌സ്‌ക്രൈബേഴ്‌സ് എന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയ ഫാമിലി വ്ളോഗ്ഗര്‍. ഈ സന്തോഷ നിമിഷത്തില്‍ ബിജുവും ഭാര്യ കവിതയും മകന്‍ ഋത്വിക്കും അമ്മ കാര്‍ത്യായനിയുമടങ്ങുന്ന കെ.എല്‍. ബ്രോ കുടുംബം റൂബി ക്രിയേറ്റര്‍ പ്ലേ ബട്ടന്റെ തിളക്കമുള്ള  വിജയയാത്രയുടെ കഥ പറയുന്നു.

തുടക്കം ടിക്ക് ടോക്കില്‍ 'ബ്രോ'

കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പാവന്നൂര്‍ മൊട്ട എന്ന ഗ്രാമത്തിലാണ് ഈ ട്രെന്‍ഡിങ് കുടുംബം താമസിക്കുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിലെ കോടിക്കണക്കിന്റെ ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഗൃഹാന്തരീക്ഷം. കെ.എല്‍.ബ്രോ ഫാമിലിയുടെ വൈറല്‍ യാത്രയുടെ ആരംഭം ടിക് ടോക്കിലാണ്. കൈയില്‍ ആദ്യമായി ലഭിച്ച കാമറ ഫോണില്‍ നിന്നാണ് ഇവര്‍ ടിക് ടോക്ക് വീഡിയോകള്‍ ഉണ്ടാക്കിയത്. ചെറുപ്പം തൊട്ട് നാടകമെഴുത്തിനോടുള്ള ഇഷ്ടമാണ് ടിക് ടോക്കിലും പരീക്ഷണം നടത്താന്‍ ധൈര്യം നല്‍കിയതെന്ന് ബിജു പറയുന്നു. ''കൊവിഡിന് തൊട്ടുമുമ്പ് നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. മികച്ച അഭിപ്രായം ലഭിച്ചപ്പോള്‍  പ്രചോദനമായി. ആ സമയത്ത് എന്റെ കൈയില്‍ കാമറ ഫോണില്ല. സാധാരണ ഫോണാണ്. അന്ന് സുഹൃത്തുക്കളുടെ ഫോണിലെ യൂട്യൂബിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമൊക്കെ കണ്ടിരുന്നത്.

കുറച്ച് നാള്‍ കഴിഞ്ഞാണ് ലാവയുടെ ബേസിക്കായ ഒരു കാമറഫോണ്‍ ബന്ധു സമ്മാനിച്ചത്. ആ സമയത്ത് സുഹൃത്തായ ജിതിന്‍ 'ടിക് ടോക്ക് ' എന്ന ആപ്ലിക്കേഷനെ കുറിച്ച് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ടിക് ടോക്ക് വീഡിയോകള്‍ ചെയ്യാന്‍ ആരംഭിച്ചു. ഓരോ വീഡിയോയും അതിവേഗം വൈറലായി മാറി. ടിക് ടോക്കില്‍ ഞങ്ങള്‍ക്ക് അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായി. വീഡിയോകള്‍ 40 ലക്ഷം വ്യൂസ് വരെ കിട്ടിയിരുന്നു. അതിനിടയ്ക്ക് ഫോണ്‍ തകരാറായി. അതോടെ വീഡിയോ നിര്‍മാണം നിലച്ചു. പുതിയ ഫോണ്‍ വാങ്ങാനുള്ള പൈസയും ഉണ്ടായിരുന്നില്ല. വൈകാതെ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ആ സമയത്താണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായത്. അതോടെ ബസിലെ പണിയും നഷ്ടപ്പെട്ടു. വീട്ടില്‍ തന്നെ അടച്ചിരിക്കേണ്ട അവസ്ഥയായി. വലിയ സാമ്പത്തികപ്രതിസന്ധി വന്നു.''

കന്നഡ നാട്ടില്‍ നിന്നും കവിത 'ബ്രോ'

സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞ ചുറ്റുപാടിലാണ് ബിജു വളര്‍ന്നത്. അച്ഛനും അമ്മയും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബം. കൂലിപ്പണിക്കാരായിരുന്നു മാതാപിതാക്കള്‍. അമ്മാവനായിരുന്നു ബിജുവിന്റെ വഴികാട്ടി. ക്വാറിത്തൊഴിലാളി, പെയിന്റര്‍, ക്ലീനര്‍ തുടങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബിജു പല തൊഴിലുകളും ചെയ്തു. എന്നാല്‍ അച്ഛന്റെയും അമ്മാവന്റെയും അപ്രതീക്ഷിതമായുണ്ടായ മരണങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചു. ആ കാലത്താണ് ബിജു ബസ് ഡ്രൈവറുടെ കാക്കി അണിഞ്ഞത്. 

ജീവിതചങ്ങാടം തുഴയാന്‍ കൂട്ടിനൊരാള് വേണം എന്ന് തോന്നിയപ്പോള്‍ കാക്കി വേഷവുമായി വിവാഹം കഴിക്കാനിറങ്ങി. കൂട്ടുകാരിയെ തേടിയുള്ള ആ യാത്ര അവസാനം ബ്രേക്കിട്ടത് കന്നഡ നാട്ടിലെ മടിക്കേരിയിലാണ്. ''അച്ഛന്‍ മരിക്കുന്ന സമയത്ത് കട്ട ഉപയോഗിച്ച് നിര്‍മിച്ച വീടായിരുന്നു ഞങ്ങളുടേത്. കാലപഴക്കത്താല്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചതോടെ ലോണെടുത്ത് വീട് പുതുക്കിപ്പണിതു. വിദേശത്ത് തൊഴിലവസരങ്ങള്‍ വന്നെങ്കിലും വീട്ടില്‍ അമ്മയെ തനിച്ചാക്കി പോവാന്‍ പറ്റിയില്ല. വിവാഹം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ജോലി ഇല്ലെങ്കില്‍ നാട്ടില്‍ പെണ്ണ് കിട്ടില്ല എന്ന് തിരിച്ചറിഞ്ഞു. അന്വേഷിച്ച് അവസാനം കര്‍ണാടകയിലെത്തി. അങ്ങനെയാണ് മടിക്കേരി സ്വദേശിയായ കവിതയെ ഞാന്‍ വിവാഹം ചെയ്യുന്നത്. ഇന്ന് കവിത തനി മലയാളിയായിക്കഴിഞ്ഞു. ''

കൂടെ നിന്ന റഷീദ് 'ബ്രോ'

ബിജുവിന്റെ ടിക് ടോക്ക് വീഡിയോകള്‍ കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചുതുടങ്ങി. പ്രവാസി സുഹൃത്തായ റഷീദ് കാര്യമന്വേഷിച്ചപ്പോള്‍ ഫോണ്‍ തകരാറിലായ വിവരം ബിജു പറഞ്ഞു. ഫോണില്ലാതെ തന്റെ സുഹൃത്തിന്റെ കലാ ഇടപെടല്‍ മുടങ്ങരുതെന്ന തീരുമാനത്തില്‍ റഷീദ് പുതിയ സ്മാര്‍ട്ട് ഫോണിനുള്ള പണം നല്‍കി. ഫോണ്‍ ലഭിച്ചതോടെ ഒരു മിനിവെബ്‌സീരീസുമായി ടിക് ടോക്കില്‍ നിര്‍ത്തിയ യാത്ര അതേപേരില്‍ അവര്‍ യൂട്യൂബില്‍ പുനഃരാരംഭിച്ചു. ആദ്യം വെബ് സീരീസിനായി തിരഞ്ഞെടുത്തത് വിവാഹ ആലോചനക്കഥ തന്നെ. '' വിവാഹ ആലോചന വേളയില്‍ നേരിട്ട അനുഭവങ്ങളെ കോര്‍ത്തിണക്കിയാണ് ആദ്യ മിനിവെബ്‌സീരീസ് ചെയ്തത്.

'കണ്ണൂര്‍ക്കാരനും കന്നഡക്കാരിയും' എന്നായിരുന്നു അതിന്റെ പേര്.  സെല്‍ഫി സ്റ്റിക്കോ, സ്റ്റാന്‍ഡോ ഒന്നും ഇല്ലാത്തതിനാല്‍ കൈയില്‍ പിടിച്ചാണ് അന്ന് കാമറ ചെയ്തത്. മരക്കമ്പുകളാണ് സ്റ്റാന്‍ഡിനുപകരം ഉപയോഗിച്ചത്. ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് എഡിറ്റിങ് അറിയില്ല. എഡിറ്റിങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍ പോലും അന്ന് അറിയില്ലായിരുന്നു. യൂട്യൂബ് നോക്കി എഡിറ്റിങ് പഠിച്ചെടുത്തു. സുഹൃത്തുക്കളെല്ലാം ഒരുപാട് സഹായിച്ചു. 

അമ്മയും കവിതയും മരുമകള്‍ അനുലക്ഷ്മിയും എല്ലാവരും അഭിനയിച്ചുതുടങ്ങി. ഒരു സബ്‌സ്‌ക്രൈബേഴ്‌സ് പോലും അന്നില്ല. പക്ഷേ എന്നിലുളള വിശ്വാസത്തിന് പുറത്താണ് എല്ലാവരും കൂടെ നിന്നത്. ബിജു ഋത്വിക് എന്ന ടിക് ടോക്ക് അക്കൗണ്ടിന്റെ പേരില്‍ തന്നെ യൂട്യൂബ് ചാനലും തുടങ്ങി. ആദ്യവീഡിയോ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. യുവാക്കള്‍ പെണ്ണ് തേടി കര്‍ണാടകയില്‍ പോകുന്നതിനെക്കുറിച്ച് മാതൃഭൂമിയില്‍ തൊട്ടടുത്ത ദിവസം വാര്‍ത്ത വന്നു. ഇതെല്ലാം വലിയ പ്രചോദനം നല്‍കി. റഷീദ് ദുബായില്‍ നിന്ന് ലീവിന് വന്നപ്പോള്‍ ഞങ്ങള്‍ കാറില്‍ ഇന്ത്യന്‍ യാത്രപോയി. രണ്ടുമാസത്തോളം തുടര്‍ച്ചയായി യാത്രാവീഡിയോകള്‍ ചാനലില്‍ ഇട്ടു. വലിയ വ്യൂസ് ഒന്നും കിട്ടിയില്ല. അന്ന് ഞങ്ങള്‍ സഞ്ചരിച്ച റഷീദിന്റെ കാറിന്റെ പേര് കെ.എല്‍.ബ്രോ എന്നായിരുന്നു. 

ബിജു ഋത്വിക് എന്ന പേര് യൂട്യുബില്‍ പെട്ടെന്ന് സെര്‍ച്ച് ചെയ്ത് കിട്ടുന്നില്ല എന്ന് പലരും പരിഭവം പറഞ്ഞു. അങ്ങനെയാണ് സുഹൃത്തായ റഷീദിനോടുള്ള നന്ദിസൂചകം കൂടിയായി കെ.എല്‍.ബ്രോ എന്ന പേര് ചാനലില്‍ ചേര്‍ക്കുന്നത്.  അങ്ങനെ ചാനലിന്റെ പേര് 'കെ.എല്‍. ബ്രോ ബിജു ഋത്വിക്' എന്നായി. കൊവിഡ് നിയന്ത്രണങ്ങള്‍ അയയാന്‍ തുടങ്ങി. ബസിലെ ഡ്രൈവര്‍പണി തിരിച്ചുകിട്ടി. ബസിന്റെ കുറച്ച് വീഡിയോകളും ഞാന്‍ ചാനലില്‍ ഇട്ടു. അതിന് നല്ല വ്യൂവര്‍ഷിപ്പ് കിട്ടി. മെല്ലെ യൂട്യൂബ് കുടുംബത്തിലേക്ക് കൂടുതല്‍ ആള്‍ക്കാര്‍ എത്തി. ആ കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക് ഒരുപാട് സാമ്പത്തികബാധ്യതകള്‍ ഉണ്ടായിരുന്നു. ചാനലില്‍ നിന്ന് ആദ്യം കിട്ടിയ വരുമാനം കൊണ്ട് ബാങ്ക് ലോണ്‍ അടക്കുകയാണ് ചെയ്തത്.

ആദ്യഘട്ടത്തിലൊന്നും മകന്‍ ഋത്വിക്കിനെ വീഡിയോയില്‍ ഉള്‍പ്പെടുത്താറില്ല. കാരണം കുട്ടികളെ കാണിക്കാന്‍ യൂട്യൂബില്‍ ചില നിബന്ധനകളുണ്ട്. എട്ടുമാസം മുമ്പാണ് അവന്‍ വീഡിയോയില്‍ വന്നുതുടങ്ങിയത്. 'ടോം ആന്‍ഡ് ജെറി' എന്ന ഷോര്‍ട്‌സ് വീഡിയോ സീരിസിലാണ് അവന്‍ സ്ഥിരമായി അഭിനയിക്കുന്നത്. ആ ഷോര്‍ട്‌സ് വീഡിയോകള്‍ വൈറലാണ്. 100 മില്യണ്‍ വ്യൂസ് വരെ കിട്ടിയ വീഡിയോകളുണ്ട്.  എല്ലാ ദിവസവും വീഡിയോകള്‍ പ്രീമിയര്‍ ചെയ്യാറുണ്ട്.''

എല്ലാം ഫോണിലാണ് 'ബ്രോ'

തങ്ങളുടെ കുടുംബമായാണ് യൂട്യുബ് ചാനലിനെ ഇവര്‍ കാണുന്നത്. അതുകൊണ്ട് കുടുംബത്തില്‍ ഇപ്പോള്‍ അഞ്ച് കോടി അംഗങ്ങളുണ്ടെന്ന് സന്തോഷത്തോടെ പറയുന്നു. വ്‌ളോഗിങ്ങിന്റെ ആദ്യ നാളുകളില്‍ കാഴ്ചക്കാരെ കിട്ടാതെ വന്നപ്പോള്‍ എല്ലാവരെയും പോലെ ഇവര്‍ക്കും മടുപ്പ് തോന്നിയിട്ടുണ്ട്. വീട്ടിലെ എല്ലാവരും ചേര്‍ന്ന് വ്‌ളോഗ് ചെയ്യുന്നതിന് ആദ്യഘട്ടത്തില്‍ പല കളിയാക്കലുകളും നേരിടേണ്ടി വന്നു.

placeholder
kl bro biju
Photo: instagram/ kl bro biju

''ആദ്യം കാഴ്ചക്കാരെ കിട്ടാതിരുന്നപ്പോള്‍ നിരാശ തോന്നിയിരുന്നു. ഇനി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് രണ്ടാഴ്ച വീഡിയോകള്‍ നിര്‍ത്തിവെച്ചു. എഴുതിവെച്ച കഥകളെല്ലാം എടുത്ത് മേശയിലിട്ട് പൂട്ടി. കൊവിഡ് കാരണം ബസിലും പണിയില്ലായിരുന്നു. എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. അപ്പോള്‍ കവിയാണ് പറഞ്ഞത് ''എന്തായാലും വെറുതെയിരിക്കുകയാണ്, നമുക്ക് ഈ പുസ്തകത്തിലുള്ള കഥകളോരോന്നും ചെയ്ത് നോക്കികൂടെ'' എന്ന്. അങ്ങനെ വീണ്ടും വീഡിയോകള്‍ ചെയ്യാനാരംഭിച്ചു. 

ഒരു ഡയറിപോലെയാണ് ഞങ്ങള്‍ ചാനലിനെ കാണുന്നത്. ജീവിതത്തില്‍ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളാണ് വീഡിയോകളാക്കുന്നത്. ഹോം ലോണുകളടക്കം കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. യൂട്യൂബില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ നിന്ന് ആ ബാധ്യതകളെല്ലാം നികത്തി. അതുപോലെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ നല്ല ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതും യൂട്യൂബ് വരുമാനം കൊണ്ടാണ്. കളിയാക്കലുകള്‍ ഞങ്ങളും നേരിട്ടിട്ടുണ്ട്. അത്തരം വാക്കുകള്‍ ആദ്യം വളരെ വേദനിപ്പിച്ചിട്ടുണ്ട്. പിന്നീട് അതെല്ലാം പോസിറ്റീവായി കണ്ടുതുടങ്ങി. 

ഇന്‍സള്‍ട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് പറയാറില്ലേ. ആന്‍ഡ്രോയിഡ് ഫോണിലാണ് വ്‌ളോഗുകള്‍ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. 1500 വീഡിയോകള്‍ ഇതിനകം ചെയ്തു. ഷൂട്ട് ചെയ്യാന്‍ കുറച്ചുകൂടി മികച്ച ക്യാമറ അടക്കമുള്ള  ഉപകരണങ്ങള്‍ വാങ്ങണമെന്നുണ്ട്. എന്നാല്‍ അതെല്ലാം ഉപയോഗിക്കാന്‍ അറിയാത്തതിന്റെ പരിമിതികൊണ്ടാണ് വാങ്ങാന്‍ മടിക്കുന്നത്. എല്ലാം പഠിച്ചെടുക്കണം. നമ്മുടെ വീഡിയോ കാണുന്ന ഓരോരുത്തര്‍ക്കും അതില്‍ നിന്ന് ചെറിയൊരു സന്തോഷം ലഭിക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. '

സ്വപ്നങ്ങള്‍ ബാക്കിയുണ്ട് 'ബ്രോ'

ഓരോ ദിവസം ആവശ്യമായ കണ്ടന്റുണ്ടാക്കുന്നത് ബിജുവാണ്. വീട്ടില്‍ അതിഥികളായി എത്തുന്നവരെ അടക്കം കഥാപാത്രങ്ങളായി മിക്കപ്പോഴും വീഡിയോകളില്‍ ഉള്‍പ്പെടുത്താറുണ്ട്. സിനിമയുടെ ഭാഗമാകണമെന്നത് ബിജുവിന്റെ ഏറെനാളായുള്ള സ്വപ്നമാണ്.  

''ഞങ്ങളുടെ ചാനല്‍ ശരിക്കും ഒരുകൂട്ടായ്മയാണ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, വീട്ടില്‍വരുന്ന അതിഥികള്‍ തുടങ്ങി ഓരോദിവസവും ഞങ്ങളുടെ വീട്ടിലെത്തുന്ന ഓരോരുത്തരും വീഡിയോകളിലും കഥാപാത്രങ്ങളായി ഉണ്ടാകാറുണ്ട്.ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നു എന്നതാണ് വ്‌ളോഗിങ് തുടങ്ങിയ ശേഷം വന്ന മാറ്റം. ബസ് ഡ്രൈവറായിരുന്ന സമയത്ത് പെട്ടെന്നൊരു പ്രതിസന്ധി വീട്ടിലുണ്ടായാല്‍ ലോണെടുക്കുക അല്ലെങ്കില്‍ എവിടെ നിന്നെങ്കിലും പണം കടം വാങ്ങുക എന്നതിനപ്പുറം ഒരുപോംവഴി ഉണ്ടായിരുന്നില്ല. ആയൊരു ജീവിതത്തില്‍ നിന്ന് ഇപ്പോള്‍ കരകയറി. മറ്റൊരു മാറ്റവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. 

മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ഒരിക്കലും വ്‌ളോഗില്‍ പറയാറില്ല. ആള്‍ക്കാരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ എല്ലാവരെയും വിളിച്ചിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുടെ സമയത്തായതിനാല്‍ പോവാനായില്ല. സിനിമയ്ക്ക് വേണ്ടി ചില ആശയങ്ങള്‍ കുറേക്കാലമായി മനസ്സിലിട്ട് നടക്കുന്നുണ്ട്. അതൊരു തിരക്കഥയാക്കി സിനിമയാക്കണം എന്നാണ് വലിയ സ്വപ്നം. അതിമോഹമാണോ എന്നറിയില്ല, എന്നെകൊണ്ട് അത് സാധിക്കുമോ എന്നും അറിയില്ല. തീര്‍ച്ചയായും  ശ്രമിച്ച് നോക്കും. എല്ലാവരുംകൂടി ഒരു വിദേശയാത്ര നടത്തണമെന്നുണ്ട്. അമ്മയടക്കം ഇതുവരെ വിമാനത്തില്‍ കയറിയിട്ടില്ല. ഓരോ ആഗ്രഹങ്ങളായി സാധിച്ചെടുക്കാം. കൂടെ നിന്ന് ഇവിടം വരെ എത്തിച്ച പ്രേക്ഷകര്‍ക്ക് നന്ദി. അവരില്ലെങ്കില്‍ ഞങ്ങളില്ല. ''

പറഞ്ഞ് പറഞ്ഞിരുന്നപ്പോള്‍ ക്ലോക്കില്‍ മണിക്കൂര്‍ സൂചി പലതവണ വട്ടം കറങ്ങി. വ്‌ളോഗ് ഷൂട്ട് ചെയ്യാനുള്ള സമയം അതിക്രമിച്ചു, സംസാരം ഇവിടെ അവസാനിക്കുന്നു, ഇനിയുള്ള കാര്യങ്ങള്‍ യൂട്യൂബില്‍ കെ.എല്‍. ബ്രോ ബിജു ഋത്വിക്കില്‍ കാണാം.  

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)