
കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. കിയാര അദ്വാനി, ശോഭിത ധൂലിപാല, ഉര്‍വശി റൗട്ടേല എന്നിവര്‍ തങ്ങളുടെ മനോഹരവും വ്യത്യസ്തവുമായ ഔട്ട്ഫിറ്റുകളിലൂടെ കൈയടി നേടി.
ഐവറി നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് ആദ്യ ദിനം കിയാര വന്നതെങ്കില്‍ രണ്ടാം ദിനം ഹോളിവുഡ് ക്ലാസിക് ലുക്കിലാണ് താരം ആരാധകരെ കൈയിലെടുത്തത്. കറുപ്പും പിങ്കും നിറങ്ങള്‍ ചേര്‍ന്ന കോര്‍സെറ്റ് ഗൗണ്‍ വളരെ മൃദുവായ സാറ്റിന്‍ തുണി കൊണ്ടാണ് ഡിസൈന്‍ ചെയ്‌തെടുത്തത്. ഓഫ് ഷോള്‍ഡര്‍ ആയിട്ടുള്ള നെക്ക്‌ലൈനും കറുപ്പ് നെറ്റ് തുണി കൊണ്ടുണ്ടാക്കിയ നീണ്ട ഹാന്‍ഡ് ഹ്ലൗസുകളും ഈ ഗൗണിനെ വ്യത്യസ്തമാക്കുന്നു. സാറ്റിന്‍ പിങ്ക് കോര്‍സെറ്റ് ലുക്കിലാണ് മുകള്‍ഭാഗം. താഴത്തെ ഭാഗം കറുപ്പ് വെല്‍വെറ്റില്‍ ഫിഷ് ടെയ്ല്‍ മാതൃകയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പിങ്ക് നിറത്തില്‍ സാറ്റിന്‍ തുണിയില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ഒരു ബൗ കൂടി ഗൗണിന്റെ പിന്നില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിങ് കമ്പനിയായ നെട്രെറ്റ് ടാസിറോഗ്ലുവാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. സ്റ്റോണ്‍ ഫിനിഷിങ്ങിലുള്ള നെക്ലേസും മോതിരവുമാണ് ഔട്ട്ഫിറ്റിനൊപ്പം താരം അണിഞ്ഞത്. ഹൈ ബണ്‍ ഹെയറും ന്യൂഡ് പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പും താരത്തിന് പുതിയ ലുക്ക് നല്‍കി. ലക്ഷ്മി ലെഹറും എല്‍സ് ഛത്രിയുമാണ് സ്റ്റൈലിസ്റ്റ്. ലേഖ ഗുപ്ത മേക്കപ്പും ചെയ്തു.
തൈ-ഹൈ സ്ലിറ്റുള്ള ഐവറി നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായാണ് ആദ്യ ദിനം കിയാരയെത്തിയത്. ഡീപ് ലെങ്തില്‍ കഴുത്തുള്ള ഈ ഔട്ട്ഫിറ്റിന് രണ്ട് വ്യത്യസ്തമായ സ്ലീവുകളാണ് നല്‍കിയിരുന്നത്. കഴുത്തില്‍ പിന്നിലേക്ക് നീണ്ടുകിടക്കുന്ന കേപ്പും വ്‌സ്ത്രത്തെ വ്യത്യസ്തമാക്കി. മുത്തുകള്‍ കൊണ്ടുള്ള നീണ്ട ഹാങ്ങിങ് കമ്മലുകളും മോതിരവും ഗോള്‍ഡന്‍ ഹാന്‍ഡ്കഫുമായിരുന്നു ആഭരണങ്ങള്‍. സിംപിള്‍ മേക്കപ്പാണ് ഈ സ്‌റ്റൈലിന് തിരഞ്ഞെടുത്തത്. മുടി ക്ലിപ്പുപയോഗിച്ച് കെട്ടിവെച്ചിരുന്നു. ഇതിനൊപ്പം വൈറ്റ് ഹീല്‍സും ധരിച്ചു. പ്രശസ്ത ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങായിരുന്നു ഈ ഔട്ട്ഫിറ്റിന് പിന്നില്‍.
സെക്‌സി ലുക്കില്‍ ശോഭിത ധൂലിപാലയും തന്റെ കാന്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി. ആദ്യ ദിനം പര്‍പ്പ്ള്‍ നിറത്തിലുള്ള കോര്‍ഡേലിയ കട്ട് ഔട്ട് ജംപ്‌സ്യൂട്ടിലാണ് താരം റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വി-നെക്ക്‌ലൈനുള്ള ജംപ്‌സ്യൂട്ടില്‍ നിറയെ സ്വീക്വിന്‍ വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. ഡിസൈനര്‍ നമ്രത ജോഷിപുരയാണ് ജംപ്‌സ്യൂട്ട് ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം വലിയൊരു റിങ്ങ് കമ്മല്‍ മാത്രമാണ് ആഭരണമായി അണിഞ്ഞത്. അഴിച്ചിട്ട ചുരുണ്ട മുടിയും പര്‍പ്പ്ള്‍ നിറത്തിലുള്ള ലിപ്സ്റ്റിക്കും ശോഭിതയെ കൂടുതല്‍ സെക്‌സിയാക്കി.
സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ ഹോട്ട് ലുക്കിലാണ് രണ്ടാം ദിനം താരം റെഡ് കാര്‍പ്പറ്റിലെത്തിയത്. തിളങ്ങുന്ന സ്വീക്വിനുകള്‍ തുന്നിപ്പിടിപ്പിച്ച ഈ ഗൗണ്‍ താരത്തിന്റെ ശരീരാകൃതി അതുപോലെ പകര്‍ത്തുന്നതായിരുന്നു. ബണ്‍ ഹെയര്‍സ്‌റ്റൈലിനും മിനിമല്‍ മേക്കപ്പിനുമൊപ്പം സ്വര്‍ണനിറത്തിലുള്ള ലെയേര്‍ഡ് മാലയും ഹാങ്ങിങ് കമ്മലുകളുമാണ് താരം ആഭരണങ്ങളായി ധരിച്ചത്.
ചുവപ്പ്, പിങ്ക്, നീല നിറങ്ങളിലുള്ള ഗൗണുകളിലാണ് മൂന്ന് ദിനങ്ങളും ഉര്‍വശി റൗട്ടേല വ്യത്യസ്തമാക്കിയത്. ഉദ്ഘാടന ദിനം അണിഞ്ഞ പിങ്ക് നിറത്തിലുള്ള 'ഫ്യൂഷ ലേസ് ഗൗണി'ന്റെ നെക്ക്‌ലൈന്‍ ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. പിങ്കും വെള്ളിയും നിറത്തിലുള്ള ക്രിസ്റ്റലുകള്‍ കൊണ്ടുണ്ടാക്കിയ ബ്രായുടെ ഡിസൈനോടു കൂടിയ കോര്‍സെറ്റായാണ് നെക്ക്‌ലൈന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലെബനനില്‍ നിന്നുള്ള പ്രശസ്ത ഡിസൈനര്‍മാരായ ഖാലെദ് ആന്റ് മര്‍വാനാണ് ഈ ഗൗണ്‍ തയ്യാറാക്കിയത്. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള ലേസ് ഗ്ലൗസും ഹൈ ഹീല്‍സും ഉര്‍വശി ധരിച്ചു. ഡയമണ്ട് ബ്രേസ്ലെറ്റും ഡയമണ്ട് ഡ്രോപ് ഇയര്‍റിങ്ങുമാണ് ആഭരണമായി അണിഞ്ഞത്. മിഡ് പാര്‍ട്ടിങ് ബണ്‍ സ്റ്റൈലില്‍ കെട്ടിയ മുടിയില്‍ സ്റ്റോണ്‍ സ്റ്റഡഡ് സ്‌റ്റേറ്റ്‌മെന്റ് ഹെയര്‍ബാന്റും ധരിച്ചിരുന്നു.
ചുവപ്പ് നിറത്തില്‍ മുങ്ങിക്കുളിച്ചാണ് താരം രണ്ടാം ദിനമെത്തിയത്. കോര്‍സെറ്റോട് കൂടിയ ഷിമ്മര്‍ ഗൗണ്‍ ഉര്‍വശിക്ക് ഹോട്ട് ലുക്ക് നല്‍കി. ഓഫ് ഷോള്‍ഡര്‍ നെക്ക്‌ലൈനോട് കൂടിയ ഗൗണിന് നൂഡ് ബേസിന് മുകളിലായി ചുവപ്പ് നിറത്തിലുള്ള സ്വീക്വിന്‍ ഡീറ്റെയ്‌ലിങ് നല്‍കിയിട്ടുണ്ട്. സാറ്റിന്‍ തുണി കൊണ്ടുണ്ടാക്കിയ വലിയ സ്ലീവുകളും ഇതിനോട് യോജിപ്പിച്ചുണ്ടാക്കിയ നീണ്ട ട്രെയ്‌നുമാണ് ഈ ഗൗണിന്റെ പ്രത്യേകത. മാലയും കമ്മലും ഒഴിവാക്കിയ താരം ഈ ഗൗണിനൊപ്പം ചുണ്ടിന്റെ ആകൃതിയിലുള്ള ക്ലച്ചും കൈയില്‍ പിടിച്ചിട്ടുണ്ട്. ചുവപ്പും സില്‍വറും നിറത്തിലുള്ള നിറയെ സ്വീക്വിന്‍ വര്‍ക്കുകള്‍ ഈ ക്ലച്ചില്‍ നല്‍കിയിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ഐ ഷാഡോയും നൂഡ് ലിപ്സ്റ്റിക്കും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ചുരുണ്ട മുടിപോലെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയ താരം മുടിയുടെ കുറച്ചുഭാഗം പിന്നില്‍ കെട്ടിവെച്ചു.ഡിസൈനര്‍മാരായ ഖാലെദ് ആന്റ് മര്‍വാനാണ് ഈ ഗൗണും തയ്യാറാക്കിയത്.
പോളിഷ് ഡിസൈനര്‍ സില്‍വിയ റൊമാന്യൂക് ഒരുക്കിയെടുത്ത കരിനീല നിറത്തിലുള്ള ഗൗണായിരുന്നു മൂന്നാം ദിനത്തില്‍ ഉര്‍വശിയുടെ ഔട്ട്ഫിറ്റ്. സൗരയൂഥത്തോടും ക്ഷീരപഥത്തോടും സാമ്യം തോന്നുന്ന രീതിയിലാണ് ഈ ഓഫ്‌ഷോള്‍ഡര്‍ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിങ്ക് നിറത്തില്‍ മീനിന്റെ ആകൃതിയിലുള്ള ഡയമണ്ട് ചോക്കറാണ് ഈ ഗൗണിനൊപ്പം ധരിച്ചത്. ഇതിനൊപ്പം സ്റ്റേറ്റ്‌മെന്റ് മോതിരവും വളകളും ഹൂപ്‌സ് മോഡല്‍ കമ്മലും ധരിച്ചു.
Content Highlights: kiara advani sobhita dhulipala urvashi rautela cannes 2024 red carpet looks
Published: 20 May 2024, 06:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented