ബോളിവുഡ് താരങ്ങളായ കങ്കണ റണൗട്ടും താപ്‌സി പന്നുവും തമ്മിലുള്ള ശീതയുദ്ധം മറനീക്കി പുറത്തേക്ക്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണയെക്കുറിച്ച് താപ്‌സി നടത്തിയ പരാമർശമാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ വീണ്ടും മാധ്യമശ്രദ്ധയിലെത്തിച്ചത്. കങ്കണയെ വളർത്തിയ രീതിയെക്കുറിച്ചായിരുന്നു താപ്‌സിയുടെ പരാമർശം. ഇതിനുമറുപടിയുമായി താപ്‌സിയുടെ കുടുംബ പശ്ചാത്തലത്തെയും മുംബൈയിലെ വാടകവീടിനെയും വരെ പരിഹസിച്ചാണ് കങ്കണ തിരിച്ചടിച്ചിരിക്കുന്നത്.

To advertise here,

തങ്ങൾ ഇന്നുവരെ നേരിൽ കണ്ടിട്ടുപോലുമില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താപ്‌സി വ്യക്തമാക്കുകയുണ്ടായി. 'ഒരാൾ സംസാരിക്കുന്ന രീതിയും വാക്കുകളും അവരുടെ കുടുംബത്തിൽ നിന്ന് ലഭിച്ച വളർത്തുമൂല്യത്തിന്റെ പ്രതിഫലനമാണ്' എന്നായിരുന്നു താപ്‌സിയുടെ പ്രതികരണം. ഈ പരാമർശമാണ് കങ്കണയെ പ്രകോപിപ്പിച്ചത്. ഇതോടെ കടുത്ത ഭാഷയിലുള്ള മറുപടിയുമായി കങ്കണ രംഗത്തെത്തി.

താപ്‌സിയുടെ പരാമർശം അങ്ങേയറ്റം തെറ്റും നിർഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ അവർ താപ്‌സി മാത്രമല്ല, നഗരങ്ങളിലെ വൃത്തിഹീനമായ സ്ഥലങ്ങളിൽ ഇരുണ്ട വാടക അപ്പാർട്ടുമെന്റുകളിൽ ചോദ്യം ചെയ്യപ്പെടേണ്ട പശ്ചാത്തലത്തിലും വരുമാനത്തിലും വളർന്ന പലരും തന്റെ കുടുംബപശ്ചാത്തലത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. തന്റെ മാതാപിതാക്കൾ രാജ്പുത് സമീന്ദാർ കുടുംബത്തിൽ നിന്നുള്ളവരാണെന്നും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ മാതാപിതാക്കളാൽ വളർത്തപ്പെട്ടവരുമാണെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്. ഒന്നിൽനിന്ന് തുടങ്ങുക എന്നുള്ളത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും അതിനെന്തിനാണ് തന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതെന്നും അവർ ചോദിക്കുന്നുണ്ട്. 'എവിടെ നിന്നാണ് ഈ അഹങ്കാരം വരുന്നത്? ജീസസ് സ്‌കൂൾ ഇംഗ്ലീഷ്?' എന്ന ചോദ്യത്തോടെയാണ് കങ്കണ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

2019 മുതലാണ് താപ്‌സിയും കങ്കണയും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. കങ്കണയുടെ സഹോദരി രംഗോലി താപ്‌സി പന്നുവിനെ കങ്കണയുടെ വിലകുറഞ്ഞ പകർപ്പ് എന്ന് പരിഹസിച്ചിരുന്നു. നെപോട്ടിസത്തെക്കുറിച്ച് സംസാരിക്കുന്ന സന്ദർഭത്തിൽ താപ്‌സി ഉൾപ്പെട്ട താരങ്ങളെ ബി-ഗ്രേഡ് താരങ്ങളെന്നാണ് കങ്കണ വിശേഷിപ്പിച്ചിരുന്നത്. ഇത് വലിയ വിവാദമായിരുന്നു.

ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലും താപ്‌സി ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 'ഞാൻ എപ്പോഴെങ്കിലും വഴക്കിട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. രണ്ടുപേർ ഏറ്റുമുട്ടുമ്പോവാണ് വഴക്ക് ഉണ്ടാകുന്നത്. ഞാൻ ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ല. നിങ്ങൾ തന്നെ പറയൂ - ഞാൻ അവൾക്കെതിരെ ഒരു വാചകമെങ്കിലും പറഞ്ഞിട്ടുണ്ടോ? അവളുടെ സഹോദരി എന്നെ വിലകുറഞ്ഞ പകർപ്പ് എന്നാണ് വിളിച്ചത്. അവരുടെയത്ര പണം ഞാൻ സമ്പാദിക്കാത്തതുകൊണ്ട് ഞാൻ വിലകുറഞ്ഞവളാണെന്ന് പറഞ്ഞു. അവർ അത്രയും മികച്ച നടിയാണെങ്കിൽ, അവരുടെ പകർപ്പ് എന്ന് വിളിക്കപ്പെടുന്നതിൽ എനിക്ക് പ്രശ്‌നമില്ല. എന്റെ ഏതെങ്കിലും പ്രസ്താവന നിങ്ങൾക്ക് എടുത്തുനോക്കാം, ഞാൻ അവൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.' എന്നായിരുന്നു അന്ന് താപ്‌സി പറഞ്ഞത്.