ബോളിവുഡ് നടി ജൂഹി ചൗളയും ബിസിനസുകാരനായ ജയ് മെഹ്ത്തയും 29-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ വിവാഹം വളരെ ലളിതമായി നടത്തിയതിനെ കുറിച്ചും അതിന് തന്നെ ഭര്‍ത്താവിന്റെ മാതാവ് സഹായിച്ചതിനെ കുറിച്ചും തുറന്നുപറയുകയാണ് ജൂഹി. ഇത്രയും ആര്‍ഭാടമായി വിവാഹം നടത്തേണ്ടെന്ന് താന്‍ ഒരു ദിവസം ജയിയുടെ അമ്മയെ വിളിച്ചുപറഞ്ഞുവെന്നും അവരോട് സംസാരിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് താന്‍ കരുഞ്ഞുവെന്നും ജൂഹി പറയുന്നു. അന്ന് ജൂഹിയുടെ അമ്മ റോഡപകടത്തില്‍ മരിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു.
'വിവാഹത്തിന് തൊട്ടുമുമ്പ് ഞാന്‍ എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്റ്റുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ അമ്മ മരിച്ചിട്ടാണെങ്കില്‍ ഒരു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. വിവാഹ തിയ്യതി നിശ്ചയിച്ചപ്പോള്‍ ഞാന്‍ എന്റെ അമ്മയെ കുറിച്ചാണ് ആലോചിച്ചത്. എനിക്കേറ്റവും പ്രിയപ്പെട്ട അമ്മയില്ലാതെ എന്ത് വിവാഹമെന്നായിരുന്നു എന്റെ മനസ് മുഴുവന്‍. എന്റെ കരിയറും അവസാനിക്കാന്‍ പോകുകയാണെന്ന് ഞാന്‍ പേടിച്ചു. ഒരു ദിവസം സഹിക്കാനാകാതെ ഞാന്‍ ജയിയുടെ അമ്മയെ വിളിച്ച് കരഞ്ഞു. വിവാഹം ലളിതമായി നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. അവര്‍ എല്ലാം കേട്ടശേഷം ഓക്കേ പറഞ്ഞു. വീട്ടുകാരെയെല്ലാം കാര്യങ്ങള്‍ ബോധിപ്പിച്ചു.
അപ്പോഴേക്കും രണ്ടായിരത്തോളം അതിഥികളെ വിവാഹത്തിന് ക്ഷണിച്ചു കഴിഞ്ഞിരുന്നു. വിവാഹം ഇപ്പോള്‍ നടത്തുന്നില്ലെന്ന് അവരെയെല്ലാം വിളിച്ചുപറഞ്ഞു. അങ്ങനെ അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഞങ്ങള്‍ വീട്ടില്‍വെച്ച് വിവാഹിതരായി. നൂറിന് അടുത്ത് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ ഭര്‍ത്താവിന്റെ അമ്മ ചെയ്തതുപോലെ മറ്റാരെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ക്ഷണിച്ച അതിഥികളോട് വിവാഹത്തിന് വരേണ്ടെന്ന് പറയുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചുനോക്കൂ.'-ഗുജറാത്തില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ജൂഹി പറയുന്നു.
'ചിക്കന്‍ കഴിക്കുന്ന പഞ്ചാബിയായിരുന്നു ഞാന്‍. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം അതിലെല്ലാം മാറ്റം സംഭവിച്ചു. ജയ് എന്നെ ഒരു പൂര്‍ണ വെജിറ്റേറിയനാക്കി മാറ്റി.' ജൂഹി കൂട്ടിച്ചേര്‍ക്കുന്നു.
1995-ലായിരുന്നു ജൂഹിയുടേയും ജയ് മെഹ്തയുടേയും വിവാഹം. ജാന്‍വി മെഹ്ത, അര്ജുന് മെഹ്ത എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഡ്യുപ്ലിക്കേറ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെത്തിയപ്പോഴാണ് ജൂഹിയുടെ അമ്മ മോന മരണപ്പെടുന്നത്. അന്ന് ജൂഹിക്കൊപ്പം ഷൂട്ടിങ്ങിനുപോയ മോനയ്ക്ക് അപകടം സംഭവിക്കുകയായിരുന്നു. ഇതുപോലെ ഒരു അപകടത്തിലാണ് ജയ് മെഹത്തയ്ക്കും ആദ്യ ഭാര്യയെ നഷ്ടപ്പെട്ടത്. 1990-ല്‍ നടന്ന ഒരു വിമാനപകടത്തിലായിരുന്നു ജയിയുടെ ഭാര്യ സുജാത ബിര്‍ള മരണപ്പെട്ടത്.
അന്ന് അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ ജൂഹിക്ക് ഏറ്റവും കൂടുതല്‍ ആശ്വാസം പകര്‍ന്നത് ജയ് ആയിരുന്നു. അതിനെ കുറിച്ച് മുമ്പ് ഒരു അഭിമുഖത്തില്‍ ജൂഹി ചൗള പറഞ്ഞിട്ടുണ്ട്. 'ഞാന്‍ പോകുന്നിടത്തെല്ലാം എനിക്ക് സമ്മാനങ്ങളുമായി അദ്ദേഹമുണ്ടാകുമായിരുന്നു. പൂക്കളും പ്രണയലേഖനങ്ങളും എനിക്ക് സമ്മാനിച്ചു. എന്റെ ഒരു പിറന്നാളിന് ഒരു ട്രക്ക് നിറയെ അദ്ദേഹം ചുവപ്പ് റോസാപ്പൂക്കള്‍ അയച്ചുതന്നു. ഇത്രയും റോസാപ്പൂക്കള്‍ കൊണ്ട് എന്തുചെയ്യാനാണ് എന്നാണ് ഞാന്‍ ആലോചിച്ചത്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു.'- ജൂഹി പറയുന്നു.
Content Highlights: juhi chawla refused to do grand wedding with jay mehta cancelled 2000 invites
Published: 04 Jul 2024, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented